Wednesday, 29 March 2023

ഓൺലൈൻ, ഓഫ്​ലൈൻ


Text Formatted

ഓണ്‍ലൈന്‍  വിദ്യാഭ്യാസം
ഒരു പഴങ്കഥയുടെ ഓര്‍മ

ഡിജിറ്റല്‍ ഡിവൈഡിനെക്കുറിച്ച് പറഞ്ഞു തുടങ്ങി ഫോക്കസ് ഏരിയയില്‍ അവസാനിച്ചിരിക്കുകയാണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസ ചര്‍ച്ചകള്‍. വിദ്യാര്‍ഥികളുടെ മാനസികവും സാമൂഹികവുമായ ജീവിതത്തെ അതെങ്ങനെ സ്വാധീനിച്ചു, പ്രത്യാഘാതങ്ങള്‍ എന്തൊക്കെ എന്നൊന്നും വേണ്ടതുപോലെ അന്വേഷിക്കപ്പെട്ടില്ല

Image Full Width
Text Formatted

വീണ്ടുമൊരു ജൂണ്‍.
കൊറോണയുടെ മൂന്നാമതൊരു തരംഗമുണ്ടാകില്ലെന്ന ശുഭപ്രതീക്ഷയില്‍, ഇക്കുറിയെങ്കിലും നേരംവണ്ണമുള്ള അധ്യയനവര്‍ഷം ആരംഭിക്കാന്‍ പോകുന്നുവെന്നതിന്റെ ആഹ്ലാദത്തിലാണ്  വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും. സ്‌കൂള്‍ തുറക്കുന്നതിന്​ തയ്യാറെടുപ്പ്​ പൂര്‍ത്തിയായിക്കഴിഞ്ഞതായി സ്‌കൂള്‍ അധികൃതരും വിദ്യാഭ്യാസവകുപ്പുമെല്ലാം അറിയിക്കുകയും ചെയ്യുന്നുണ്ട്. പ്രവേശനോത്സവം ഗംഭീരമാക്കാനുള്ള ഓട്ടത്തിലാണ് മിക്ക അധ്യാപകരും. 

കഴിഞ്ഞ അധ്യയനവര്‍ഷത്തിന്റെ ഒടുവില്‍ കുറച്ചു കാലത്തേയ്ക്ക്  വിദ്യാലയങ്ങള്‍ തുറക്കാന്‍ കഴിഞ്ഞെങ്കിലും പരീക്ഷയ്ക്കുമുമ്പുള്ള തിടുക്കത്തോടെ എന്തൊക്കെയോ വാരിവലിച്ച് ചെയ്തുകൂട്ടി  എന്നല്ലാതെ, സാവകാശത്തോടെ പഠിക്കാനോ പഠിപ്പിക്കാനോ പറ്റാത്ത അവസ്ഥയിലാണ്  അത്​ അവസാനിച്ചത്. മധ്യവേനലവധിക്കാലത്ത്  അധ്യാപകര്‍ സ്‌കൂളിലും കോളേജിലും വരേണ്ടതില്ലാത്ത സാഹചര്യത്തില്‍ വീട്ടില്‍തന്നെയിരുന്ന് ഓണ്‍ലൈന്‍ ക്ലാസ്​ സംഘടിപ്പിച്ചാല്‍ മതിയെന്നായിരുന്നു സര്‍ക്കാരും സര്‍വകലാശാലയും ആദ്യം പറഞ്ഞിരുന്നത്. പക്ഷേ, പതിവിനു വിരുദ്ധമായി പ്ലസ് ടു മുതല്‍ യൂണിവേഴ്‌സിറ്റി തലം വരെയുള്ള പല വിദ്യാഭ്യാസസ്ഥാപനങ്ങളും  ഈ വേനലവധിക്കാലത്തും പ്രവര്‍ത്തിക്കുകയും അധ്യാപകര്‍ ഓഫ്​ലൈൻ  ക്ലാസുകളെടുക്കുകയും ചെയ്തു. കഴിഞ്ഞ അധ്യയനവര്‍ഷത്തില്‍ പഠിച്ചുതീരാത്ത പാഠങ്ങള്‍ കുറെയൊക്കെ തീര്‍ക്കാനും അതിലൂടെ സാധിച്ചു. അവധിക്കാലത്ത്  പ്ലസ് ടുകാര്‍ക്കും ചില ബാച്ചുകളില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷകളായിരുന്നു. പല സ്‌കൂളുകളിലും ഈ സമയത്ത്  പരീക്ഷാക്യാമ്പുകളും നടന്നു.
ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ  മഹത്വത്തെക്കുറിച്ച്  പറഞ്ഞുനടന്നവരൊന്നും മധ്യവേനലവധിക്കാലത്ത് രണ്ടുമാസത്തേക്കെങ്കിലും ഓണ്‍ലൈനില്‍ പഠിപ്പിച്ചാല്‍ മതിയെന്ന് പറയുന്നത് കേട്ടില്ല. ഈ സമയത്ത് ചില അധ്യാപകര്‍  ഓണ്‍ലൈന്‍ ക്ലാസുകളെടുത്തിരുന്നുവെങ്കിലും അവര്‍ക്കാര്‍ക്കും പഴയ ആവേശമോ ഉത്സാഹമോ ഇല്ലായിരുന്നുവെന്നുമാത്രം. ഗൂഗിള്‍ മീറ്റും സൂമുമൊക്കെ എത്രപെട്ടന്നാണ് ഉപേക്ഷിക്കപ്പെടുന്നത്. ഇപ്പോള്‍ വല്ലപ്പോഴും നടക്കാറുള്ള വെബിനാറുകളില്‍ പോലും വിദ്യാര്‍ത്ഥികള്‍ക്ക് താല്പര്യം നഷ്ടപ്പെട്ടുപോയി. വിദേശത്തും വിദൂരസ്ഥലങ്ങളിലുമുള്ള വിഷയവിദഗ്ധരെ സംഘടിപ്പിച്ച് വളരെ നന്നായി നടന്നിരുന്ന വെബിനാറുകളുടെ എണ്ണം തീരെ കുറഞ്ഞുപോയി.

