Sunday, 28 November 2021

ഓര്‍മ


Text Formatted

തീവണ്ടിയോടിക്കൊണ്ടിരിക്കുംപാത
മുറിച്ചുകടക്കും പോലെ 

നവംബര്‍ ഒന്നിന് രാവിലെ ഉറക്കത്തില്‍ അബുദാബിയിലെ താമസസ്ഥലത്തുവെച്ച്​ മരിച്ച കവി ടി.എ. ശശിയുടെ കാവ്യജീവിതത്തിലൂടെ സഞ്ചരിക്കുകയാണ്​ സുഹൃത്ത്​ വി. മുസഫർ അഹമ്മദ്​

Image Full Width
Image Caption
ടി.എ ശശി
Text Formatted

മുഖാമുഖം നില്‍ക്കുന്ന രണ്ടു കണ്ണാടികള്‍.
അവയിലൊന്നില്‍ മനുഷ്യ ശരീരം. മറ്റേതില്‍ മരണവും.
ശരീരത്തിന്റെ ഇച്ഛകളും മരണത്തിന്റെ ജീര്‍ണതയും ഒരേ പോലെ പ്രതിബിംബിക്കപ്പെടുന്നു.
രണ്ടു കണ്ണാടികള്‍ക്കിടയില്‍ ഇടക്കിടെ ഒരു മ്യൂസിക്ക് കണ്ടക്ടറെപ്പോലെ കവി പ്രത്യക്ഷപ്പെടും. രണ്ടു കണ്ണാടികളിലേക്കും തന്നെ പ്രതിഫലിപ്പിക്കും.
കുറച്ചു സമയം മാത്രം...
കണ്ണാടിയില്‍ പ്രതിഫലിപ്പിച്ചത് കുറച്ചു നാള്‍ കഴിയുമ്പോള്‍ വാക്കുകളാകും. മുഖാമുഖം നില്‍ക്കുന്ന കണ്ണാടികളില്‍ പിന്നെ കാണുക വാക്കുകളാണ്.
കവി ഇടക്കാലം പിന്നിട്ട് വീണ്ടും അവക്കിടയില്‍ വന്നു നില്‍ക്കും.
പുതിയ വാക്കുകള്‍, കവിതകള്‍ അതേ കണ്ണാടിയില്‍ നാം വായിച്ചു തുടങ്ങും.

ടി.എ.ശശിയുടെ അതിസൂക്ഷ്മമായ കാവ്യലോകത്തെക്കുറിച്ചോര്‍ക്കുമ്പോഴൊക്കെ ഇത്തരമൊരു വിചാരം, ദൃശ്യം ബോധത്തിലേക്ക് വരും. ജീവന്‍ നിലച്ചിട്ടും അനക്കം നിലക്കാത്ത വാലിലേക്ക് നോക്കിയിരുന്ന് ലോകത്തോട് സംസാരിക്കുകയായിരുന്നു ടി.എ. ശശി എന്ന കവി. 

ഒരു പക്ഷെ ശശി വരച്ചിരുന്നെങ്കില്‍ അയാളുടെ കവിതകളില്‍ കാണുന്ന മരണത്തെ നോക്കിനില്‍ക്കുന്ന മനുഷ്യശരീരങ്ങളുടെ ഒരു പരമ്പര തന്നെ ക്യാന്‍വാസുകളില്‍ സൃഷ്ടിക്കപ്പെടുമായിരുന്നു.

ഭൂതകാലം കൊണ്ട് കൊത്തേല്‍ക്കാത്ത ഇടങ്ങളില്ല.
ചത്തെന്നു വിചാരിക്കുമ്പോഴും അനങ്ങുന്ന 
നാഗവാലാകുന്നു ഭൂതകാലം;
ഭൂതകാലത്തിനു
നാഗപൂജ ചെയ്യുന്നു ഞാന്‍.

