പടപ്പടവുകള്‍
കെ. രാമചന്ദ്രൻ
എ ബിഡ് ഫോര്‍ ബംഗാള്‍
ഓര്‍മകളുടെ രാഷ്ട്രീയത്തിലൂടെ
ഹിന്ദുത്വ നുഴഞ്ഞുകയറ്റം
ചുവന്ന ബംഗാളിനെ എങ്ങനെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ വര്‍ഗീയത ആളിക്കത്തിച്ച് ഛിദ്രശക്തികള്‍ ഹിന്ദുത്വത്തിന്റെ കാവി പുതപ്പിക്കുന്നതില്‍ മുന്നേറി എന്ന് വിശകലനം ചെയ്യുന്ന ഡോക്യുമെന്ററിയാണ് എ ബിഡ് ഫോര്‍ ബംഗാള്‍.

ഇന്ത്യാ വിഭജനത്തിന്റെ രക്തരൂഷിതമായ ഒരു ഏടാണ് സ്വാതന്ത്ര്യപ്രാപ്തിയുടെ അടുത്ത നാളുകളിലെ ബംഗാളിന്റെ ചരിത്രം. ഇന്നത്തെ ബംഗ്ലാദേശ് ആയ കിഴക്കന്‍ പാക്കിസ്ഥാനില്‍ നിന്നിങ്ങോട്ടും പശ്ചിമ ബംഗാളില്‍ നിന്നങ്ങോട്ടും കനത്ത അഭയാര്‍ത്ഥി പ്രവാഹമുണ്ടായി. ഹിന്ദു- മുസ്ലിം വര്‍ഗീയ സംഘര്‍ഷത്തില്‍ ആയിരക്കണക്കിനാളുകള്‍ കൊല്ലപ്പെട്ടു. സ്വാതന്ത്ര്യത്തിന്റെ പതാക ദല്‍ഹിയിലുയരുമ്പോള്‍ കലാപം ശമിപ്പിക്കാനുള്ള തീവ്രയത്‌നവുമായി ഗാന്ധിജി നവ്ഖാലിയിലായിരുന്നു. അക്രമത്തിന്റെ തേരോട്ടത്തില്‍ ജന്മദേശവും തങ്ങളുടേതായ സ്വത്വവുമെല്ലാം നഷ്ടപ്പെട്ട് ദയനീയമായി പലായനം ചെയ്യേണ്ടി വന്ന മനുഷ്യര്‍ അനുഭവിച്ച യാതനകളുടെ ഓര്‍മകള്‍ ഇന്ത്യയിലെ മറ്റേത് പ്രദേശത്തുമുള്ളതിനെക്കാള്‍ ശക്തമായി ദീര്‍ഘകാലം നിലനിന്നത് ബംഗാളികളുടെ മനസ്സിലാണ്.