learning

യഥാര്‍ത്ഥത്തില്‍ എന്താണ് നമ്മുടെ ഓണ്‍ലൈന്‍/ഡിജിറ്റല്‍ ക്ലാസുകള്‍ക്ക് സംഭവിച്ചത്? സാങ്കേതികസൗകര്യങ്ങള്‍ വര്‍ദ്ധിച്ചിട്ടും ഒട്ടേറെ ഗുണങ്ങളുണ്ടായിട്ടും  എന്തുകൊണ്ടാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ വിദ്യാര്‍ത്ഥികളും  അധ്യാപകരും  ഉപേക്ഷിക്കുന്നത്? സില്‍വര്‍ ലൈനിന്റെ പാരിസ്ഥിതികാഘാതപഠനം നടത്തണമെന്ന് പറയുന്നതുപോലെ  ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ സാമൂഹികാഘാതപഠനം കൂടി നാം നടത്തേണ്ടതുണ്ടെന്നു തോന്നുന്നു.    

ഒരു ഡിഗ്രി കോളേജില്‍ പത്തിരുപത്തെട്ടുവര്‍ഷമായി പഠിപ്പിക്കുന്ന അധ്യാപകനാണ് ഇതെഴുതുന്നത്. കൊറോണ വന്ന് പഠനം വഴിമുട്ടിയപ്പോള്‍ ഒരു മടിയും കൂടാതെയാണ് ഓണ്‍ലൈനിലേക്ക് മാറി ക്ലാസുകളെടുത്തത്. ആദ്യം സൂമിലും പിന്നീട് ഗൂഗിള്‍ മീറ്റിലും ക്ലാസുകളെടുത്തു. എല്‍. എം. എസ് പോലെയുള്ള ലേര്‍ണിങ് മാനേജ്മൻറ്​ സിസ്റ്റത്തില്‍ ക്ലാസുകളും അനുബന്ധമായി നോട്ടുകളും വിഡിയോകളും ചേര്‍ത്തു. ഓണ്‍ലൈനില്‍ പരീക്ഷകള്‍ സംഘടിപ്പിച്ചു. ഗൂഗിള്‍ ഫോം ഉപയോഗിച്ച് പലതരം പ്രശ്‌നോത്തരികളും  ചോദ്യങ്ങളും ഉണ്ടാക്കുകയും അവ എങ്ങനെയാണ് ഉണ്ടാക്കേണ്ടതെന്ന് പലര്‍ക്കും കാണിച്ചുകൊടുക്കുകയും ചെയ്തിരുന്നു. ഓഡിയോ ആയും വിഡിയോ ആയും നിരവധി ക്ലാസുകളുണ്ടാക്കി വാട്‌സാപ്പിലൂടെ ക്ലാസ് ഗ്രൂപ്പുകളിലിട്ടു. നന്നായി ചെയ്ത വിഡീയോകളില്‍ ചിലത് യൂട്യൂബ് ചാനലുണ്ടാക്കി അതിലിട്ടു. ദേശീയതലത്തിലുള്ള നിരവധി വെബിനാറുകള്‍ സംഘടിപ്പിക്കുകയും മറ്റു സ്ഥാപനങ്ങളും സംഘടനകളും നടത്തിയിട്ടുള്ള നിരവധി വെബിനാറുകളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.  കൊറോണക്കാലം എന്നത് ഓണ്‍ലൈന്‍ മീറ്റിങ്ങുകളുടെ മഹാപ്രളയത്തിന്റെ കാലം കൂടിയായിരുന്നു.  ഓണ്‍ലൈന്‍ അധ്യാപനകാലം ഒട്ടും വെറുത്തിരുന്നില്ല എന്നു മാത്രമല്ല, അതിന്റെ സൗകര്യങ്ങള്‍ ശരിക്ക് ആസ്വദിക്കുകയും ചെയ്തിട്ടുണ്ട്. ഒരു ഉദാഹരണം പറയാം:

അറിവുകളും പരീക്ഷാവിജയങ്ങളുമൊക്കെ വേണമെന്നാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ വളരെ കുറവാണെന്നും അത്തരം വിദ്യാര്‍ത്ഥികള്‍ സ്വന്തമായി അവരുടെ വഴി തേടിക്കൊള്ളുമെന്നും ഇതുവരെയുള്ള അധ്യാപനജീവിതം എന്നെ പഠിപ്പിച്ചിട്ടുണ്ട്.  