(നാഗപൂജ )

ശരീരം ശശിയുടെ മുഖ്യപ്രമേയമായിരുന്നു. തുടക്കം മുതല്‍ അതു കാണാം. ചിത്രകല പഠിച്ചെങ്കിലും അയാള്‍ ചിത്രകാരനാകാന്‍ ഒരര്‍ഥത്തില്‍ ഭയന്നു. ഫൈന്‍ആര്‍ട്‌സ് കോളേജില്‍ സഹപാഠികളായിരുന്നവരില്‍ പലരും നിത്യജീവിതത്തിനു വഴിയില്ലാതെ അനുഭവിച്ച സങ്കീര്‍ണതകള്‍ ശശിയെ ചിത്രകലയുമായി ജീവിക്കുക എന്ന സങ്കല്‍പ്പത്തില്‍ നിന്നും പാടെ അകറ്റി. ഒരു പക്ഷെ ശശി വരച്ചിരുന്നെങ്കില്‍ അയാളുടെ കവിതകളില്‍ കാണുന്ന മരണത്തെ നോക്കിനില്‍ക്കുന്ന മനുഷ്യശരീരങ്ങളുടെ ഒരു പരമ്പര തന്നെ ക്യാന്‍വാസുകളില്‍ സൃഷ്ടിക്കപ്പെടുമായിരുന്നു. മനുഷ്യശരീരത്തിന്റെ ഭാവനാദേശത്തില്‍ വന്ന മാറ്റങ്ങളെ കുറച്ചു കാലം മുമ്പ് അദ്ദേഹം ഇങ്ങനെ രേഖപ്പെടുത്തി. 

പണ്ടൊക്കെ
തീവ്രവാദികള്‍
ഉടലില്‍ നിന്ന്
തലവെട്ടിയെടുക്കുമ്പോള്‍
ശങ്കിച്ചിരുന്നോ ദൈവത്തെ,
പാപപരിഹാര്‍ഥം 
പുഴയില്‍ മുങ്ങിയിരുന്നോ?
പിന്നെപ്പിന്നെ 
എത്ര പെട്ടെന്നാണ്
ഡിജിറ്റല്‍ റിവര്‍ വന്നു
പഴയതെല്ലാം ഒഴുക്കിയത്.
ക്യാമ്പിലിരുന്ന് തീവ്രനാഥന്‍
പഠിപ്പിക്കുന്നു.
ഉടലിനെ പടമായ് കാണുക
ഡിജിറ്റല്‍ ബോഡിയായ്;
പ്രസ്സ് വണ്‍ തലയെടുക്കുന്നു
പ്രസ്സ് ടു ബാക്കിയും
ഡിലീറ്റഡ്.
അവര്‍ കൂട്ടംകൂടി
ചിരിക്കുമ്പോള്‍ 
വായുവിന്‍
കണികക്കാട്ടില്‍ 
അക്കങ്ങളില്ലാതെ
ആത്മാക്കള്‍

(ഡിജിറ്റല്‍ ബോഡി )

ശരീരത്തിന്റെ ആനന്ദങ്ങളെ പകര്‍ത്താന്‍ ഈ കവി മടിച്ചു. എല്ലാ ആനന്ദങ്ങള്‍ക്കും ശേഷം ഒരു നാള്‍ ജീര്‍ണിക്കേണ്ട മനുഷ്യശരീരം അയാളെ വേട്ടയാടി. ഭൂമിയിലെ അവസാനത്തെ മനുഷ്യനെ ആരു സംസ്കരിക്കും എന്ന ചോദ്യം ഈ കവിതകളില്‍ ഉയര്‍ന്നു. ശരീരത്തിന്റെ സംസ്ക്കാര വിസ്തൃതിയില്‍ നിന്നു കൊണ്ടു തന്നെ അതിന്റെ ജീര്‍ണ വ്യസനങ്ങളെ ആവിഷ്‌ക്കരിച്ച കവിയായിരുന്നു ശശി. മനസ്സുകൂടി പ്രവര്‍ത്തിക്കുന്ന മനുഷ്യ ശരീരം കൊണ്ട് മറ്റു വിതാനങ്ങളിലേക്കും അയാള്‍ വായനക്കാരെ കൊണ്ടു പോയി.

