Shrinking Cultural Space
പി.എന്‍. ഗോപീകൃഷ്ണന്‍
ശ്രീ എമ്മും ശ്രീ എച്ചും (ഹിന്ദുത്വ) ശ്രീ എല്ലും (ലെഫ്റ്റ്) തമ്മിലെന്ത്?
ഒരു ഇടതുപക്ഷ ഗവണ്മെന്റില്‍ നിന്ന് പ്രതീക്ഷിക്കാത്ത തരത്തിലുളള രാജഗുരു പദവികള്‍ എത്ര പ്രതിലോമകരമാണ്. രാഷ്ട്രീയാധികാരമല്ല, മറിച്ച് സാംസ്‌കാരാധികാരമാണ് ഹിന്ദുത്വശക്തികള്‍ കേരളത്തില്‍ സ്വായത്തമാക്കിക്കൊണ്ടിരിക്കുന്നത് എന്ന് തിരിച്ചറിഞ്ഞവരെ ഞെട്ടിക്കുന്ന തീരുമാനമാണിത്

ശ്രീ എം എന്ന മുംതാസ് അലി എഴുതിയ ആത്മകഥയുടെ ഒന്നാം ഭാഗമാണ് Apprenticed to a Himalayan Master - A Yogis's Autobiography. ഇത് പുറത്തു വരുന്നത് 2011 ലാണ്. തിരുവനന്തപുരത്ത് വഞ്ചിയൂരില്‍ ജനിച്ച് ഹിമാലയത്തില്‍ എത്തി ആത്മസാക്ഷാത്ക്കാരം നേടിയ കഥയാണത്. ഒരര്‍ത്ഥത്തില്‍ മുംതാസ് അലിയില്‍ നിന്ന് ശ്രീ എമ്മിലേയ്ക്കുള്ള യാത്ര നാമത്തില്‍ നിന്ന് തൂലികാനാമത്തിലേയ്ക്കുള്ള യാത്ര, നശ്വരനായ മനുഷ്യനില്‍ നിന്ന് അനശ്വരമായ ആത്മസ്വരൂപത്തിലേയ്ക്കുള്ള യാത്രയായിട്ടാണ് ഇത് അദ്ദേഹം സ്വാംശീകരിച്ചിരിക്കുന്നതെന്ന് പറയാം. ഹിമാലയന്‍ യാത്രാപുസ്തകങ്ങള്‍ മലയാളത്തില്‍ ഒരു "ജോണര്‍' ആയിരിക്കുന്നു എന്ന് വേണം പറയാന്‍. എം.കെ.രാമചന്ദ്രന്‍ തുടങ്ങിവെച്ച ഒരു "ജോണര്‍ ' ആണത് എന്നാണ് പൊതുവേ വിചാരിക്കപ്പെടുന്നത്. എങ്കിലും അന്വേഷിച്ചു പോയാല്‍ തപോവനസ്വാമികളുടെ ഹിമഗിരി വിഹാരത്തില്‍ ആണ് ഇതിന്റെ തുടക്കം എന്ന് കാണാം.
ഒറ്റപ്പാലത്തുകാരനായ ചിപ്പുക്കുട്ടി നായരാണ് തപോവനസ്വാമികളായി മാറി ഉത്തരകാശിയില്‍ ആശ്രമം സ്ഥാപിച്ചത്. ഇന്ന് കേരളത്തില്‍ സുപരിചിതമായ ഗംഗോത്രി, യമുനോത്രി , കേദാര്‍നാഥ്, ബദരീനാഥ് എന്നീ "ചാര്‍ധാമുകളും ' തുംഗനാഥ്, പശുപതിനാഥ്, കൈലാസം, മാനസസരോവര്‍, വാലി ഓഫ് ഫ്‌ളവേഴ്‌സ്, ജോഷിമഠ്, ഋഷികേശ്, ഹിമാലയത്തിലേയ്ക്കുള്ള പ്രവേശന കവാടമായ ഹരിദ്വാര്‍ തുടങ്ങിയവയും നദീസംഗമപ്രദേശങ്ങളായ ദേവപ്രയാഗ, കര്‍ണപ്രയാഗ തുടങ്ങിയവയും ആദ്യം മലയാളത്തില്‍ പ്രത്യക്ഷപ്പെടുന്നത് ഹിമഗിരി വിഹാരത്തിലൂടെയാണ്. കൈലാസയാത്രയെക്കുറിച്ചുള്ള മറ്റൊരു പുസ്തകവും സ്വാമി തപോവനം രചിയ്ക്കുകയുണ്ടായി.

ആസ്തിക്യത്തിന്റെ സൗന്ദര്യാനുഭൂതികളുടെ വിവരണമാണ് ഹിമഗിരി വിഹാരത്തിന്റെ ആകെത്തുക. 1930-40 കളിലാണ് ഇതില്‍പ്പറയുന്ന യാത്രകള്‍ നടത്തിയതെന്നു തോന്നുന്നു. ഒരു പക്ഷെ വ്യാവസായിക വിപ്ലവത്തിന്റെ ഫലങ്ങള്‍ ഇന്ത്യയെപ്പോലൊരു രാജ്യം അനുഭവിച്ചു തുടങ്ങിയപ്പോള്‍, അതിനെ ഇന്ത്യന്‍ മനസ്സനുഭവിച്ചത് യുക്തിയുടേയും വിശ്വാസത്തിന്റേയും ദ്വന്ദ്വയുദ്ധമായി കൂടിയാണ്. വികസനത്തിന്റേയും പരിസ്ഥിതി ബോധത്തിന്റേയും ഭാഷാ വിന്യാസങ്ങള്‍ അന്ന് സന്യാസിക്കും ലൗകികനും അപരിചിതമായിരുന്നു എന്നുവേണം പറയാന്‍. ഇന്ന് പി.കുഞ്ഞിരാമന്‍ നായരെ പരിസ്ഥിതിയുടേയും കൊളോണിയല്‍ വിരുദ്ധതയുടേയും കവിയായാണ് പലരും വായിക്കുന്നതെങ്കിലും കുഞ്ഞിരാമന്‍ നായര്‍ ജീവിച്ചിരുന്ന കാലത്ത് ഭക്തിയുടേയും പഴമയുടേയും കവിയായിട്ടാണ് അദ്ദേഹത്തെ പൊതുവേ കണ്ടത് എന്ന് പറഞ്ഞതുപോലെ ആസ്തിക്യത്തെ പ്രകൃതിയില്‍ വായിക്കുന്ന ഒരു പുസ്തകമായിരുന്നു ഹിമഗിരി വിഹാരം. ഹിമാലയത്തിലെ എണ്ണമറ്റ അരുവികളും സസ്യങ്ങളും ഭൂസ്വഭാവവും പക്ഷി ജന്തുജാലങ്ങളും അനന്യമായ വിധത്തില്‍ ഹിമഗിരി വിഹാരത്തില്‍ പ്രത്യക്ഷപ്പെട്ടു.