എഴുപത്തിയഞ്ചില്‍ താഴെ മാത്രം കുട്ടികളുള്ള എന്റെ ഒരു ക്ലാസിലെ കുട്ടികള്‍ക്ക് പഠിക്കാന്‍ കാരൂര്‍ നീലകണ്ഠപ്പിള്ളയുടെ  ‘മോതിരം' എന്ന കഥയെക്കുറിച്ച്  50 മിനുട്ടുള്ള ഒരു ക്ലാസ് തയ്യാറാക്കിയിരുന്നു. വെറുതെയൊന്ന്  യൂറ്റൂബിലിട്ടപ്പോള്‍ 7500ലധികം  പേര്‍ അത് കാണുകയുണ്ടായി. യൂട്യൂബില്‍ ഒരു സാധാരണ സിനിമാപാട്ടിന് മില്യന്‍ കണക്കിന് വ്യൂവേഴ്സുണ്ടാകുന്നിടത്ത് 7500 എന്നത് ഒരു ചെറിയ സംഖ്യയാണെന്നറിയാം. അധ്യാപകനെന്ന നിലയില്‍  ഇതുവരെ പഠിപ്പിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണം ഇത്രവരില്ല എന്നോര്‍ക്കുമ്പോഴാണ് ഇത് വലിയ സംഖ്യയായി തോന്നുന്നത്. അതിന്റെ റീച്ചു കണ്ട്  സമാനമായി യൂട്യൂബ്  ചാനലില്‍ നിരവധി ക്ലാസുകള്‍ അപ്​ലോഡ്​ ചെയ്തിരുന്നു. പലതിനും പ്രതീക്ഷിച്ചതിലേറെ കാഴ്ചക്കാരുമുണ്ടായിരുന്നു.

online

ഇങ്ങനെയൊക്കെയായിട്ടും അവസാനം ഓണ്‍ലൈന്‍ ക്ലാസുകള്‍ വല്ലാതെയങ്ങ് വെറുത്തുപോയി. അപ്പുറത്ത് ആരോ കേള്‍ക്കുന്നുണ്ടാവുമെന്ന് വിചാരിച്ച്, കണ്ണടച്ച് മാവില്‍ കല്ലെറിയുന്നതുപോലെ ക്ലാസെടുക്കുന്നത് സുഖമുള്ള ഒരു ഏര്‍പ്പാടല്ല. കുട്ടികളുടെ പ്രതികരണങ്ങള്‍ തീരെ കുറഞ്ഞു പോവുകയും ഓരോരുത്തരെയും വ്യക്തിപരമായി വിളിച്ച് സംസാരിക്കേണ്ടി വരികയും ചെയ്തിട്ടുണ്ട്. ഡാറ്റ തീരുമെന്നു പറഞ്ഞ്  വീഡിയോ ഒന്ന് ഓണാക്കാന്‍ പല കുട്ടികളും മടികാണിച്ചിരുന്നു. വാട്‌സാപ്പില്‍ കൊടുത്തിരുന്ന പല ഓഡിയോ/ വീഡിയോ ഫയലുകളും കുട്ടികള്‍ തുറക്കാറേയില്ലെന്ന സത്യം വളരെ വൈകിയാണ് അറിഞ്ഞത്. മൊബൈല്‍ ഉപയോഗിച്ച് ഇന്‍സ്റ്റഗ്രാമും യൂട്യൂബിലെ തമാശ/ സിനിമാപരിപാടികളും വീഡിയോ ഗെയിമുകളുമൊക്കെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് താല്പര്യമെന്നറിഞ്ഞപ്പോള്‍ വല്ലാതെ നിരാശ തോന്നിയിട്ടുണ്ട്. ഓണ്‍ലൈന്‍ ക്ലാസിന് ആവശ്യമുള്ളവര്‍ വന്നാല്‍ മതിയെന്നായതോടെ  ക്ലാസില്‍ കയറുന്നവരുടെ എണ്ണവും ശോഷിച്ചു.

നിലവിലെ വിദ്യാഭ്യാസത്തെയും അധ്യാപനത്തെയും  അടച്ചാക്ഷേപിക്കാന്‍ ആര്‍ക്കും എളുപ്പം  കഴിയും. അത്രമേല്‍ പുഴുക്കുത്തുകള്‍ അതിലുണ്ട്. അതുവച്ച് അധ്യാപകരെന്ന  ‘ക്ഷുദ്രജീവി'കളെ ഈ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കികളയണമെന്നു വരെ ചിലര്‍ വാദിച്ചുകളഞ്ഞു.