T.A sasi
ടി.എ.ശശിയുടെ ഏക കവിതാ സമാഹാരം ചിരിച്ചോടും മല്‍സ്യങ്ങളേ! കവര്‍

ഏതൊരനുസരണക്കാരനും
ഒരിക്കലെങ്കിലും
കയറു പൊട്ടിക്കും.
കടലെത്രകാലം
മല്‍സ്യങ്ങള്‍ക്കുവേണ്ടി
തണുത്തു കിടക്കും
ചൂടുവെള്ളത്തിലൊന്നു മേല്‍
കഴുകാന്‍ കടലും
കൊതിക്കില്ലേ.
പ്രളയത്തില്‍ ചിരിച്ചോടും
മല്‍സ്യങ്ങളെ നിങ്ങള്‍
എന്തു ചെയ്യും അപ്പോള്‍?

(ചിരിച്ചോടും മല്‍സ്യങ്ങളേ )

ജ്ഞാനോദയത്തെക്കുറിച്ച് നാട്ടാനയേയും കാട്ടാനയേയും കൂട്ടുപിടിച്ച് ശശി ചോദിച്ചു: 
കാട്ടാനയുടെ 
മുഖമല്ലെന്നു 
തോന്നുന്നു നാട്ടാനക്ക്.
ഉള്ളില്‍ 
കാടൊതുക്കുന്നതിനാല്‍ 
നാട്ടാനയോളം നിശ്ശബ്ദത ആര്‍ക്കുമില്ല.
നാട്ടാനക്ക് ജ്ഞാനിയുടെ മുഖമുണ്ട്; 
കണ്ടതൊക്കെയും ഇനി കാണില്ലെന്ന് 
തോന്നുമ്പോള്‍ ജ്ഞാനോദയം വന്നതാണോ?

(നാട്ടാന).

മറ്റു പ്രമേയങ്ങളെന്നു തോന്നിക്കുന്ന കവിതകളിലേക്ക് വായനക്കാരെ കൊണ്ടു പോയ ശേഷം തന്റെ കേന്ദ്രപ്രമേയത്തിലേക്ക് അയാള്‍ മടങ്ങിക്കൊണ്ടേയിരുന്നു. ഇതുപോലെ: 
ഒരു മരത്തില്‍ നിന്ന്
അനേകം ഇലകള്‍ പോലെ
ഒരു മനുഷ്യനില്‍ നിന്ന്​
എത്ര നാക്കുകളാണ്?
അച്ചടക്കമില്ലായ്മയെ
കുറിച്ച് കോപിക്കുമ്പോള്‍
അടിയന്തിരാവസ്ഥയെ സ്തുതിച്ച്​;
രാജ്യം സേച്ഛാധിപത്യത്തിലേക്കെന്ന്
സംശയം വരുമ്പോള്‍ 
എമര്‍ജന്‍സിപ്പിരിയഡിനെ
ഓര്‍മിപ്പിച്ച്​...
ഇയാളിനി മരിക്കുമ്പോള്‍
നാക്കിനൊരു ജഡം
എന്ന കണക്കില്‍
എത്ര ജഡങ്ങളായിരിക്കും. 
ഏതേതിടങ്ങളില്‍
എത്ര നേരങ്ങളില്‍
സംസ്കരിക്കും
ഇത്രയും?

(ഒരാള്‍ക്ക് എത്ര ജഡങ്ങളാണ്).
ശരീരവും അവയവങ്ങളും വെച്ചുള്ള സാംസ്ക്കാരിക പഠനം പോലുള്ള ഒന്നാണ് ഈ കവിത. 