പുതിയ മനുഷ്യരാശിയെ സൃഷ്ടിക്കാന്‍ ദൈവത്തെക്കുറിച്ചുള്ള അവബോധത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തണം എന്ന തിരിച്ചറിവാണ് നവോത്ഥാനത്തിന്റെ പ്രധാനപ്പെട്ട ഒരു പ്രമേയം
സ്വാമി തപോവനത്തില്‍ നിന്ന് എം.കെ.രാമചന്ദ്രനില്‍ എത്തുമ്പോഴേയ്ക്കും സംഭവിയ്ക്കുന്ന പ്രധാന വ്യത്യാസം, ഹിമാലയത്തെ കാണുന്ന രീതിയിലുണ്ടാകുന്ന മാറ്റമാണ്. തപോവനത്തിന് ഹിമാലയത്തിന്റെ ദൈവസാന്നിദ്ധ്യം എന്നത് ആ പ്രദേശത്തില്‍ അലിഞ്ഞു ചേര്‍ന്ന അനന്യമായ സൗന്ദര്യമാണ്. ഹിമാലയത്തിന്റെ മറ്റെങ്ങും കാണാത്ത ഓരോ കാഴ്ചക്കഷണവും ദൈവത്തോടുള്ള നന്ദിയും കടപ്പാടും സമര്‍പ്പണവുമായി അദ്ദേഹത്തില്‍ വിരിയുന്നു. ഒരു പക്ഷേ വ്യാവസായിക വിപ്ലവകാലത്ത് ഒരു വേഡ്‌സ് വര്‍ത്തിന്റെ നിലപാട് പ്രാചീനം , ആധുനികം എന്നോ പുരോഗമനം, യാഥാസ്ഥിതികം എന്നോ ഉള്ള ദ്വന്ദ്വങ്ങള്‍ കൊണ്ട് അളക്കാന്‍ കഴിയില്ല എന്ന് നമുക്ക് അറിയാം. വികസനത്തിന്റെ അക്ഷാംശ - രേഖാംശങ്ങള്‍ പുറത്താക്കിയ പരിസ്ഥിതി ഒരു മൂല്യബോധം മാത്രമല്ല, ശാസ്ത്രീയത കൂടിയാണ് എന്ന് നമുക്ക് അറിയാം. എങ്കിലും അത് സര്‍ഗാത്മകമായി പ്രത്യക്ഷപ്പെടുന്നത് പലപ്പോഴും കാല്പനിക സൗന്ദര്യാനുഭൂതി ആയിട്ടാണെന്ന് വേഡ്‌സ് വര്‍ത്ത് മുതല്‍ സുഗതകുമാരി വരെ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. അതില്‍പ്പെടുന്ന ഒന്നാണ് സ്വാമി തപോവനവും ഹിമഗിരി വിഹാരവും.
എന്നാല്‍ എം. കെ.രാമചന്ദ്രനില്‍ എത്തുമ്പോഴേയ്ക്കും സംഗതി മാറുന്നുണ്ട്. ഹിമാലയം സൗന്ദര്യത്തിന്റെ മടിത്തട്ട് എന്നതില്‍ നിന്ന് നിഗൂഢശക്തികളുടെ ഒരു ആലയം ആയി മാറുന്നുണ്ട്. കെട്ടുകഥകള്‍ യാഥാര്‍ത്ഥ്യമാകുന്ന ഒരിടം കൂടിയാണ് അദ്ദേഹത്തിന് ഹിമാലയം. നാം ആര്‍ജ്ജിച്ച ഇന്ത്യന്‍ യുക്തിബോധത്തെ മുഴുവന്‍ അഴിച്ചു വെച്ചു മാത്രം പ്രവേശിക്കാവുന്ന ഇടം. ഇന്ത്യന്‍ യുക്തിബോധം എന്ന് ഇവിടെ വിശേഷിപ്പിക്കുന്നത് നിരീശ്വരവാദമോ, മനുഷ്യകേന്ദ്രിതമായി അഹങ്കാരത്തോടെ പ്രത്യക്ഷപ്പെടുന്ന ശാസ്ത്രബോധമോ, മുതലാളിത്തത്തിന്റേയും കമ്യൂണിസത്തിന്റേയും രാഷ്ട്രമാതൃകകള്‍ ഒരേ പോലെ പ്രകീര്‍ത്തിച്ചിരുന്ന മുന്‍ പിന്‍ നോട്ടമില്ലാത്ത സാങ്കേതികമാത്രബദ്ധവികസനമോ അല്ല. വിവേകാനന്ദന്‍ മുതല്‍ ശ്രീനാരായണ ഗുരു വരെ ഇന്ത്യന്‍ ജനതയുടെ ചിന്തയിലും ലോകവീക്ഷണത്തിലും കൊണ്ടുവരാന്‍ പരിശ്രമിച്ച ആധുനിക മൂല്യബോധം കൂടിയാണ്. അത് ജാതിയെ നിരാകരിയ്ക്കുകയും മതത്തെ മൂല്യബോധമാക്കാന്‍ പരിശ്രമിക്കുകയും ചെയ്തു.
പുതിയ മനുഷ്യരാശിയെ സൃഷ്ടിക്കാന്‍ ദൈവത്തെക്കുറിച്ചുള്ള അവബോധത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തണം എന്ന തിരിച്ചറിവാണ് നവോത്ഥാനത്തിന്റെ പ്രധാനപ്പെട്ട ഒരു പ്രമേയം. നിങ്ങള്‍ക്ക് ഫുട്‌ബോള്‍ കളിച്ചും മോക്ഷം നേടാം എന്ന് വിവേകാനന്ദന്‍ പറയുമ്പോള്‍ ആ വാചകത്തെ നിര്‍ണയിക്കുന്നത് പഴയ മട്ടിലുള്ള വ്യാകരണം അല്ല.

പഴയ വ്യാകരണം വാക്കുകളുടെ ചേര്‍പ്പുകളെ നിശ്ചയിച്ചിരുന്നത് മറ്റൊരു ദൈവബോധത്താലാണ്. ഫുട്‌ബോള്‍ എന്ന പദവും മോക്ഷം എന്ന പദവും ഒപ്പം ചേര്‍ത്തു വയ്ക്കാന്‍ സമ്മതിക്കാത്ത ഒരു ബോധമായിരുന്നു അത്. ഈ ലേഖകന്‍ തന്നെ പലപ്പോഴും ചൂണ്ടിക്കാണിച്ച പോലെ നവോത്ഥാനപൂര്‍വ ദൈവബോധം "ഈ നരക വാരിധി നടുവില്‍ നിന്നെന്നെ കരകേറ്റീടണം ശിവശംഭോ ' എന്ന പ്രാര്‍ത്ഥനയില്‍ ഉള്‍ച്ചേര്‍ന്ന് കിടക്കുന്ന ഒന്നായിരുന്നു. രക്ഷിക്കാനും ശിക്ഷിക്കാനും അവകാശപ്പെട്ട ദൈവം. പ്രസാദിപ്പിക്കേണ്ട ദൈവം. നീതി എന്നത് കാണിക്കകൊണ്ടും പൂര്‍ണ്ണമായ അര്‍പ്പണം കൊണ്ടും മനുഷ്യര്‍ക്ക് കിട്ടുന്ന ദയാദാക്ഷിണ്യം ആണ് അവിടെ.