വിദ്യാര്‍ത്ഥികളുടെ താല്പര്യങ്ങളും മുന്‍ഗണനകളും അവരുടെ ലോകവീക്ഷണവും തന്നെ മാറിപ്പോയതായാണ് അവസാന കാലങ്ങളില്‍ മനസിലാക്കാന്‍ കഴിഞ്ഞത്. ദിവസം 14 മുതല്‍ 17 മണിക്കൂര്‍ വരെ സ്‌ക്രീനിനുമുന്നില്‍  ചെലവഴിക്കുന്ന വിദ്യാര്‍ത്ഥികള്‍  പലരും സമയം തീരെ കുറവാണെന്നാണ് പറയുന്നത് കേട്ടിട്ടുണ്ട്. വിദ്യാഭ്യാസം പലപ്പോഴും ആവശ്യമുള്ളതുകൊണ്ടുമാത്രം സംഭവിക്കുന്നതല്ല. ചില നിര്‍ബന്ധങ്ങളും നിയന്ത്രണങ്ങളും വച്ചിരിക്കുന്നതുകൊണ്ടും മുന്‍ഗണന കൊടുക്കുന്നതു കൊണ്ടും സംഭവിക്കുന്നതാണത്.  ‘ഐഡിയല്‍ സ്റ്റുഡന്റു'കള്‍ തിങ്ങിനിറഞ്ഞിരിക്കുന്ന ഇടമൊന്നുമല്ല നമ്മുടെ സ്‌കൂളുകളും കലാലയങ്ങളും. അറിവുകളും പരീക്ഷാവിജയങ്ങളുമൊക്കെ വേണമെന്നാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ വളരെ കുറവാണെന്നും അത്തരം വിദ്യാര്‍ത്ഥികള്‍ സ്വന്തമായി അവരുടെ വഴി തേടിക്കൊള്ളുമെന്നും ഇതുവരെയുള്ള അധ്യാപനജീവിതം എന്നെ പഠിപ്പിച്ചിട്ടുണ്ട്.  

education

കൊറോണ വന്ന്  സകലതും അടച്ചിട്ടതിയോടെ വഴിമുട്ടിയ നമ്മുടെ സ്‌കൂള്‍- കോളേജ്- യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ പഠനം ഒരു പരിധിവരെ നിലനിര്‍ത്താനായത്  ഓണ്‍ലൈന്‍/ ഡിജിറ്റല്‍ വിദ്യാഭ്യാസത്തിലൂടെയായിരുന്നു എന്നതില്‍ തര്‍ക്കമൊന്നുമില്ല.  പ്രതിസന്ധിഘട്ടങ്ങളെ  തരണം ചെയ്യാന്‍ ഇത്തരം മാര്‍ഗങ്ങള്‍ മനുഷ്യര്‍ എന്നും  അവലംബിക്കാറുമുണ്ട്.  അത് ഉചിതമാണ്, ന്യായവുമാണ്. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ മാത്രമേ അത്ഭുതപ്പെടാനുള്ളൂ. എന്നാല്‍, രാജാവിനെക്കാള്‍ വലിയ രാജഭക്തി പ്രകടിപ്പിച്ച്​, ഡിജിറ്റല്‍ വിദ്യാഭ്യാസമാണ് ഇനിയങ്ങോട്ടുള്ള  വിദ്യാഭ്യാസമെന്നും വിദ്യാഭ്യാസത്തിലെ വലിയ വിപ്ലവമാണ് ഡിജിറ്റല്‍ വിദ്യാഭ്യാസത്തിലൂടെ സാധിക്കാന്‍ പോകുന്നതെന്നും കൊട്ടിഘോഷിച്ച് ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന്റെ ഗുണഗണങ്ങളെ വാനോളം പുകഴ്ത്തി നിലവിലെ വിദ്യാഭ്യാസസമ്പ്രദായത്തെ അടച്ചാക്ഷേപിക്കുന്നതില്‍ ചിലരെങ്കിലും സംതൃപ്തി നേടുന്നുണ്ട്​.

ഓണ്‍ലൈന്‍/ഡിജിറ്റല്‍ വിദ്യാഭ്യാസം പരാജയമായിരുന്നു എന്നതിനേക്കാള്‍ അത് വലിയൊരു  പ്രഹസനമായിരുന്നുവെന്ന് ഭൂരിപക്ഷം പേരും ഇപ്പോള്‍ സമ്മതിക്കും.