മറ്റൊരു കവിത ഇങ്ങനെ:
ഇന്ദ്രിയങ്ങള്‍
ഇല്ലാതാകുന്ന
നിമിഷമാണോ
നിശ്ശബ്​ദത.
രണ്ടു നിശ്ശബ്​ദതകള്‍
കൂട്ടിമുട്ടുമ്പോള്‍ 
രണ്ടു വിരല്‍ത്തുമ്പുകള്‍
തൊട്ടു നില്‍ക്കും.
വ്യാവസായികാടിസ്ഥാനത്തില്‍
നിശ്ശബ്​ദതകള്‍
ഉല്‍പ്പാദിപ്പിച്ചെടുക്കുമ്പോള്‍
കമ്പോളത്തില്‍ 
എന്തുമാത്രം
വിരലുകള്‍.

(വിരലുകള്‍).

ജീവിതം മുറിച്ചു കടക്കാന്‍ ശ്രമിക്കുന്ന പാതകളെ കവി ഇങ്ങനെ രേഖപ്പെടുത്തുന്നു:
ചില നേരങ്ങളെ
കടന്നു പോവുകയെന്നത്
തീവണ്ടിയോടിക്കൊ-
ണ്ടിരിക്കും പാതയെ
മുറിച്ചു കടക്കും പോലെയാണ്.
മുറിച്ചേ തീരൂ
തിരിഞ്ഞു നോക്കുമ്പോള്‍
ചക്രപ്പാടുകള്‍ 
മുതുകിലില്ലെങ്കിലും 
രക്തത്തിലെന്തോ
കുഴഞ്ഞു പിടിച്ച പോലെ
എത്ര നേരങ്ങളെ
ഒരാള്‍ ഇതു പോലെ
ഒരേ നേരം
എത്ര പാതകള്‍ 
നിന്റെ ജീവിതം പോലെ

(നിന്നെപ്പോലെ). 

അധികം ഇടവേളകളില്ലാതെ ശശി തന്റെ കേന്ദ്ര പ്രമേയത്തിലേക്ക് മടങ്ങിവരികയോ പുനഃസന്ദര്‍ശനം നടത്തുകയോ ചെയ്തുകൊണ്ടിരുന്നു:
ശ്മശാനം കത്തിച്ച്
വെളിച്ചമുണ്ടാക്കുന്ന 
ലോകമേ നിനക്കെന്നും
പുതിയ വിറകുകള്‍... 
ഒരിക്കല്‍ കത്തിയ വിറകു
പിന്നെ വരുന്നതേയില്ല... 
നിനക്കു മാത്രം 
ചാര്‍ത്തപ്പെട്ടിരിക്കുന്നു 
ഈ കൗതുകം...
കത്തി കത്തി 
നിത്യവുമാരൊക്കെയോ 
ആകാശം തുളച്ച് 
പിന്നെയും പിന്നെയും
ഉയരങ്ങള്‍ 
കുഴിച്ചു പോകുന്നുണ്ട്...
അവര്‍ തീര്‍ക്കും
കുഴികളില്‍ നിന്നും 
വലിച്ചിടുന്നു 
മേഘങ്ങളെ 
എവിടെയൊക്കെ
ചരിഞ്ഞിട്ടാലും 
തീരാത്തത്ര
മേഘങ്ങളെ 
മേഘങ്ങളില്‍ നോക്കി
കൈപ്പാടുകള്‍
തിരയുന്നുമുണ്ട്
ഭൂമിയില്‍ നിന്നും
ചിലര്‍.