നവോത്ഥാനം കൊണ്ടുവന്ന ഈ സാംസ്‌കാരികാവസ്ഥയെ എങ്ങനെയാണ് ഫ്യൂഡലും സവര്‍ണവും രാജാധികാരത്തെ ഉള്ളില്‍പ്പേറുന്നതുമായ പഴയ ദൈവസങ്കല്പം നേരിട്ടത് എന്ന് പരിശോധിക്കുക സമകാലീനാവസ്ഥയില്‍ വളരെ പ്രസക്തമായ ഒന്നാണ്. ഹിന്ദുത്വം നമ്മുടെ സാമൂഹിക ജീവിതത്തില്‍ പിടിമുറുക്കിയിരിക്കുന്ന സാഹചര്യത്തില്‍ അത്തരമൊരു അന്വേഷണത്തിന്റെ പ്രാധാന്യം പതിന്മടങ്ങാകുന്നു. രാമചന്ദ്രന്മാര്‍ ഹിമാലയത്തിലെ യക്ഷ, കിന്നര, ഗന്ധര്‍വ്വര്‍ എന്നത് അവിടെ വസിക്കുന്നവരുടെ ശാരീരികവും സാംസ്‌കാരികവുമായ പ്രത്യേകതകളെ ആസ്പദമാക്കിയുള്ള നരവംശശാസ്ത്രപരമായ വേര്‍തിരിവല്ല, മറിച്ച് മനുഷ്യേതരമായ സിദ്ധികള്‍ ഉള്‍ക്കൊള്ളുന്ന തിര്യക്കുകള്‍ ആണ് എന്ന് അടിവരയിടുമ്പോള്‍ എന്തോ തകരുന്ന ശബ്ദം കേള്‍ക്കുകയാണെങ്കില്‍ സംശയിക്കേണ്ട, അത് നവോത്ഥാനം കൊണ്ടുവരാന്‍ ശ്രമിച്ച സാമൂഹ്യബോധത്തിന്റെ തകര്‍ച്ച തന്നെയാണ്. പ്രൊതിമ ബേദി മരിച്ചത് ഹിമാലയത്തിന്റെ ശാന്തിയേയും സമാധാനത്തേയും മാത്രമല്ല, ദൈവങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന നിഗൂഢമായ ഒരു ഭൂശാസ്ത്രത്തിന്റെ സമനിലയെ തകിടം മറിച്ച് നൃത്തം ചെയ്തത് കൊണ്ടാണ് എന്ന് പറയാന്‍ അദ്ദേഹത്തിന് ഒരു സന്ദേഹവും ഇല്ല.
വസ്തുത എന്ന പേരില്‍ "നിഷ്‌കളങ്കമായ ' ഒരു സര്‍ഗാത്മകാഖ്യാനം പ്രകാശിതമാകുമ്പോള്‍ അതിനെ പ്രശ്‌നവല്ക്കരിക്കേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ചും ഹിന്ദുത്വ ഫാസിസത്തിന്റെ കാലത്ത്.
വിമാനം പറത്തിപ്പോകുന്ന പൈലറ്റ് വായുവിലൂടെ ഒഴുകിപ്പോകുന്ന ആണ്‍ പെണ്‍ രൂപങ്ങളെ കണ്ടു എന്നത് നൂറ്റൊന്നു ശതമാനം സത്യമായി അദ്ദേഹം റിപ്പോര്‍ട്ട് ചെയ്യുന്നു. എല്ലാ വസ്തുക്കളും സ്വര്‍ണമാക്കാം എന്ന രസവിദ്യയില്‍ അദ്ദേഹം വിശ്വസിക്കുക മാത്രമല്ല , അതിനു വേണ്ടി ഹിമാലയത്തിലെ മഹത്തുക്കള്‍ ഒരുമിച്ച് ചേര്‍ന്ന് ശ്രമം ആരംഭിച്ചിട്ടുണ്ട് എന്ന് റിപ്പോര്‍ട്ട് ചെയ്യുക കൂടി ചെയ്യുന്നു. 1962 ലെ ഇന്തോ- ചീന യുദ്ധത്തില്‍ ചൈനക്കാര്‍ ബദരി ക്ഷേത്രം വരെ എത്തിയെന്നും, അവര്‍ അവിടെ നിന്ന് പിന്‍മാറാനുള്ള കാരണം, ഹിമാലയത്തിലെ യോഗി വര്യന്മാരുടെ ഒത്തൊരുമിച്ചുള്ള ആത്മീയ പ്രവര്‍ത്തനത്തിന്റെ ഫലമായിട്ടാണെന്നുമുള്ള വെളിപ്പെടുത്തല്‍ നടത്തുന്നു. ഹിമാലയത്തില്‍ 1990 കളിലുണ്ടായ ഭൂകമ്പത്തിന് തൊട്ട് മുമ്പ് ഉത്തരകാശിയിലെ ക്ഷേത്രത്തിന് മുന്‍വശത്തെ ശൂലത്തില്‍ നിന്ന് ഒരു മിന്നല്‍പ്പിണര്‍ ആകാശത്തേയ്ക്ക് കുതിച്ചു പാഞ്ഞു എന്ന "വസ്തുത ' യും നമ്മുടെ സീസ്‌മോ ഗ്രാഫിക് അറിവുകളിലേയ്ക്ക് അദ്ദേഹം കൂട്ടി വെയ്ക്കുന്നു. ഷാങ്ങ് ഗ്രില എന്ന മിത്ത് യാഥാര്‍ത്ഥ്യമാണ് എന്നതില്‍ അദ്ദേഹത്തിന് സംശയമേതുമില്ല. നവനാഥ് സംഘ് എന്ന പൊതുവേ പ്രശസ്തമായ സംന്യാസ സംഘം അദ്ദേഹത്തിന്റെ ആഖ്യാനത്തില്‍ യോഗ വിദ്യയുടെ പൊരുള്‍ തലമുറതലമുറ കൈമാറുന്ന രഹസ്യ സംഘമാകുന്നു. ഇന്നത്തെ തുറന്ന ലോകത്തിലേയ്ക്ക്, വിവരം അവകാശമായ സാഹചര്യത്തിലേയ്ക്ക്, യോഗ വിദ്യയുടെ പൊരുള്‍ വിവൃതമാക്കരുത് എന്ന് അദ്ദേഹം വിശ്വസിക്കുന്നുണ്ട്. അത് ഹിമാലയത്തിന്റെ ദുഷ്‌ക്കര സൗന്ദര്യത്തില്‍ മാത്രം വിരിയുന്ന ഒന്നായി നില്‍ക്കേണ്ടതുണ്ട്. അതിനാല്‍ യോഗികളുടെ ചിത്രം അദ്ദേഹത്തിന്റെ ക്യാമറയില്‍ പതിയുന്നില്ല. അദ്ദേഹത്തിന്റെ ഫേവര്‍ ലൂബ (അതോ റാഡോയോ?) വാച്ചിന്റെ ആന്തരാവയവങ്ങള്‍ യോഗികളുടെ ഉഗ്രനോട്ടത്തില്‍ നമ്മുടെ ഭൗതിക ശാസ്ത്ര ക്ലാസുകളുടെ പാഠാവലികള്‍ പകര്‍ന്നു തന്ന അറിവുകളെ നിരാകരിച്ച് ഉരുകിപ്പോകുന്നു.

നമ്മെ ബാല്യകാലത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്ന ഇത്തരം രസാഖ്യാനങ്ങളെ എന്തിന് നിരാകരിക്കണം? ആധുനിക യുക്തിബോധത്തിന് നമ്മുടെ നേരങ്ങളെ എന്തിന് വിട്ടുകൊടുക്കണം? ഫ്ലാറ്റിലെ മുറിയില്‍ വെളിച്ചം കൊണ്ട് വെള്ളപ്പൊക്കമുണ്ടാക്കി കഥ പറഞ്ഞ മാര്‍കേസിന് നമ്മള്‍ നോബല്‍ സമ്മാനം കൊടുത്തില്ലേ? എമില്‍ കുസ്തൂരിക്കയുടെ സിനിമയില്‍ പിന്തുടരുന്ന ആള്‍ക്കൂട്ടത്തില്‍ നിന്ന് കമിതാക്കള്‍ പറന്നുയര്‍ന്ന് രക്ഷപ്പെട്ടില്ലേ? ജോര്‍ജ് മെലി സിനിമയില്‍ മന്ത്രികതയുടേതായ ഒരു "ജോണര്‍ ' തുടങ്ങി വെച്ചില്ലേ? ലൂയി ബ്യുനുവല്‍ സിനിമയില്‍ യാഥാര്‍ത്ഥ്യവും സ്വപ്നവും യുക്തിയും അസംബന്ധവും തമ്മിലുള്ള അതിര്‍ത്തി തകര്‍ത്തില്ലേ? ആധുനിക മനുഷ്യര്‍ അത് കണ്ടാനന്ദിച്ചില്ലേ? ഈ ലേഖകന്‍ തന്നെ കവിതയെഴുതുമ്പോള്‍ നവോത്ഥാന യുക്തിയെ മുറുകെപ്പിടിക്കാറുണ്ടോ? നവോത്ഥാനന്തര ലോകം നവോത്ഥാന യുക്തികളെ യുക്തിപരമായി തന്നെ നിലംപരിശാക്കിയില്ലേ? എന്ന നിരവധി ചോദ്യങ്ങളെ നേരിട്ടു വേണം നമ്മുടെ അപഗ്രഥനത്തിന്റെ അടുത്ത ഘട്ടത്തിലേയ്ക്ക് കടക്കാന്‍.