നിലവിലെ വിദ്യാഭ്യാസത്തിന് നൂറില്‍ നൂറുമാര്‍ക്കും കൊടുക്കാമെന്നോ അതാണ് വിദ്യാഭ്യാസത്തിലെ അവസാനവാക്കെന്നോ ആരും പറയില്ല. നവീകരണങ്ങളും തിരുത്തലുകളും  ഏറെ ആവശ്യമുള്ള അധ്യാപനരീതിയും പഠനരീതിയുമാണ് നമ്മുടെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നടക്കുന്നത്. പ്രായോഗികമായി നടപ്പാക്കുമ്പോള്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള വലിയ ആദര്‍ശങ്ങളില്‍ ചിലതൊക്കെ നഷ്ടപ്പെട്ടുപോയി എന്നുവരാം. മാനുഷികമായ കാര്യങ്ങള്‍  പലതിലും സംഭവിക്കുന്നതുപോലെ നിലവിലെ വിദ്യാഭ്യാസസമ്പ്രദായത്തിലും  നിരവധി പ്രശ്‌നങ്ങളും കുഴപ്പങ്ങളും കിടപ്പുണ്ട്. ഏറ്റവും മോശമായ നിലമുതല്‍ ഏറ്റവും നല്ല നിലവരെയുള്ള ഒരു സ്‌കെയിലിനെക്കുറിച്ചു മാത്രമേ നാം ആലോചിക്കേണ്ടതുള്ളൂ. അതില്‍ എവിടെവിടെ അടയാളപ്പെടുത്തപ്പെടണമെന്ന്  ആ വിദ്യാഭ്യാസപ്രക്രിയയില്‍ പങ്കെടുക്കുന്നവര്‍ തീരുമാനിക്കേണ്ട കാര്യമാണ്. നിലവിലെ വിദ്യാഭ്യാസത്തെയും അധ്യാപനത്തെയും  അടച്ചാക്ഷേപിക്കാന്‍ ആര്‍ക്കും എളുപ്പം  കഴിയും. അത്രമേല്‍ പുഴുക്കുത്തുകള്‍ അതിലുണ്ട്. അതുവച്ച് അധ്യാപകരെന്ന  ‘ക്ഷുദ്രജീവി'കളെ ഈ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കികളയണമെന്നു വരെ ചിലര്‍ വാദിച്ചുകളഞ്ഞു. അധ്യാപകരെ വടിയെടുത്ത്  അടിച്ചോടിക്കണമെന്നതായിരുന്നു  ഒരു സാംസ്‌കാരികവ്യാഘ്രത്തിന്റെ ഗര്‍ജനം. ഡിജിറ്റല്‍ വിദ്യാഭ്യാസം വരുന്നതോടെ അധ്യാപകരുടെ അഹങ്കാരമെല്ലാം അവസാനിക്കുമെന്നും അവരുടെ ജോലിതന്നെ ഇല്ലാതായിക്കൊള്ളുമെന്നുമൊക്കെ പലരും മനഃപ്പായസമുണ്ടിരുന്നു. നാട്ടുകാരുടെ നികുതിപ്പണം വസൂലാക്കുന്ന  ‘അധ്യാപഹയ'ന്മാരെ കെട്ടുകെട്ടിക്കാനുള്ള അമിതാവേശത്തിലായിരുന്നു പലരും. അധ്യാപക നിയമനങ്ങള്‍ നടത്താതിരിക്കാമെന്നു കരുതിയ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും  അങ്ങനെ ചില കോര്‍പറേറ്റ് മോഹങ്ങളുണ്ടായിരുന്നു എന്ന് പറഞ്ഞുകേട്ടിരുന്നു. വിക്ടേഴ്സ് ചാനലുണ്ടെങ്കില്‍ സംസ്ഥാനതലത്തില്‍ ഒന്നാം ക്ലാസിലേക്ക് രണ്ടോ മൂന്നോ അധ്യാപകര്‍ മതിയെന്ന്  വിചാരിച്ചുവച്ചവരും നിരവധിയാണ്. തങ്കുപ്പൂച്ചയുടെയും മിട്ടുപൂച്ചയുടെയും കഥപറയുന്ന ഒരൊറ്റ സായി ശ്രേയ ടീച്ചര്‍ മതിയല്ലോ ഇനിമുതലെന്നു വിചാരിച്ച ശുദ്ധാത്മാക്കളും ഉണ്ടായിരുന്നു. എന്തായാലും അധ്യാപകരെ നിര്‍മൂലനം ചെയ്തുകളയാമെന്നു മെന്നുകരുതിയവരെ നിരാശപ്പെടുത്തി  കൊറോണ വഴിമാറി നില്‍ക്കുന്നു. 

DHE, Kerala
Photo: DHE, Kerala

ഓണ്‍ലൈന്‍/ഡിജിറ്റല്‍ വിദ്യാഭ്യാസം പരാജയമായിരുന്നു എന്നതിനേക്കാള്‍ അത് വലിയൊരു  പ്രഹസനമായിരുന്നുവെന്ന് ഭൂരിപക്ഷം പേരും ഇപ്പോള്‍ സമ്മതിക്കും. ഓണ്‍ലൈന്‍  ക്ലാസുകളോട്  തുടക്കകാലത്തുണ്ടായിരുന്ന അമിതാവേശമൊക്കെ പെട്ടെന്ന് കെട്ടടങ്ങി. ഒടുവിലൊടുവില്‍  കൊള്ളാവുന്നൊരു മണ്ടത്തരമായി ഈ ഏര്‍പ്പാട് മാറുകയും ചെയ്തു. മൊബൈലിലൂടെ  കൊട്ടിഘോഷിച്ച ഓണ്‍ലൈന്‍ പഠനം വിദ്യാഭ്യാസത്തോട് കുട്ടികളിലുണ്ടാക്കിയ നിഷേധാത്മകതയ്ക്കും വിരക്തിക്കും ആര് ഉത്തരവാദിത്വം പറയുമെന്നാണ് ഇനി അറിയേണ്ടത്. ഓണ്‍ലൈന്‍/ ഡിജിറ്റല്‍ വിദ്യാഭ്യാസം വരുത്തിവെച്ച വിന അതില്‍ തന്നെ നില്‍ക്കുന്നതല്ല. സ്‌കൂളില്‍ നിന്നും അധ്യാപകരില്‍ നിന്നും സഹപാഠികളില്‍ നിന്നും വിദ്യാര്‍ഥികളെ അന്യരാക്കി മാറ്റിയ ഡിജിറ്റല്‍ ക്ലാസ് മുറികള്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള എല്ലാ ആദര്‍ശങ്ങളുടെയും ശവപ്പറമ്പായി തീരുകയായിരുന്നു  എന്നതാണ് അനുഭവം. പഠനത്തോട് ഒരുതരം നിരുന്മേഷം സംഭവിച്ചതും  സാമൂഹികജീവിതവും സഹവര്‍ത്തിത്വഭാവങ്ങളും നഷ്ടപ്പെട്ടു പോയതുമാണ് അതിലെ ഏറ്റവും വലിയ ആന്തരികപ്രശ്‌നം.