(ഭൂമിയില്‍ നിന്നും ചിലര്‍)

കോവിഡ് എല്ലാ യാത്രാ വഴികളും അടച്ചിടുകയും പിന്നീട് പതുക്കെപ്പതുക്കെ തുറന്നു തുടങ്ങുകയും ചെയ്ത ആദ്യഘട്ടത്തില്‍ ശശി നാട്ടില്‍ വന്നിരുന്നു. നാട്ടിലേക്ക് അതിദീര്‍ഘമായ ഒരിടനാഴിയിലൂടെ നടന്നു വന്നതു പോലെ തോന്നിയെന്നാണ് ആ യാത്രയെക്കുറിച്ച് ഈ കവി സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞത്.

ശശിയുടെ ഏക സമാഹാരം  ‘ചിരിച്ചോടും മല്‍സ്യങ്ങളേ!’ ക്ക്​ കവി പി.എ. നാസിമുദ്ദീന്‍ എഴുതിയ അവതാരികയിലെ ഒരു നിരീക്ഷണം ഇങ്ങനെയാണ്: 
‘‘മൃത്യുവിലേക്കും ജഢരൂപങ്ങളിലേക്കും മാത്രമല്ല ഈ കാവ്യലോകത്തില്‍ മനുഷ്യരൂപങ്ങള്‍ സഞ്ചരിക്കുന്നത്. മരണാനന്തരവും അവ പുതിയ അസ്തിത്വ രൂപങ്ങള്‍ കൈക്കൊള്ളുന്നു.’’ 
ജീവിതത്തിനു തന്നെ മരണത്തിനു ശേഷമുണ്ടാകുന്ന മറ്റൊരു ജീവിതത്തെക്കുറിച്ചാണ് ഈ കവി അന്വേഷിച്ചു കൊണ്ടിരുന്നതെന്ന ഈ നിരീക്ഷണം ശശിയുടെ കവിതകളിലേക്കുള്ള ശരിയായ തുറസ്സുകളിലൊന്നാണ്. 
നാസിമുദ്ദീന്‍ ശശിയുടെ കാവ്യലോകത്തെ ഇങ്ങനെക്കൂടി അവതരിപ്പിക്കുന്നു:
‘‘താരള്യവും പേലവുമായ വികാരങ്ങള്‍ക്കുപകരം ഒരു തരം നിസ്സംഗമായ പ്രബുദ്ധതയും, അലസമായ ലാളിത്യത്തിനു പകരം സങ്കീര്‍ണതയും ശബ്ദായമാനമായ പ്രകടനതകള്‍ക്കു പകരം ഉള്‍വലിഞ്ഞു നില്‍ക്കുന്ന മൗനവും ഈ കവിതകള്‍ പ്രകടിപ്പിക്കുന്നു. ആഗോളവല്‍ക്കരണവും ആസുരമായ സാങ്കേതിക വിദ്യയും അധികാരരൂപികളായ ഭരണകൂടങ്ങളുമൊക്കെ ജഡിക രൂപത്തിലേക്ക് മാറ്റിത്തീര്‍ത്ത വര്‍ത്തമാന കാല മനുഷ്യനാണ് ഈ കവിതകളുടെ മുഖ്യപ്രമേയം. തന്റെ സ്വത്വത്തിന്റെ സ്വച്ഛന്ദവും സ്വതന്ത്രവുമായ ആവിഷ്‌ക്കാരം സാധ്യമാകാതെ നിശ്ശബ്ദതകളിലേക്കും ഓര്‍മകളുടെ ഭമായ അടരുകളിലേക്കും പിന്‍വലിയുന്ന അവന്റെ വിറയാര്‍ന്ന പാദമുദ്രകളായി ഈ കവിതകളെ നോക്കിക്കാണാം. നിശ്ശബ്ദത, ഓര്‍മ, ജഡം, സര്‍വ്വനാശത്തിന്റെ ഉദ്വേഗം എന്നിങ്ങനെ തന്റെ കാവ്യലോകത്തിന്റെ ആവര്‍ത്തിച്ചു വരുന്ന നാല് അടിസ്ഥാന ചിങ്ങളിലൂടെ സമകാലീന ജീവിതത്തിന്റെ  രുഗ്ണമായ ഭീഷണാവസ്ഥ കവി വരച്ചിടുന്നു.’’