ഒന്നാമത്തെ കാര്യം സര്‍ഗ്ഗാത്മകതയും വസ്തുതാ കഥനവും തമ്മില്‍ ഒരു വിഭജനരേഖ പ്രവര്‍ത്തിക്കുന്നുണ്ട്. വിഷയം എന്ന നിലയ്ക്ക് മാത്രമല്ല, ജീവിതത്തിന്റെ സമസ്ത തലങ്ങളിലും പ്രവര്‍ത്തിക്കുന്ന വിഭജനം ആണത്. അവ തമ്മില്‍ കൊടുക്കല്‍ വാങ്ങലുകള്‍ ഇല്ലെന്നല്ല. ചേര്‍ന്ന് നില്ക്കുന്ന പോലെ തന്നെ അവ തമ്മില്‍ പോരടിയ്ക്കുന്നുമുണ്ട്. അതു കൊണ്ട് വസ്തുത എന്ന പേരില്‍ "നിഷ്‌കളങ്കമായ ' ഒരു സര്‍ഗാത്മകാഖ്യാനം പ്രകാശിതമാകുമ്പോള്‍ അതിനെ പ്രശ്‌നവല്ക്കരിക്കേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ചും ഹിന്ദുത്വ ഫാസിസത്തിന്റെ കാലത്ത്.
ഫാസിസം സംസ്‌കാരത്തെ നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഉപകരണങ്ങളില്‍ ഒന്ന് സര്‍ഗാത്മകതയുടെ വസ്തുതാവല്ക്കരണമാണ്.
അയോധ്യാപ്രശ്‌നം കലുഷിതമാക്കിയ ദശകങ്ങളില്‍ ജീവിച്ച നമ്മളോട് അത് പ്രത്യേകം പറയേണ്ടതില്ലല്ലോ. ചില പുസ്തകങ്ങളേയും ചില സങ്കല്പനങ്ങളേയും ഇളകാതെ സംരക്ഷിക്കേണ്ട കൂട്ടങ്ങള്‍ ആയിട്ടാണ് അവര്‍ സമൂഹത്തെ കാണുന്നത്. ഹിന്ദുത്വ എന്നാല്‍ ഹിന്ദുയിസം അല്ല എന്നത് വിനായക് ദാമോദര്‍ സവര്‍ക്കറുടെ ഹിന്ദുത്വ എന്ന പുസ്തകത്തിലെ, ഇന്ത്യയിലെ ഹിന്ദുത്വ ഫാസിസത്തിന്റെ ഏറ്റവും ആദ്യത്തെ പാഠത്തിലെ, ആദ്യവാചകങ്ങളില്‍ ഒന്നാണ്.

അതേ സമയം ഹിന്ദുയിസം ഹിന്ദുത്വത്തില്‍ നിന്നും വേര്‍പെട്ട ഒന്നല്ല എന്നും സവര്‍ക്കര്‍ വ്യക്തമാക്കുന്നു. ഹിന്ദുത്വത്തിലേക്കെത്തിക്കുന്ന ഒരു പാതയായി ഹിന്ദുയിസത്തെ ഉപയോഗ്യയോഗ്യമാക്കുക എന്നത് ഹിന്ദുത്വ ഫാസിസത്തിന്റെ ആവശ്യങ്ങളില്‍ പ്രധാനപ്പെട്ടത്. ഹിന്ദുത്വത്തെ സഹായിക്കാത്ത ഹിന്ദുയിസത്തെ അവര്‍ക്കാവശ്യമില്ല. ഗാന്ധിവധത്തിലേയ്ക്ക് ഹിന്ദുത്വ ഫാസിസ്റ്റുകളെ നയിച്ചത് ഇക്കാര്യമാണ്. അതുകൊണ്ട് അതിന്റെ തന്നെ ഉറവുകളെ ചോദ്യം ചെയ്യുന്ന നവോത്ഥാനാന്തര ഹിന്ദുവിനെ, അത് ഹിന്ദു എന്ന പേര് കാനേഷുമാരിക്കണക്കില്‍ പേറുന്ന പിന്നോക്കക്കാരോ ദളിതരോ സവര്‍ണ വിമതരോ മറ്റുള്ളവരോ ആകാം, അവര്‍ക്കാവശ്യമില്ല. നവോത്ഥാനവും നവോത്ഥാനന്തരതയും ഹിന്ദു പ്രമാണങ്ങള്‍ എന്ന് ഹിന്ദുത്വ ശാശ്വതവത്കരിക്കാന്‍ ശ്രമിച്ച ഗ്രന്ഥങ്ങളെ പ്രശ്‌നവത്കരിച്ചത് കൊണ്ടാണ് അതിനോട് അവര്‍ക്ക് ഉള്ളാലെ ഒരു കണക്ക് ബാക്കിനില്‍ക്കുന്നത്. രാമസ്വാമി നായ്ക്കര്‍ കീമായണവും കുമാരനാശാന്‍ ചിന്താവിഷ്ടയായ സീതയും എഴുതി. അതിനും മുന്‍പേ തന്നെ മഹാബലി കേരളത്തിലെങ്കിലും വാമനനെ വില്ലനാക്കി. വടക്കന്‍ കേരളത്തില്‍ രാമന്‍ വധിച്ച ബാലി തെയ്യമായി, ദൈവമായി. ഇങ്ങനെ ഹിന്ദുത്വത്തോടിടയുന്ന ഹിന്ദുയിസം പതുക്കെ പതുക്കെ യാഥാസ്ഥിതികതയ്ക്കപ്പുറം ഒരു ആധുനിക സ്ഥലിയിലേയ്ക്കു നീങ്ങുമ്പോഴാണ് ഈ നിഷ്‌കളങ്കാഖ്യാനങ്ങള്‍ ഉണ്ടാകുന്നത്. ജാതിവിരുദ്ധസമരങ്ങള്‍ തിരുവിതാംകൂറിനെ തകിടം മറിക്കുന്ന കാലത്താണ് കൊട്ടാരത്തില്‍ ശങ്കുണ്ണീയുടെ ഐതിഹ്യമാല സംഭവിക്കുന്നത്. പില്‍ക്കാല മുതലാളിത്തത്തിന് ബി പോസിറ്റീവ് പുസ്തകങ്ങള്‍ എങ്ങനെയായിരുന്നോ അതുപോലെ ഒന്നായിരുന്നു മായുന്ന ഫ്യൂഡലിസത്തിന് ഐതിഹ്യമാല. ഹിറ്റ്‌ലറുടെ ഫാസിസത്തിനും സ്റ്റാലിന്റെ സമഗ്രാധിപത്യത്തിനും ബാലസാഹിത്യത്തോളം എത്തുന്ന നിഷ്‌കളങ്കസാഹിത്യം ഉണ്ടായിരുന്നു. സംക്രമണഘട്ടങ്ങളില്‍ ഉണ്ടാകുന്ന നിഷ്‌കളങ്കാഖ്യാനങ്ങള്‍ അബോധത്തില്‍ അത്ര നിഷ്‌കളങ്കമല്ല എന്നാണ് ഇതെല്ലാം ചൂണ്ടിക്കാണിക്കുന്നത്