ഇന്നിപ്പോള്‍ ഗാഡ്ജറ്റുകള്‍ തിരിച്ചു വാങ്ങുന്നതിനെക്കുറിച്ചുള്ള ഗവേഷണത്തിലാണ് പല വിദ്യാഭ്യാസസ്ഥാപനങ്ങളും. പല വിദ്യാഭ്യാസസ്ഥാപനങ്ങളിലും  മൊബൈല്‍ ഫോണുകള്‍ കൊണ്ടുവരുന്നതിന് ഇപ്പോള്‍  വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. 

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനുപുറത്തേക്ക് വരികയാണെങ്കില്‍, കൊറോണക്കാലത്തിനുശേഷവും  വിദ്യാര്‍ഥികളുടെ ഡിജിറ്റല്‍ ഉപകരണങ്ങളുടെ അമിത ഉപയോഗമോ ദുരുപയോഗമോ നിയന്ത്രിക്കാന്‍ പറ്റാതായിത്തീര്‍ന്നു എന്നതാണ് അനുഭവം. ഭസ്മാസുരന്  ലഭിച്ച വരം പോലെ സ്വന്തം നാശത്തിനുതന്നെ ഈ ഡിജിറ്റല്‍ ഉപകരണങ്ങള്‍ കാരണമായി. വിദ്യാര്‍ത്ഥികള്‍ക്ക്  വിനാശകരമായ മൊബൈല്‍ ഫോണുകള്‍  തിരിച്ചുവാങ്ങാനാകാത്ത അവസ്ഥയിലാണ് നാമിപ്പോള്‍. അവസാനത്തെ കുട്ടിക്കുകൂടി മൊബൈല്‍/ ലാപ്‌ടോപ്പ് വാങ്ങിക്കൊടുത്തപ്പോള്‍ നാമനുഭവിച്ച ചാരിതാര്‍ഥ്യമെല്ലാം ഇന്നൊരു പഴങ്കഥയായി. ഡിജിറ്റല്‍ വിദ്യാഭ്യാസത്തില്‍ നിന്ന് ഒരു കുട്ടി പോലും ഒഴിവായി പോകരുതെന്ന് നമ്മളെത്ര ആഗ്രഹിച്ചിരുന്നു. ഇനിയൊരു ദേവിക ഇവിടെയുണ്ടാകരുതെന്ന്  സത്യമായും നമ്മളാഗ്രഹിച്ചു. ഇന്നിപ്പോള്‍ ഗാഡ്ജറ്റുകള്‍ തിരിച്ചു വാങ്ങുന്നതിനെക്കുറിച്ചുള്ള ഗവേഷണത്തിലാണ്  പല വിദ്യാഭ്യാസസ്ഥാപനങ്ങളും. പല വിദ്യാഭ്യാസസ്ഥാപനങ്ങളിലും  മൊബൈല്‍ ഫോണുകള്‍ കൊണ്ടുവരുന്നതിന് ഇപ്പോള്‍  വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. 

digital

ഡിജിറ്റല്‍ വിദ്യാഭ്യാസം കൊടുമ്പിരിക്കൊണ്ട കാലത്ത് പറഞ്ഞുകേട്ടത് കൊറോണ കഴിഞ്ഞാലും  ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തോടൊപ്പം ഓഫ്​ലൈൻ വിദ്യാഭ്യാസവും ചേര്‍ന്ന  ബ്ലെന്‍ഡഡ് / ഹൈബ്രിഡ്  വിദ്യാഭ്യാസമാണ് ഇനിയങ്ങോട്ട് സംഭവിക്കാന്‍ പോകുന്നതെന്നായിരുന്നു. ഓഫ്​ലൈനിലൂടെയും  ഓണ്‍ലൈനിലൂടെയും ഒരുപോലെ  പഠിപ്പിക്കാമെന്നുവച്ച  വിദേശത്തെ പല സ്ഥാപനങ്ങളും ഓണ്‍ലൈന്‍ പാടെ നിര്‍ത്തിക്കളഞ്ഞു എന്നാണ് അറിയാന്‍ കഴിയുന്നത്. കൊറോണക്കുമുന്‍പ് സൈലൻറ്​ മോഡിലിട്ടോ സ്വിച്ച് ഓഫ് ചെയ്‌തോ കോളേജില്‍ കൊണ്ടുവന്നിരുന്ന മൊബൈല്‍ ഫോണ്‍  ഇപ്പോള്‍ കോളേജിലേക്ക് കൊണ്ടുവരാന്‍ പോലും ചില സ്ഥാപനങ്ങള്‍  സമ്മതിക്കുന്നില്ലെന്ന് കുട്ടികള്‍ പരാതി പറഞ്ഞു തുടങ്ങി.