സമാഹാരത്തിനു ശേഷം വിവിധ പ്രസിദ്ധീകരണങ്ങളിലായി ശശി എഴുതിയ കവിതകള്‍ വായിക്കുമ്പോള്‍ ജഡം/ജീര്‍ണത എന്ന തന്റെ കേന്ദ്രപ്രമേയത്തില്‍ സമ്പൂര്‍ണ്ണ അഭയം തേടിയ കവിയെ കാണാന്‍ കഴിയും. പല നിലയില്‍ ഈ പരിശോധന ആവര്‍ത്തിച്ച് നടത്തുന്ന കവിതാവഴിയായി അതു നമ്മുടെ സാഹിത്യ ചരിത്രത്തില്‍ നില നില്‍ക്കുന്നു/ പ്രവര്‍ത്തിക്കുന്നു. 

T.A sasi
കവിയുടെ നാടായ തൃശൂര്‍ ചെന്ത്രാപ്പിന്നി ചാമക്കാല ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നവംബര്‍ നാലിനു നടന്ന ടി.എ. ശശി അനുസ്മരണം.  

ശശി നവംബര്‍ ഒന്നിന് രാവിലെ ഉറക്കത്തില്‍ അബുദാബിയിലെ താമസസ്ഥലത്തു നിന്നുമുണര്‍ന്നില്ല. 55-ാം വയസ്സില്‍ ഈ ലോകം വിട്ടുപോയി. കോവിഡ് എല്ലാ യാത്രാ വഴികളും അടച്ചിടുകയും പിന്നീട് പതുക്കെപ്പതുക്കെ തുറന്നു തുടങ്ങുകയും ചെയ്ത ആദ്യഘട്ടത്തില്‍ ശശി നാട്ടില്‍ വന്നിരുന്നു. നാട്ടിലേക്ക് അതിദീര്‍ഘമായ ഒരിടനാഴിയിലൂടെ (ഇരുപുറവും ജനനവും മരണവും നടന്നു കൊണ്ടിരുന്ന) നടന്നു വന്നതു പോലെ തോന്നിയെന്നാണ് ആ യാത്രയെക്കുറിച്ച് ഈ കവി സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞത്. ആ യാത്രയെക്കുറിച്ചുള്ള വിശദീകരിച്ചുള്ള പറച്ചിലില്‍ മനുഷ്യവംശം ജഡത്വത്തിലേക്ക് പോവുകയാണെന്ന ഭീതി തന്നെ പിടികൂടിയതായും അദ്ദേഹം പറഞ്ഞു. ഇന്ന് ശശിയുടെ കവിതകള്‍ വായിക്കുമ്പോള്‍ ശരീരത്തെ വിട്ടൊഴിയുന്ന ആനന്ദത്തിന്റെ നിരവധി അധ്യായങ്ങളെ നാം അഭിമുഖീകരിക്കുന്നു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടു കാലത്തെയെങ്കിലും കേരളീയ മനുഷ്യജീവിതത്തിന്റെ പല തട്ടുകളിലായി വന്ന്​ ചേക്കേറിയ നിരവധി സങ്കീര്‍ണതകളെ  നേരിടുകയായിരുന്നു ഈ കവി. പ്രാദേശികതയുടെ എല്ലാ അടയാളങ്ങളേയും ആഗോള- ഉപരിലോകവല്‍ക്കരണം മൂടിക്കഴിഞ്ഞുവെന്ന തോന്നല്‍ ശക്തമായിരുന്ന കാലത്ത് സാങ്കേതിക തുറന്നു കൊടുത്ത ബ്ലോഗ് എന്ന പ്ലാറ്റ്ഫോമിലൂടെ (എരകപ്പുല്ല് എന്നായിരുന്നു ശശിയുടെ ബ്ലോഗിന്റെ പേര്) അയാള്‍ മറ്റു നിരവധി പേരെയെന്ന പോലെ മലയാളത്തിേന്റയും കവിതയുടേയും ഒരേ നിലയില്‍ പ്രാദേശികവും അതോടൊപ്പം നിരവധി ലോകാംശങ്ങള്‍ ഉള്‍ച്ചേരുകയും ചെയ്ത രചനകള്‍ സാധ്യമാക്കി. അതിദീര്‍ഘമായ കവിതകള്‍ എഴുതിയില്ല. മിക്കപ്പോഴും ചെറിയ ചെറിയ കവിതകള്‍. 
സാധാരണ ഗതിയിലും നീളം കൂടുതലുള്ള ഒരു കവിതയില്‍ അയാള്‍ ഇങ്ങനെ എഴുതി: 