ഇന്ത്യയില്‍ ഇത്തരം ഒരു നിഷ്‌ക്കളങ്ക ഹിന്ദുസാഹിത്യത്തിന്റെ ഉത്തമ ഉദാഹരണം ശ്രീ പരമഹംസ യോഗാനന്ദ രചിച്ച നിരവധി ഇന്ത്യന്‍ ഭാഷകളില്‍ തര്‍ജ്ജമ ചെയ്ത ഓട്ടോബയോഗ്രഫി ഓഫ് എ യോഗി ആണ്. ഇന്ന് ഹിമാലയന്‍ ഗ്രന്ഥങ്ങളില്‍ കാണുന്ന പല സ്ഥിരം കഥാപാത്രങ്ങളും ആദ്യമായി അച്ചടിരൂപത്തില്‍ പ്രത്യക്ഷപ്പെടുന്നത് ഇതിലാണ്. ബാബാജി എന്നു പറയുന്ന മരണമില്ലാത്ത യോഗീശ്വരന്‍ പ്രത്യേകിച്ചും. പതിനാറുവയസ്സുകാരന്റെ മുഖപ്രകൃതിയും ദേഹ പ്രകൃതിയുമാണ് അയാള്‍ക്കുള്ളത്. ഹിമാലയത്തില്‍ മാത്രമല്ല, എവിടേയും ആവശ്യമുള്ളപ്പോള്‍ പ്രത്യക്ഷപ്പെടാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. അദ്ദേഹം ദൈവമല്ല. പക്ഷേ നവോത്ഥാനപൂര്‍വ്വ ദൈവത്തിന് എന്തൊക്കെ പ്രത്യേകതകള്‍ ഉണ്ടായിരുന്നോ അതെല്ലാം ബാബാജിക്ക് ഉണ്ട്. പ്രത്യക്ഷമാകാനും അപ്രത്യക്ഷമാകാനുമുള്ള കഴിവ്. ഭൂതവും ഭാവിയും കാണാനുള്ള കഴിവ് തുടങ്ങിയവ. യോഗാഭ്യാസനത്തിലൂടെ ആ സ്ഥിതി പൂകാനാകും എന്ന സാധ്യതയാണ് ഈ പുസ്തകം അവശേഷിപ്പിക്കുന്നത്. അതായത് നവോത്ഥാനം ഏതു ദൈവസങ്കല്പത്തെയാണോ ഇല്ലാതാക്കാനാഞ്ഞത് ആ ദൈവസങ്കല്പത്തെ കൂടുതല്‍ ശക്തിയോടെ ഉറപ്പിക്കുകയാണ് ഈ പുസ്തകം ചെയ്തത്.
അമര്‍ ചിത്രകഥാ സന്ദര്‍ഭങ്ങളാല്‍ സമൃദ്ധമായ ഈ രചനയാണോ, ശ്രീ എം ന് ഇടതുപക്ഷ ഗവണ്മെന്റുകളുടെയടക്കം രാജഗുരുപദവി നേടിക്കൊടുത്തത് എന്ന് ആര്‍ക്കും ശംശയിക്കാന്‍ തോന്നുന്ന വിധം ലളിതമായ ഒരു ഫിക്ഷന്‍ സ്വഭാവമാണ് ഇതിനുളളത്.
ബാലി തെയ്യം / ചിത്രം: സനീഷ് ടി.കെ.
നല്ലൊരളവില്‍ ആ പുസ്തകത്തെ പിന്‍പറ്റിയ ശ്രീ എമ്മിന്റെ ആത്മകഥ ഒരു പക്ഷേ ഈ നൂറ്റാണ്ടില്‍ ഇറങ്ങിയ ഏറ്റവും "നിഷ്‌കളങ്ക' മായ ഹിമാലയാഖ്യാനമാണ്. ഓട്ടോബയോഗ്രഫി ഓഫ് എ യോഗിയുടെ എഴുത്തുമാതൃക മാത്രമല്ല, കഥാപാത്രങ്ങളും ഇതിലുണ്ട്. വഞ്ചിയൂരില്‍ മുസ്ലിം കുടുംബത്തില്‍ ജനിച്ച ശ്രീ എം ന് ഒരു ഭൂതകാലമുണ്ട്. പക്ഷെ അത് നമ്മുടെ ചരിത്രകാലത്തിന്റെ കോ - ഓര്‍ഡിനേഷനുകളില്‍ ഒതുങ്ങുന്നതല്ല. പുനര്‍ജന്മം വായിക്കാന്‍ കെല്പു നേടിയശേഷമാണ് ശ്രീ എം അതു മനസ്സിലാക്കിയത് എന്നു പറയുന്നുണ്ട്. പക്ഷേ പുസ്തകത്തില്‍ ആദ്യം തന്നെ അതു വിവരിക്കുന്നുണ്ട്. ഇത്തരം ഒരു പുസ്തകം എഴുതുമ്പോള്‍ തുടക്കത്തില്‍ തന്നെ അത്തരമൊരു അതിന്ദ്രീയാനുഭവം അത്യാവശ്യമാണ്. യോഗാനന്ദപരമഹംസന്‍ ഉണ്ടാക്കിയെടുത്ത സാംസ്‌കാരിക മൂലധനത്തിന്റെ പലിശയ്ക്കുമുകളിലാണ് ഈ രചന. ഒരു പ്രധാനപ്പെട്ട വ്യത്യാസം ഉള്ളത് നവോത്ഥാന ദൈവസങ്കല്പത്തെ തകിടം മറിക്കേണ്ടത് ഹിന്ദുത്വയുടെ ആവശ്യമായ കാലത്താണ് ഇത് എഴുതപ്പെടുന്നത് എന്നാണ്.
ഹിമാലയത്തിലെ ബദരീനാഥത്തില്‍ ആസ്ഥാനമുറപ്പിച്ച മധു എന്ന അവധൂതന്റെ അടുത്തേയ്ക്ക് ഒരു സൂഫി അന്വേഷകന്‍ വളരെ ത്യാഗങ്ങള്‍ സഹിച്ച് എത്തുന്നു. തന്റെ സൂഫിഗുരു പറഞ്ഞതനുസരിച്ച് ആത്മസാക്ഷാത്ക്കാരത്തിന്റെ രഹസ്യം അറിയാനാണദ്ദേഹം അവിടെ എത്തുന്നത്. ദേഹം മുഴുവന്‍ ക്ഷതങ്ങളോടെ എത്തുന്ന സൂഫി അന്വേഷകന്‍ മധുവിന്റെ കാലില്‍ വീഴുന്നു. മാംസഭോജിയായ അന്വേഷകനെ പക്ഷെ മധു കോപത്തോടെയാണ് നേരിടുന്നത്. ശാപം നല്‍കാന്‍ മാത്രം സിദ്ധി ആര്‍ജ്ജിച്ച മധു അതു അന്വേഷകന്റെ മേല്‍ ചൊരിയാതെ ഒരു സൗജന്യം അനുവദിക്കുന്നുമുണ്ട്. എന്നാല്‍ മധുവിനാല്‍ കയ്യൊഴിയപ്പെട്ട സൂഫി അന്വേഷകന്‍ അപ്പോള്‍ തന്നെ അളകനന്ദാനദിയില്‍ ചാടി ആത്മഹത്യ ചെയ്യുന്നു. എന്നിട്ടു യാതൊരു കുറ്റബോധവും കൂടാതെ മധു അളകനന്ദയില്‍ ഇറങ്ങി മുങ്ങുന്നു. കുളിച്ച് സന്തോഷത്തോടെ വരുന്ന മധുവിന്റെ മുന്നില്‍ ബാബാജി പ്രത്യക്ഷപ്പെടുന്നു. (പരമഹംസ യോഗാനന്ദന്റെ പുസ്തകത്തിലെ അതേ ബാബാജി തന്നെ. വെള്ളക്കാരന്റെ നിറവും ജരാനരകള്‍ പിടികൂടാത്ത ശരീരവും ഉള്ള അതേ ബാബാജി ). അന്വേഷകന്റെ ആവശ്യത്തോട് മുഖവും മനസ്സും തിരിച്ചതിന് ബാബാജി മധുവിനെ ശാസിക്കുന്നു. ഇപ്പോള്‍ തന്നെ സമാധി കൈവരിക്കാന്‍ പ്രേരിപ്പിക്കുന്നു. അങ്ങനെ അദ്ദേഹം സമാധി കൈവരിക്കുന്നു.