ഹിന്ദുത്വപ്പോരാളികളായ ആര്‍.എസ്.എസ് അവരുടെ മുസ്ലിം വിരുദ്ധ രാഷ്ട്രീയമുന്നേറ്റങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് ആളുകളുടെ ഈ നോവിക്കുന്ന ഓര്‍മകളെ ജ്വലിപ്പിച്ചുനിര്‍ത്തിയായിരുന്നു. ഓര്‍മകളുടെ ഈ രാഷ്ട്രീയം ചുവന്ന ബംഗാളിനെ എങ്ങനെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ വര്‍ഗീയത ആളിക്കത്തിച്ച് ഛിദ്രശക്തികള്‍ ഹിന്ദുത്വത്തിന്റെ കാവി പുതപ്പിക്കുന്നതില്‍ മുന്നേറി എന്ന് വിശകലനം ചെയ്യുന്ന ഡോക്യുമെന്ററിയാണ് കസ്തൂരി ബസുവും ദ്വൈപായന്‍ ബാനര്‍ജിയും ചേര്‍ന്ന് 2021ല്‍ പൂര്‍ത്തിയാക്കിയ എ ബിഡ് ഫോര്‍ ബംഗാള്‍. പീപ്പിള്‍സ് ഫിലിം കലക്റ്റീവ്, പീപ്പ്ള്‍സ് സ്റ്റഡി സര്‍ക്കിള്‍ തുടങ്ങിയ സാമൂഹിക സാംസ്‌കാരിക സംഘങ്ങളുടെ സ്ഥാപകരും എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും പ്രതിരോധസിനിമയുടെ വക്താക്കളുമായ ആക്റ്റിവിസ്റ്റുകളാണ് ഈ ചലച്ചിത്രത്തിന്റെ സ്രഷ്ടാക്കള്‍. 2018ല്‍ ഇവരുടെ സരോജ് ദത്ത & ഹിസ് ടൈംസ് എന്ന ചിത്രത്തിന് ഇന്റര്‍നാഷണല്‍ ഡോക്യുമെന്ററി ആന്‍ഡ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളയിലുള്‍പ്പെടെ മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു. സിനിമകള്‍ നിര്‍മിക്കുന്നതിനു പുറമെ ‘പ്രതിരോധേര്‍ സിനിമ’ എന്ന പേരില്‍ ബംഗാളിയില്‍ മികച്ച ഒരു ചലച്ചിത്ര പ്രസിദ്ധീകരണം കൂടി ഈ ദമ്പതികള്‍ നടത്തുന്നുണ്ട്. 2021ലെ കഴിഞ്ഞ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സന്ദര്‍ഭത്തില്‍ ‘ബി.ജെ.പിക്ക് വോട്ടില്ല' എന്ന ശക്തമായ പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നതില്‍ ഇവര്‍ നേതൃത്വപരമായ പങ്ക് വഹിച്ചു. 2018തൊട്ട് ഇവര്‍ സിനിമാ ചിത്രീകരണവും ഈ പ്രചാരണപരിപാടിയും ഒരേ സമയത്തുതന്നെ മുന്നോട്ട് കൊണ്ടുപോവുന്നത് ഈ ചിത്രത്തില്‍ കാണാം.
ദ്വൈപായന്‍ ബാനര്‍ജിയുടെ അച്ഛന്‍ അഭയാര്‍ത്ഥി പ്രവാഹകാലത്ത് ആര്‍.എസ്.എസ്. പ്രവര്‍ത്തകനായിരുന്നു. ഗാന്ധിജി വധിക്കപ്പെട്ടതിനെത്തുടര്‍ന്ന്, ആ വധത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച സംഘത്തോട് എന്നേക്കുമായി അദ്ദേഹം വിട പറഞ്ഞു. കസ്തൂരി ബസുവിന്റെ അച്ഛന്‍ ധാക്കയില്‍ നിന്ന് കുടിയേറിയ ഒരു എഞ്ചിനിയറായിരുന്നു. മുസ്ലിം ഭൂരിപക്ഷപ്രദേശമായ അവിടെ എത്ര സൗഹൃദത്തോടെയാണ് കുടുംബം കഴിഞ്ഞിരുന്നതെന്ന് അദ്ദേഹം അനുസ്മരിക്കുന്നുണ്ട്. സംവിധായകരുടെ കുടുംബവുമായി നേരിട്ടു ബന്ധമുള്ള ഇത്തരം വ്യക്തിപരമായ കാര്യങ്ങള്‍ ചിത്രീകരിച്ച് കൊണ്ടാണ് സ്വാതന്ത്ര്യസമര ഘട്ടത്തിലെ സ്മരണകള്‍ ചിത്രത്തില്‍ ഉണര്‍ത്തുന്നത്.