125 വര്‍ഷം  പഴക്കമുള്ള, കേരളത്തിലെ ഒരു ഓട്ടോണോമസ് കോളേജിലെ പ്രിന്‍സിപ്പല്‍  അടുത്തിടെ പറഞ്ഞത് ഓര്‍മ വരുന്നു. കോളേജില്‍ പ്രവര്‍ത്തിസമയത്ത് മൊബൈല്‍ ഫോണ്‍ നിരോധിച്ചപ്പോള്‍  ‘ഞാന്‍ ഇനി എങ്ങനെ ജീവിക്കും' എന്നാണ് ഒരു കുട്ടി അദ്ദേഹത്തോട് ആക്രോശിച്ചതത്രെ. കേരളത്തില്‍ സൈക്കോളജിക്കല്‍ കൗണ്‍സലിങ് നടത്തുന്ന മിക്കവരും കുട്ടികളില്‍ വര്‍ദ്ധിച്ചുവരുന്ന മൊബൈല്‍  അഡിക്ഷനെക്കുറിച്ചാണ് ഇപ്പോള്‍ സംസാരിക്കുന്നത്. വിദ്യാര്‍ത്ഥികൾക്കിടയില്‍  മൊബൈല്‍  ഫോണ്‍ ദുരുപയോഗം വര്‍ദ്ധിച്ചുവരുന്ന ഇക്കാലത്ത് ‘ഉത്തരവാദിത്ത മൊബൈല്‍ ഉപയോഗം' എന്നൊരു പുതിയ പദപ്രയോഗത്തിന് സാധ്യതയുണ്ട്. 

സാമൂഹികമായി നാമുണ്ടാക്കിയ അടുപ്പത്തെയാണ്  ഡിജിറ്റല്‍ / ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഇല്ലാതാക്കിക്കളഞ്ഞതും വിദ്യാര്‍ത്ഥികളെ സാമൂഹികമായി അകലങ്ങളിലാക്കിക്കളഞ്ഞതും.

ഡിജിറ്റല്‍ ഡിവൈഡിനെക്കുറിച്ച് പറഞ്ഞു തുടങ്ങി ഫോക്കസ് ഏരിയയില്‍ അവസാനിച്ചിരിക്കുകയാണ് നമ്മുടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ ചര്‍ച്ചകള്‍. വിദ്യാര്‍ത്ഥികളുടെ മാനസികവും സാമൂഹികവുമായ ജീവിതത്തെ അതെങ്ങനെ സ്വാധീനിച്ചു, പ്രത്യാഘാതങ്ങള്‍ എന്തൊക്കെ എന്നൊന്നും വേണ്ടതുപോലെ അന്വേഷിച്ചിട്ടുമില്ല. ജാതിയോ മതമോ ലിംഗഭേദമോ സാമ്പത്തികസ്ഥിതിയോ ഒന്നും പരിഗണിക്കാതെ  എല്ലാവര്‍ക്കും ഒന്നായിരുന്ന് പഠിക്കാനാക്കാകുമായിരുന്ന അവസ്ഥയുണ്ടായ ഘട്ടത്തെയാണ് നവോത്ഥാനമെന്ന്  വിളിക്കേണ്ടത്. എല്ലാവര്‍ക്കും ഒന്നായിരുന്ന് പഠിക്കാന്‍ സാഹചര്യമുണ്ടായത് എത്രയോക്കെയോ പ്രക്ഷോഭസമരങ്ങള്‍ക്കു ശേഷമാണെന്നും നമ്മള്‍ മറന്നു. സാമൂഹികമായി നാമുണ്ടാക്കിയ അടുപ്പത്തെയാണ്  ഡിജിറ്റല്‍ / ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഇല്ലാതാക്കിക്കളഞ്ഞതും വിദ്യാര്‍ത്ഥികളെ സാമൂഹികമായി അകലങ്ങളിലാക്കിക്കളഞ്ഞതും.

education

സഹപാഠികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും  അധ്യാപകരില്‍ നിന്നും മാനസികമായും ഭൗതികമായും അകന്നുപോയ വിദ്യാര്‍ത്ഥികള്‍ സാമൂഹിക അകലത്തിന്റെ വ്യത്യസ്ത  മാനങ്ങളിലാണ് ജീവിച്ചത്. കൊറോണകാലത്തു നാം കേട്ട ഏറ്റവും വൃത്തികേട്ട വാക്കുകളിലൊന്ന്  ‘സാമൂഹിക അകലം' എന്നതായിരുന്നു. ശാരീരിക അകലം എന്നൊക്കെ തിരുത്തലുണ്ടായിരുന്നെങ്കിലും സോഷ്യല്‍ ഡിസ്റ്റന്‍സ് എന്നതിന്  മലയാളികള്‍ക്ക് പ്രിയപ്പെട്ട  വിവര്‍ത്തനം സാമൂഹിക അകലം എന്നതുതന്നെയായിരുന്നു. ഈ സാമൂഹിക അകലം വിദ്യാഭ്യാസത്തിലേക്ക് കയറിവരുമ്പോള്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകളെക്കുറിച്ച്  ചിലരെങ്കിലും അപായസൂചന നല്‍കിയിരുന്നു. യന്ത്രങ്ങളുടെ, സാങ്കേതിക ഉപകരണങ്ങളുടെ അടിമകളായിത്തീരുന്നതോടെ  സാമൂഹികമായ വലിയ അകല്‍ച്ചകളിലേക്കാണ് വിദ്യാര്‍ത്ഥികള്‍ വന്നു വീഴാന്‍ പോകുന്നതെന്ന് ചിലരെങ്കിലും അന്നു പറഞ്ഞിരുന്നു. അതിപ്പോള്‍ യാഥാര്‍ത്ഥ്യമായി.  മൊബൈല്‍ എന്നത് പഠനോപകരണം എന്ന നിലയില്‍ ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഇന്ന് പരിമിതമാണ്. വിനോദോപാധി എന്നല്ലാതെ  ജ്ഞാനാര്‍ജ്ജനത്തിനു പറ്റുന്ന ഒന്നായി മൊബൈലിനെ കാണുന്ന വിദ്യാര്‍ത്ഥികള്‍ കുറഞ്ഞുവരിക തന്നെയാണ്.  