ഇങ്ങനെ സമാധി കൈവരിച്ച മധുവിന്റെ പുനര്‍ജന്മമാണ് നാം വായിക്കുന്ന ഈ പുസ്തകത്തിന്റെ കര്‍ത്താവ് ശ്രീ എം. ഇത്തരത്തിലുള്ള അമര്‍ ചിത്രകഥാ സന്ദര്‍ഭങ്ങളാല്‍ സമൃദ്ധമായ ഈ രചനയാണോ, ശ്രീ എം ന് ഇടതുപക്ഷ ഗവണ്മെന്റുകളുടെയടക്കം രാജഗുരുപദവി നേടിക്കൊടുത്തത് എന്ന് ആര്‍ക്കും സംശയിക്കാന്‍ തോന്നുന്ന വിധം ലളിതമായ ഒരു ഫിക്ഷന്‍ സ്വഭാവമാണ് ഇതിനുളളത്. സ്വാമിത്തോപ്പിലെ ശ്മശാനത്തില്‍ പ്രേതത്തെ കണ്ടുമുട്ടുന്നതോ കാലടിമസ്താന്റെ ഉച്ഛിഷ്ടച്ചായ കുടിച്ച് മൂന്നുദിവസം ബോധം കെട്ടു കിടന്നതോ ഒന്നും ഇനി നിങ്ങളെ അത്ഭുതപ്പെടുത്തില്ല. തമിഴ്‌നാട്ടിലെ പോട്ടല്‍ പുത്തൂരില്‍ വെച്ച് ദുഷ്ട അതിന്ദ്രീയ ശക്തികള്‍ ആക്രമിക്കാന്‍ വന്നതും വീട്ടുവളപ്പില്‍ മുജ്ജന്മത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കാന്‍ ഗുരു പ്രത്യക്ഷപ്പെട്ടതും സ്വാഭാവികമാകുന്നു. കേരളീയനല്ലാത്ത ഈ ഗുരു ബദരീനാഥത്തിലെ മലയാളി പുരോഹിതനോടു സംസാരിക്കുമ്പോള്‍ അയാളുടെ തലച്ചോറിലൂടെ സഞ്ചരിക്കുന്ന മലയാളവീചികള്‍ പിടിച്ചെടുത്ത് മലയാളത്തില്‍ പ്രതിവചിക്കുന്നു. അരുന്ധതി ഗുഹയില്‍ വെച്ചു നടന്ന സംഭവം മാത്രം ഒരു പക്ഷേ, നിങ്ങളുടെ നെറ്റി അല്പം ചുളിച്ചേക്കാം. ഒരു രാത്രിയില്‍ ഒരു തീഗോളം അവിടെ താമസിക്കുന്ന ശ്രീ എമ്മിന്റേയും ഗുരുവിന്റേയും മുന്നില്‍ വന്നു വീഴുന്നു. ഇംഗ്ലീഷില്‍ നിന്ന് അതൊന്നു പരിഭാഷപ്പെടുത്തി നോക്കാം. ""രണ്ടടിപ്പൊക്കമുള്ള തീഗോളം നെടുകെപ്പിളർന്ന് പുറത്തുവന്ന ‘അത്’ എന്റെ ശരീരത്തിലെമ്പാടും രോമാഞ്ചം മൂലമുള്ള മുകുളങ്ങള്‍ സൃഷ്ടിച്ചു . മൂര്‍ഖന്റേതുപോലത്തെ പത്തിയുള്ള, നീലനിറത്തില്‍ വിദ്യുത്പ്രവാഹം പോലെ തിളങ്ങുന്ന വലിയൊരു സര്‍പ്പമായിരുന്നു അത്.''
ആ നാഗം ഗുരുവിന്റെ മുന്നില്‍ നമസ്‌കരിക്കുകയും പരസ്പരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്യുന്നുണ്ട്. ആകാശഗംഗയില്‍ ഏഴുഗ്രഹങ്ങളും പതിനെട്ടു ചന്ദ്രന്മാരുമുള്ള ഒരു സൗരയൂഥത്തിലാണു നാഗലോകം സ്ഥിതി ചെയ്യുന്നതെന്നും , അവിടെ നിന്നാണ് അതിഥിയായ സര്‍പ്പം വന്നതെന്നും ശ്രീ എം വെളിപ്പെടുത്തുന്നുണ്ട്.