ഈശ്വര്‍ ചന്ദ്ര വിദ്യാസാഗര്‍, രബീന്ദ്രനാഥ ടാഗോര്‍ തുടങ്ങിയ ഉന്നതശീര്‍ഷരായ പ്രതിഭകളുടെ നേതൃത്വത്തില്‍ വലിയ ഒരു സാംസ്‌കാരിക നവോത്ഥാനം നടന്ന സംസ്ഥാനമാണ് ബംഗാള്‍. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ നിര്‍ണായക പങ്ക് വഹിച്ച എത്രയോ മഹാരഥന്മാര്‍ ബംഗാളില്‍ നിന്നാണ്. കേരളത്തെപ്പോലെ, സ്വാതന്ത്ര്യസമരത്തെത്തുടര്‍ന്ന് ഇടതുപക്ഷ പുരോഗമന ശക്തികള്‍ക്ക് നല്ലതുപോലെ വേരോട്ടം ലഭിച്ച ഒരു പ്രദേശവുമാണ് ബംഗാള്‍. വിഭജനത്തെത്തുടര്‍ന്ന് അഭയാര്‍ത്ഥി പ്രവാഹം നടക്കുന്ന കാലത്ത് ഇടതുപക്ഷം ദുരിതമനുഭവിക്കുന്ന ജനതയുടെ പക്ഷത്ത് നിലയുറപ്പിക്കുകയും മതേതരമായ നിലപാട് ശക്തമായി ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തതുമൂലമാണ് ഹിന്ദുത്വത്തിന്റെ അസഹിഷ്ണുതയും വെറുപ്പും കലര്‍ന്ന സമീപനത്തിന് അവിടെ ഒട്ടും സ്വീകാര്യത ലഭിക്കാതെ പോയത്. 1980കള്‍ വരെയും കല്‍ക്കത്തയില്‍ മതപരമായ ഘോഷയാത്രകളില്‍പ്പോലും കാവിക്കൊടികളല്ല; ചുവന്ന കൊടികളാണ് പാറിയിരുന്നത്. സര്‍വമത സൗഹാര്‍ദ്ദത്തിന്റെ അന്തരീക്ഷം അവിടെ നിലനിന്നിരുന്നു. പുരോഗമനാശയങ്ങളുടെ സ്വാധീനം വളരെ വലുതായിരുന്നു. എന്നാല്‍ സംഘപരിവാറിന്റെ ആര്‍.എസ്.എസും, സാംസ്‌കാരിക മുഖമുള്ള മറ്റ് സംഘങ്ങളും ക്രമേണ ശക്തിയാര്‍ജിച്ചുവരുന്നുണ്ടായിരുന്നു. എന്നാല്‍ അപ്പോള്‍ പോലും ജനസംഘത്തിന് / ബി.ജെ.പിക്ക് രാഷ്ട്രീയനേട്ടമുണ്ടാക്കാന്‍ പോന്ന സ്വാധീനമൊന്നും അവര്‍ക്ക് നേടാന്‍ കഴിഞ്ഞില്ല.
ആര്‍.എസ്.എസിന് സ്വാധീനമുണ്ടായിരുന്ന വടക്കന്‍ മേഖലകളില്‍ വിശ്വഹിന്ദു പരിഷത്, ഭജരംഗ് ദള്‍, ദുര്‍ഗാവാഹിനി എന്നിങ്ങനെ സമൂഹത്തില്‍ യുവാക്കൾക്കിടയിൽ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ശക്തമായി അവരുടെ പരിശീലന, പ്രചാരണ പരിപാടികള്‍ നടത്തുന്നുണ്ടായിരുന്നു. മതത്തിന്റെ മറവില്‍ ഫാസിസ്റ്റ് രാഷ്ട്രീയത്തെ സമൂഹത്തില്‍ കുത്തിച്ചെലുത്തുന്ന അവരുടെ പരിപാടികളില്‍, അതറിയാതെ പലരും പങ്കാളികളായി.