പരാജയം ഒരു പാതയാണ്
എവിടെ തീരുമെന്നറിയില്ല;
വേറൊരു പാതയോടും
ഉപമയുമില്ല.
മാതൃരാജ്യത്തോ
അയല്‍രാജ്യത്തോ
തീവണ്ടിപ്പാത അവസാനിക്കുന്നു.
പരാജിതരുടെ തീവണ്ടി
അതിര്‍ത്തികള്‍ ഭേദിക്കുന്നു.
ഒരു തീവണ്ടി മുറിയിലാണ്
നിന്നെ അവസാനമായി കണ്ടത്.
അതില്‍പ്പിന്നെയാണ്
എന്റെ തീവണ്ടിക്കും അതിര്‍ത്തിയില്ലാതായത്​.
നിത്യവും തീവണ്ടിയില്‍ പോകുന്ന നീ
ഒരു ദിനം ഇറങ്ങുന്നേരം കാലുറയ്ക്കാതെ
പ്ലാറ്റ്ഫോമില്‍ വീണുരുണ്ട് 
നെഞ്ചുപാളി തകരും
മരിക്കും. 
പരാജിതരുടെ തീവണ്ടിയില്‍
നിത്യയാത്രികനാണ് ഞാനിപ്പോള്‍
ലോകം അടച്ചിട്ട മുറിയാണെങ്കില്‍ 
എന്റെ തീവണ്ടി അതിലും നില്‍ക്കില്ല;
പുതിയ മുറികളിലൂടെ പിന്നേയും ഓടും.
തെന്നിമറയാതെ
മരണമെത്താതെ 
പരാജിതരുടെ തീവണ്ടി
ഓടിക്കൊണ്ടേയിരിക്കുന്നു.

മലയാളിയുടെ തൊഴില്‍ പ്രവാസത്തെ ഇവ്വിധം ആവിഷ്‌ക്കരിച്ച മറ്റു കവിതകള്‍ അധികമുണ്ടാകാനിടയില്ല. ജഡസമാനം എന്ന തുടര്‍ ബിംബാവലി ശശിക്ക് ലഭിച്ചത് മരണമെത്താത്തിനാല്‍ പരാജിതരായി തന്നെ തുടര്‍ന്നു കൊണ്ടിരുന്നവരുടെ തീവണ്ടി മുറികളില്‍ നിന്നായിരുന്നു.


​​​​​​​വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന വിലാസത്തിലേക്ക് അയക്കാം.​​​​​​​

വി. മുസഫർ അഹമ്മദ്​

കവി, വിവർത്തകൻ, യാത്രികൻ, മാധ്യമപ്രവർത്തകൻ. മരുഭൂമിയുടെ ആത്മകഥ, മരുമരങ്ങൾ, മരിച്ചവരുടെ നോട്ടുപുസ്​തകം, കുടിയേറ്റക്കാരന്റെ വീട്​ തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Audio

PLEASE USE TRUECOPY WEBZINE APP FOR BETTER READING EXPERIENCE.

DOWNLOAD IT FROM