ഇത്തരം കൗതുകകരമായ മൊണ്ടാഷുകളിലൂടെയും മിസ് എന്‍ സീനുകളിലൂടെയുമാണു ഈ ആത്മകഥ വികസിക്കുന്നത്. ഈ നൂറ്റാണ്ടില്‍ ഇത്തരമൊരു ആത്മകഥ ആരെയാണ് അഭിമുഖീകരിക്കുക എന്ന് നമുക്ക് അത്ഭുതപ്പെടാം. പക്ഷെ ഈ അമര്‍ചിത്രകഥാ മുഹൂര്‍ത്തങ്ങള്‍ എങ്ങനെയാണ് നവോത്ഥാന, നവോത്ഥാനന്തര മനുഷ്യരെ ബാധിക്കുന്നത് എന്നറിയാന്‍ ഒന്നു രണ്ടു ഉദാഹരണങ്ങള്‍ കൂടിപ്പറയാം. ഒന്ന്, വഞ്ചിയൂരിലെ അയല്‍പക്ക ജീവിതത്തെപറ്റി: ""5 വയസ്സിനും 9 വയസ്സിനുമിടക്ക് ഞാന്‍ ഹിന്ദുയിസത്തോടും ക്രിസ്റ്റ്യാനിറ്റിയോടും മുഖാമുഖം ദര്‍ശിച്ചു. ആ വയസ്സില്‍ തന്നെ ഒരു മതത്തില്‍പ്പെട്ട ആളുകള്‍ മറ്റുള്ള മതങ്ങളോട് എത്രമാത്രം മുന്‍ വിധികള്‍ ആണ് പുലര്‍ത്തുന്നത് എന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നു. ഉദാഹരണത്തിന് മുസ്ലിം സിദ്ധരെക്കുറിച്ച് പറയുമ്പോള്‍ ഉന്മാദത്തിലെത്തുന്ന എന്റെ വല്യുമ്മ ഹിന്ദുമതത്തെ വെറുത്തിരുന്നു. ഞങ്ങളുടെ ഏതെങ്കിലും ഹിന്ദു അയല്‍ക്കാരുടെ വീടുകളില്‍ നിന്നും ഭക്ഷണം കഴിക്കുന്നതിനെതിരെ അവര്‍ എനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. അവിശുദ്ധര്‍ എന്ന് അവര്‍ കരുതിയിരുന്ന ഹിന്ദുദൈവങ്ങള്‍ക്ക് നിവേദിച്ചതാകും ആ ഭക്ഷണപദാര്‍ത്ഥങ്ങള്‍ എന്നവര്‍ കരുതിയിരുന്നു. ഹിന്ദുക്കളെ വിഗ്രഹാരാധകര്‍ എന്ന് പലപ്പോഴും വിശേഷിപ്പിച്ചിരുന്നു. ഇസ്ലാമിന്റെ ഉദയമാണ് മനുഷ്യരാശിയ്ക്ക് സംഭവിച്ച ഏറ്റവും വലിയ നേട്ടം എന്ന് അവര്‍ കരുതിയിരുന്നു. മുസ്ലിംകള്ക്ക് സ്വര്‍ഗ്ഗത്തില്‍ ഒരു സ്ഥാനം ഉറപ്പു വരുത്തിയിരിക്കുന്നു'' (പേജ് 4)
ഞങ്ങളുടെ അയല്‍ക്കാര്‍ മുഴുവന്‍ ഹിന്ദുക്കള്‍ ആയിരുന്നു. അവരുടെ വീടുകള്‍ സന്ദര്‍ശിക്കുമ്പോള്‍ അവര്‍ ആരാധിച്ചിരുന്നിരുന്നദൈവങ്ങളുടെ വൈവിദ്ധ്യബാഹുല്യം എന്നെ ആകര്‍ഷിച്ചിരുന്നു. ഒരു യാഥാസ്ഥിതിക ബ്രാഹ്‌മണകുടുംബത്തിലെ ഒരു സ്ത്രീ എന്നെ വലുതായി ഇഷ്ടപ്പെടുകയും എനിക്ക് മധുരപലഹാരങ്ങള്‍ തരുന്നതില്‍ ആനന്ദം അനുഭവിക്കുകയും ചെയ്തത് എന്നെ അത്ഭുതപ്പെടുത്തി. അതേ സമയം എന്റെ വല്യുമ്മ അവ കഴിക്കുന്നതില്‍ നിന്നും എന്നെ തടയുകയാണ് ചെയ്തത്. അതേ സമയം റംസാന്റേയും ബക്രീദിന്റേയും അവസരത്തില്‍ എന്റെ ഉമ്മ ഉണ്ടാക്കി അയല്പക്കത്തെ നായര്‍ വീടുകളില്‍ വിതരണം ചെയ്തിരുന്ന രുചികരമായ മട്ടണ്‍ബിരിയാണിക്ക് കാത്തിരിക്കുകയായിരുന്നു എന്റെ ഹിന്ദു അയല്‍ക്കാര്‍. എന്റെ കാര്യം പറയുകയാണെങ്കില്‍ ഞാന്‍ ഇഡ്ഡലിയ്ക്കും സാമ്പാറിനും പുത്തന്‍ വാഴയിലയില്‍ വിളമ്പുന്ന മലയാളി പച്ചക്കറി ഊണിനും വേണ്ടി കൊതിച്ചു ( പേജ് 5)
ഹൈന്ദവാഭിമുഖ്യം തന്നില്‍ പുനര്‍ജന്മസ്മൃതിയായി എങ്ങനെ ചേര്‍ന്നലിഞ്ഞുകിടക്കുന്നു എന്ന് വ്യക്തമാക്കാനാണ് ഓര്‍മകളെ ശ്രീ എം ഇങ്ങനെ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഒരു ഹിന്ദു രാജ്യമായിരുന്ന തിരുവിതാംകൂറില്‍ ഹിന്ദുക്കള്‍ എത്രമാത്രം സഹിഷ്ണുതയുള്ളവരും മുസ്‌ലീങ്ങള്‍ അസഹിഷ്ണുക്കളുമായിരുന്നു എന്ന് എത്ര നിഷ്‌കളങ്കമായാണ് പറഞ്ഞു വെയ്ക്കുന്നത് . അതുപോലെത്തന്നെ തന്റെ തീറ്റശീലങ്ങള്‍ എത്രമാത്രം ബ്രാഹ്‌മണികമായിരുന്നു എന്നും. ബീഫ് കഴിച്ചതിന് തല്ലിക്കൊല്ലപ്പെട്ട മനുഷ്യരുള്ള ഒരു രാജ്യത്തിരുന്നാണ് ഈ പുസ്തകത്തിന്റെ പാരായണം നിര്‍വ്വഹിക്കുന്നത് എന്ന് അറിയാത്ത വിധം മസൃണവും "സ്വാഭാവികവു ' മായാണ് ഈ ആഖ്യാനം നീങ്ങുന്നത്. നവോത്ഥാനം ഭക്ഷണശീലങ്ങളേയും വസ്ത്രധാരണത്തേയും അട്ടിമറിച്ചതൊന്നും ഈ ആത്മകഥയുടെ പ്രശ്‌നങ്ങളേ അല്ല. സ്വയം സന്യാസം സ്വീകരിച്ച് ചരിത്രം സൃഷ്ടിച്ച ശ്രീനാരായണഗുരു ഈ പുസ്തകത്തില്‍ സ്മരിക്കപ്പെടുന്നുണ്ടെങ്കിലും അത് വ്യാജവിവരണങ്ങളും ശ്രദ്ധക്കുറവുകളും കൊണ്ടു മാത്രമാണ് നമ്മുടെ ശ്രദ്ധയാകര്‍ഷിക്കുക.
വേദാന്തത്തിലേയും സോക്രട്ടിസത്തിലേയും പരമോന്നതതത്വമായ "മനുഷ്യാ, നീ നിന്നെത്തന്നെ അറിയുക എന്നത് ഉദാഹരിക്കുന്നതിനു വേണ്ടി സമകാലീന ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട മലയാളി എന്നു സര്‍വ്വസമ്മതി നേടിയ ശ്രീനാരായണഗുരുവിനെക്കുറിച്ച് വരുത്തിയ അക്ഷന്തവ്യമായ തെറ്റുകള്‍ക്ക് ഗ്രന്ഥകാരന്‍ എവിടെയെങ്കിലും ഖേദിച്ചതായി കേട്ടിട്ടില്ല.