ബാബ്‌റി മസ്ജിദ് തകര്‍ത്ത് രാമക്ഷേത്രത്തിനുള്ള കാമ്പയിനാരംഭിക്കുകയും വാജപേയിയുടെ നേതൃത്വത്തില്‍ കേന്ദ്രമന്ത്രിസഭ വരികയും ചെയ്തതൊന്നും ബംഗാളില്‍ ഹിന്ദുക്കളെ ഇളക്കിമറിക്കാന്‍ അത്രയധികം സഹായകമായില്ല. എന്നാല്‍, 2014ല്‍ നരേന്ദ്രമോദി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതോടെ സ്ഥിതിഗതികള്‍ മാറി. ഹിന്ദുത്വത്തിന്റെ ജയ് ശ്രീറാം വിളികള്‍ എതിരാളികളെ ഭീഷണിപ്പെടുത്തുന്ന ആക്രോശങ്ങളായി. ബി.ജെ.പി.യുടെ പ്രകടനങ്ങളും ജാഥകളും സാമാന്യജനങ്ങള്‍ക്ക് അരക്ഷിതാവസ്ഥ സൃഷ്ടിച്ച് അക്രമാസക്തമായി. ബംഗാളില്‍ ഹിന്ദു വീടുകളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന കൃഷ്ണാഷ്ടമി, ഗണേശപൂജ പോലുള്ള ആഘോഷങ്ങള്‍ തെരുവുകളിലൂടെ അക്രമം നടത്തിക്കൊണ്ട് ഘോഷയാത്ര നടത്താനുള്ള അവസരങ്ങളാക്കി പിന്നീട് ബി.ജെ.പി. മാറ്റിയെടുത്തു. കടുത്ത മുസ്ലിം വിദ്വേഷം പ്രകടിപ്പിക്കാന്‍ ഘോഷയാത്രകള്‍ അവര്‍ പള്ളികള്‍ക്കരികിലൂടെയാക്കി. മോദി, അമിത് ഷാ, രാജ്‌നാഥ് സിങ് തുടങ്ങിയ നേതാക്കളെ ആനയിച്ചുകൊണ്ടുവന്ന് വന്‍ റാലികളും സമ്മേളനങ്ങളും നടത്തുവാനും, ഹിന്ദുത്വത്തിന്റെ വിജൃംഭിത വീര്യത്തോടെ സ്വയം മറന്ന് തെരുവുകളില്‍ അട്ടഹസിക്കുകയും അപസ്മാരം ബാധിച്ച മട്ടില്‍ പെരുമാറുകയും ചെയ്യുന്ന ബി.ജെ.പി അണികളെ സൃഷ്ടിച്ചെടുക്കാനും അവര്‍ക്ക് കഴിഞ്ഞു. അമിത് ഷായുടെ വരവേല്പുമായി ബന്ധപ്പെട്ട റാലി നടക്കുമ്പോള്‍, യാതൊരു പ്രകോപനവുമില്ലാതെ പ്രകടനക്കാര്‍ ഈശ്വര്‍ ചന്ദ്രവിദ്യാസാഗറിന്റെ പ്രതിമ തകര്‍ക്കുന്നു. സമാധാനപരമായി പ്രതിഷേധിക്കുന്ന വിദ്യാസാഗര്‍ കോളജിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ജാഥാംഗങ്ങള്‍ കല്ലേറും അക്രമവും നടത്തുന്നു.
2019ല്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ മോദി വീണ്ടും പ്രധാനമന്ത്രിയാവുന്നു. ബംഗാളില്‍ ബി.ജെ.പിക്ക് രണ്ട് എം.പിമാരുണ്ടായിരുന്നത് ഇപ്പോള്‍ 16 ആയിക്കഴിഞ്ഞിരുന്നു. സാംസ്‌കാരിക സംഘടനകളിലൂടെ സാവധാനത്തിലെങ്കിലും സ്ഥിരമായി നടത്തിയ ആസൂത്രിത നീക്കങ്ങളിലൂടെയാണ് ബി.ജെ.പി. ക്ക് ബംഗാളില്‍ ഈ രാഷ്ട്രീയനേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞത്. ഒപ്പം, മോദി തരംഗവും സഹായകമായി. ബംഗാളി രാഷ്ട്രീയത്തില്‍ ഇടതുപക്ഷ ഭരണത്തിന് സംഭവിച്ച അപചയവും അവരെ തുണച്ച ഒരു ഘടകമാണ്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ അവസരവാദപരമായ നിലപാടുകളും അവര്‍ക്ക് തുണയായി.