വിര്‍ച്യുല്‍ റിയാലിറ്റിയുടെയും  ഓഗ്​മെൻറ്​ റിയാലിറ്റിയുടെയും കാലത്ത് വിദ്യാഭ്യാസം രസകരമാക്കാന്‍ ഇതൊക്കെ ഉപയോഗിച്ചുതുടങ്ങിയിരുന്നതാണ്. നേരിട്ടുള്ള പുസ്തകപാരായണം പോലും കുറഞ്ഞു. പകരം ഡിജിറ്റല്‍ ലൈബ്രറികളെയും ഡിജിറ്റല്‍ ഗ്രന്ഥങ്ങളെയും ആശ്രയിക്കുന്നവരുടെ എണ്ണം കൂടി വരുന്നു. ഡിജിറ്റല്‍രംഗത്ത് അത്തരം സാധ്യതകള്‍ പലതുമുണ്ട്. യഥാര്‍ത്ഥത്തില്‍ ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന്റെ മൂല്യവും അതിന്റെ മഹത്വവും തിരിച്ചറിയാതെ അതിലേക്ക് ഇറങ്ങിയതുകൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ അതില്‍ നിന്ന് വളരെവേഗം മടുത്ത ഇറങ്ങിപ്പോയത്. 

education

ഇവിടെ നടപ്പാക്കിയ ഡിജിറ്റല്‍ /ഓണ്‍ലൈന്‍ പഠനം ഊതിവീര്‍പ്പിച്ച ഒരു ബലൂണായിരുന്നു. വേണ്ടതിലധികം പ്രാധാന്യം അതിന് നല്‍കപ്പെട്ടു. ഇതാണ് ഇനിയങ്ങോട്ടുള്ള വിദ്യാഭ്യാസമെന്ന തെറ്റിദ്ധാരണ പരത്തിയതിലൂടെ മൊബൈലിന്റെയും ഗാഡ്ജെറ്റുകളുടെയും വിപണി തഴച്ചുവളര്‍ന്നു.  പുതിയ വിദ്യാഭ്യാസത്തിന്  അമിതപ്രാധാന്യം വന്നതോടെ  ഉപകാരങ്ങളില്ലാത്തവര്‍ അനാവശ്യഭീതിയിലായി. തങ്ങള്‍ പിന്തള്ളപ്പെടുമോ എന്ന ഭീതി  ആധിയായും വേവലാതിയുമായി പലരുടെയും മനസ്സ് തളര്‍ത്തി. 

ഉപകരണങ്ങള്‍ വാങ്ങിക്കൊടുത്ത്  സാമൂഹികനീതി നടപ്പിലാക്കുന്ന യജ്ഞമായിരുന്നു പിന്നീട്. നവലിബറല്‍ കോര്‍പറേറ്റ് ആവശ്യങ്ങളും അതു തന്നെയായിരുന്നു എന്നു പറയുന്നതാവും ഉചിതം. കൂടുതല്‍ പേര്‍ ഉപകരണത്തിന് പ്രാപ്തരായി, മൊബൈലും ഡാറ്റയുമൊക്കെ വലിയ ബിസിനസ്​ ആയി. ടെക്‌നോ കാപിറ്റലിസം അതിന്റെ പരകോടിയിലെത്തി. യഥാര്‍ത്ഥത്തില്‍ ഡിജിറ്റല്‍ വിദ്യാഭ്യാസം തെറ്റായ വിധത്തില്‍ ഇവിടെ വ്യാഖാനിക്കപ്പെടുകയായിരുന്നു. ഉയര്‍ന്ന ക്ലാസുകളില്‍ ഉപയോഗിക്കാവുന്ന  സാങ്കേതികവിദ്യകള്‍  ചെറിയ ക്ലാസുകളില്‍ പോലും അടിച്ചേല്‍പ്പിക്കപ്പെട്ടു.  ഡിജിറ്റല്‍ വിദ്യാഭ്യാസം ഏതേത് തലങ്ങളില്‍ എങ്ങനെയൊക്കെ ചെയ്യണമെന്നതിനെക്കുറിച്ച്  ആലോചനകള്‍ ഇല്ലാതെപോയതും ഇപ്പോഴത്തെ ഈ താല്പര്യക്കുറവിന് കാരണമായിട്ടുണ്ടാകാം.  
ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും സാംഗത്യവും മനസിലാക്കി, അതിനെ പുനഃനിര്‍വചിക്കുകയും ഔചിത്യത്തോടുകൂടി അത് പ്രയോജനപ്പെടുത്തുകയും ചെയ്യുന്നതാണ് ഇക്കാലം നല്‍കുന്ന വിവേകം. 


വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.

ജോസഫ്​ കെ.​ ജോബ്​

എഴുത്തുകാരൻ, മാനന്തവാടി മേരി മാതാ ആർട്സ് ആൻഡ് സയൻസ് കോളേജിൽ അസോസിയേറ്റ് പ്രൊഫസർ.

Audio