ശ്രീനാരായണഗുരുവിന്റെ സ്വാധീനംമാത്രമല്ല, ഓര്‍മയും തിരുവിതാംകൂറില്‍ നിറഞ്ഞുനില്‍ക്കുന്ന കാലത്താണ് ശ്രീ എമ്മിന്റെ കുട്ടിക്കാലം എന്നു നമുക്ക് കാലഗണനയില്‍ നിന്ന് ഊഹിക്കാം. തന്റെ അവധൂതകാലത്ത് രണ്ടു വര്‍ഷം ശിവഗിരിയില്‍ ചെലവഴിച്ചതായി അദ്ദേഹം പറയുന്നുമുണ്ട്. എന്നിട്ടും ഭാര്യയുടെ മരണശേഷം സന്യാസത്തിനിറങ്ങിയതാണ് ശ്രീനാരായണഗുരു എന്ന ചരിത്രത്തോട് ഒരു തരത്തിലും നീതി പുലര്‍ത്താത്ത വിവരണമാണ് ശ്രീനാരായണഗുരുവിന്റെ കഥ എന്ന അദ്ധ്യായത്തില്‍ അദ്ദേഹം നല്‍കുന്നത് "ആന്തരികാനുഭവങ്ങള്‍ ഒരു വശത്ത് ആത്മീയാദ്ധ്യാപനമായും മറുവശത്ത് സാമൂഹികപരിഷ്‌കരണമായും ( ശ്രീനാരായണഗുരുവില്‍ ) വിടര്‍ന്നു. പ്രത്യേകിച്ചും ഹ്രസ്വകാലത്തെ അസുഖത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാര്യ മരിച്ചപ്പോള്‍ (അവര്‍ക്ക് കുട്ടികള്‍ ഉണ്ടായിരുന്നില്ല ) നാണു, വലിയ കൂട്ടം അനുയായികളുള്ള, ഒരു മുഴുവന്‍ സമയ അവധൂതനായി. ജനങ്ങള്‍ അദ്ദേഹത്തെ ശ്രീനാരായണഗുരു എന്നു വിളിച്ചു. ഉപേക്ഷിക്കപ്പെട്ട ക്ഷേത്രങ്ങള്‍ അദ്ദേഹം പുനര്‍നിര്‍മ്മാണം നടത്താന്‍ സഹായിക്കുകയും ചട്ടങ്ങള്‍ക്കെതിരായി ബ്രാഹ്‌മണരോട് അനുവാദം വാങ്ങാതെ അവയ്ക്കുള്ളില്‍ പ്രതിഷ്ഠകള്‍ സ്ഥാപിക്കുകയും ചെയ്തു. ഒരു ക്ഷേത്രത്തിലെ പ്രതിഷ്ഠ നഷ്ടപ്പെട്ടപ്പോള്‍ അദ്ദേഹം അവിടെ ഒരു കണ്ണാടി സ്ഥാപിച്ചു. വേദാന്തത്തിലേയും സോക്രട്ടിസത്തിലേയും പരമോന്നതതത്വമായ "മനുഷ്യാ, നീ നിന്നെത്തന്നെ അറിയുക എന്നത് ഉദാഹരിക്കുന്നതിനു വേണ്ടി സമകാലീന ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട മലയാളി എന്നു സര്‍വ്വസമ്മതി നേടിയ ശ്രീനാരായണഗുരുവിനെക്കുറിച്ച് വരുത്തിയ അക്ഷന്തവ്യമായ തെറ്റുകള്‍ക്ക് ഗ്രന്ഥകാരന്‍ എവിടെയെങ്കിലും ഖേദിച്ചതായി കേട്ടിട്ടില്ല. അതു പോട്ടെ ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠ നിര്‍വ്വഹിക്കാന്‍ ബ്രാഹ്‌മണരോട് അനുവാദം വാങ്ങിയില്ല എന്ന ഒഴുക്കന്‍ വരികൊണ്ട് ആ ജീവിതത്തെ തന്നെ റദ്ദു ചെയ്യുകയാണ് ശ്രീ എം ചെയ്യുന്നത്. ശ്രീനാരായണഗുരുവിന് ക്ഷേത്രപ്രവേശനം അനുവദിച്ചിരുന്നില്ല എന്ന കാര്യം മൂടിവെച്ചുകൊണ്ട് ഉപേക്ഷിക്കപ്പെട്ട ക്ഷേത്രങ്ങളെ പുനരുദ്ധരിക്കുന്ന ആളായിരുന്നു എന്ന മട്ടില്‍ ഒരു വ്യാജോക്തി എഴുതി ചേര്‍ക്കുന്നു. പുതിയ കേരളത്തിന്റെ തറക്കല്ലിടലായി പില്‍ക്കാലം മനസ്സിലാക്കിയ അരുവിപ്പുറം പ്രതിഷ്ഠയാകട്ടെ ബ്രാഹ്‌മണരോട് കൂടിയാലോചിക്കാതെ നടത്തിയ ക്ഷേത്രപുനരുദ്ധാരണം ആയിത്തീരുന്നു.
വ്യാജചരിത്രം ഉണ്ടാകുന്നത് കരുതിക്കൂട്ടിമാത്രമാണെന്ന് ഈ ലേഖകന്‍ വിശ്വസിക്കുന്നില്ല. മറിച്ച് അത് പലപ്പോഴും സംഭവിക്കുന്നത് അവഗണനകൊണ്ടുകൂടിയാണ്. ഈ അവഗണന തിരുവിതാംകൂറിന്റെ ചരിത്രത്തില്‍ മാത്രമല്ല. താന്‍ സഞ്ചരിച്ച ചരിത്രകാലത്തോട് മുഴുവന്‍ ശ്രീ എം പുലര്‍ത്തുന്നുണ്ട്.

പ്രാകൃതമായ മതബോധവും ഉപനിഷദ്ക്കാലത്ത് തന്നെ തളഞ്ഞുകിടക്കുന്ന ആലോചനയും സ്വപ്നങ്ങളും മാന്ത്രികതകളും എല്ലാം ചേര്‍ന്ന് നവോത്ഥാനചരിത്രത്തെ മായ്ച്ചുകളയുകയാണ് കുട്ടിക്കഥ പോലെ അത്ഭുതങ്ങള്‍ കൊരുത്തുണ്ടാക്കിയ ഈ ആത്മകഥയുടെ കാതല്‍. സൂക്ഷിച്ചുനോക്കിയാല്‍ മതമെന്നാല്‍ ഭൂതകാലത്തെ കെട്ടുകഥകളില്‍ കുടുങ്ങിക്കിടക്കുന്ന ഒന്നാണെന്നും അത് അപഗ്രഥനവിധേയമാക്കേണ്ട ഒന്നല്ലെന്നും ഉള്ള അബോധം സൃഷ്ടിക്കാന്‍ സഹായിക്കുന്ന പുസ്തകം ആണിത്. നിര്‍ഭാഗ്യവശാല്‍ ഈ വ്യാഖാനത്തിന്റെ പ്രയോഗമാണ് മലയാളി സമൂഹത്തില്‍ ഹിന്ദുത്വശക്തികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. എം. എം. ബഷീറിന്റെ രാമായണവ്യാഖാനം മുതല്‍ മീശ എന്ന നോവലിന്റെ പ്രസിദ്ധീകരണം വരെ തടയുന്ന വിധത്തില്‍ ഹിന്ദുത്വശക്തികളുടെ വളര്‍ച്ച ഉണ്ടായതിനുപിന്നില്‍ ഇത്തരം നിഷ്‌കളങ്കാഖ്യാനങ്ങള്‍ക്കും പങ്കുണ്ട് എന്നറിയുമ്പോള്‍ മാത്രമേ ഒരു ഇടതുപക്ഷ ഗവണ്മെന്റില്‍ നിന്നും നാം പ്രതീക്ഷിക്കാത്ത തരത്തിലുളള ഇത്തരം രാജഗുരു പദവികള്‍ എത്ര പ്രതിലോമകരമാണ് എന്ന് നാം തിരിച്ചറിയൂ. രാഷ്ട്രീയാധികാരമല്ല, മറിച്ച് സാംസ്‌കാരാധികാരമാണ് ഹിന്ദുത്വശക്തികള്‍ കേരളത്തില്‍ സ്വായത്തമാക്കിക്കൊണ്ടിരിക്കുന്നത് എന്ന് തിരിച്ചറിഞ്ഞവരെ ഞെട്ടിക്കുന്ന തീരുമാനം ആണിത്. ശ്രീ എമ്മും ശ്രീ എച്ചും (ഹിന്ദുത്വ) ശ്രീ എല്ലും (ലെഫ്റ്റ്) തമ്മിലുള്ള സാംസ്‌കാരികബന്ധങ്ങള്‍ ഇത്രക്കും അജ്ഞതയില്‍ കെട്ടിപ്പൊക്കിയതായിക്കൂടാ.▮