ബി.ജെ.പിയുടെ തിരഞ്ഞെടുപ്പു തന്ത്രങ്ങള്‍, അവരുടെ നേതാക്കളുടെ പ്രസംഗങ്ങള്‍, ജനങ്ങളുടെ മനോഭാവത്തില്‍ വരുന്ന മാറ്റങ്ങള്‍ ഇതെല്ലാം ചലച്ചിത്രത്തില്‍ വസ്തുനിഷ്ഠമായി ചിത്രീകരിക്കുന്നുണ്ട്. ദേശീയ പൗരത്വ പട്ടിക തയ്യാറാക്കി ബംഗ്ലാദേശില്‍നിന്ന് കുടിയേറിയവരെ അതില്‍ നിന്നൊഴിവാക്കുമെന്ന് അമിത് ഷാ പരസ്യമായി പ്രഖ്യാപിക്കുന്നു. ബംഗ്ലാദേശില്‍നിന്ന് പണ്ടേ കുടിയേറിയ ജനവിഭാഗങ്ങള്‍ക്കിടയില്‍ ഇത് സ്വാഭാവികമായും കടുത്ത ആശങ്ക സൃഷ്ടിക്കുന്നു. എത്രയോ ആളുകള്‍ ഈ ഒരു ഭീതിയാല്‍ ആത്മഹത്യ ചെയ്യുന്നുണ്ട്. ഭജരംഗബലി (ഹനുമാന്‍)യുടെ വേഷമണിഞ്ഞ് ആവേശപൂര്‍വ്വം സംഘപരിവാറിനുവേണ്ടി പതിവായി പ്രകടനം നടത്താറുള്ള ഒരു മനുഷ്യന്റെ പൗരത്വനഷ്ടഭീതി മൂലമുള്ള ആത്മഹത്യയുണ്ടാക്കുന്ന പ്രതികരണങ്ങള്‍ ചിത്രത്തിലുണ്ട്.

ലക്ഷക്കണക്കിന് വ്യാജ സന്ദേശങ്ങള്‍ ഓരോ നിയോജക മണ്ഡലത്തിലേക്കും വാട്ട്‌സാപ്പില്‍ അയക്കുക എന്നതാണ് ബി.ജെ.പി.യുടെ പ്രധാന തിരഞ്ഞെടുപ്പ് തന്ത്രങ്ങളില്‍ ഒന്ന്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എത്രയോ രഹസ്യ കേന്ദ്രങ്ങള്‍ അവര്‍ ഇതിനായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോടിക്കണക്കിന് രൂപ ചെലവഴിച്ച് സജ്ജമാക്കിയ ഇത്തരം ഐ.ടി.സെല്ലുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ആ ജോലി ചെയ്യുന്ന ഒരു വിദഗ്ദ്ധനുമായുള്ള അഭിമുഖം ഈ ചിത്രത്തിലുണ്ട്.
സമൂഹത്തില്‍ വര്‍ഗീയത പടര്‍ത്തുകയും ഇസ്ലാമോഫോബിയ വളര്‍ത്തുകയും പൗരത്വ ബില്ലിന്റെ ഭേദഗതിയിലൂടെ ആളുകളുടെ പൗരത്വം നിഷേധിക്കുകയും ചെയ്യുന്നതിനെതിരെ പ്രതിരോധിക്കുവാന്‍ ചെറുപ്പക്കാരുടെ നേതൃത്വത്തില്‍ പ്രചരണം ആരംഭിക്കുന്നു. 2021 ല്‍ ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സമയമാണ്. ജനകീയ പ്രക്ഷോഭങ്ങള്‍ നടത്തുന്നവര്‍ ‘ബി. ജെ. പി ക്ക് വോട്ടില്ല' എന്ന് പ്രഖ്യാപിക്കുന്ന കാമ്പയിൻ ആരംഭിച്ചു. വ്യാപകമായി പ്രതിരോധ പരിപാടികള്‍ നടന്നു. ഏതെങ്കിലും സംഘടിത പ്രസ്ഥാനത്തിന്റെ മുന്‍കയ്യിലല്ലാതെ, സ്വാഭാവികമായ ഫാസിസ്റ്റ് വിരുദ്ധ മനോഭാവത്തില്‍ നിന്നാണ് പ്രക്ഷോഭം ഉയര്‍ന്നത്.

പരമ്പരാഗത രീതിയില്‍ തിരഞ്ഞെടുപ്പ് പ്രവചനം നടത്തുന്നവര്‍ ബി.ജെ.പിക്ക് വന്‍ നേട്ടം പ്രവചിച്ചു. പണത്തിന്റെയും മാധ്യമ പിന്തുണയുടെയും കുത്തൊഴുക്ക് ബി.ജെ.പിക്ക് അനുകൂലമാണെന്ന തോന്നല്‍ ശക്തിപ്പെടുത്തി. എന്നാല്‍ ഫലം വന്നപ്പോള്‍ ബി.ജെ.പി നേരത്തേ പ്രബലമായിരുന്ന ഇടങ്ങളില്‍പ്പോലും അവര്‍ക്ക് തിരിച്ചടി നേരിട്ടു. അവരുടെ തിരഞ്ഞെടുപ്പു കമ്മിറ്റി ആപ്പീസുകള്‍ മൂകമായി. ജനകീയ പ്രതിരോധം ഫലം കണ്ടു. ബി.ജെ.പി മിക്ക സീറ്റുകളിലും തോറ്റതിന്റെ നേട്ടം മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസിനാണ് ലഭിച്ചത്. ‘ബി.ജെ.പിക്കെതിരായ ഈ വിജയം താത്കാലികമായി ജനങ്ങള്‍ക്ക് ആശ്വാസമായി. എന്നാല്‍ ആശ്വാസം താത്കാലികം മാത്രമാണ്' എന്ന് ചിത്രം എടുത്തുപറയുന്നുണ്ട്. കോര്‍പ്പറേറ്റ് വത്കരണവും നിയോലിബറല്‍ നയങ്ങളും ഇടതുപക്ഷത്തെ ക്ഷീണിപ്പിച്ചു. നയങ്ങളില്‍ ഏറെ വ്യത്യസ്തത പുലര്‍ത്താത്ത തൃണമൂലും ബി.ജെ.പിയും തമ്മിലായിരിക്കും ഇനിയുള്ള തിരഞ്ഞെടുപ്പ് പോരാട്ടങ്ങള്‍ മുഖ്യമായും നടക്കുക എന്നതാണ് ബംഗാളിലെ യാഥാര്‍ത്ഥ്യം.

എങ്കിലും, ബി.ജെപിക്കെതിരെ നേടിയ താത്കാലിക വിജയം പോലും പ്രതീക്ഷ നല്‍കുന്നുണ്ട്. ജനങ്ങള്‍ അവരുടെ ഫാസിസ്റ്റ് വിരുദ്ധ നിലപാടുകള്‍ സമരങ്ങളിലൂടെയും തിരഞ്ഞെടുപ്പിലൂടെയും പ്രകടിപ്പിച്ചാല്‍ അവരെ തോല്പിക്കാം എന്ന ശുഭപ്രതീക്ഷ ചിത്രം നല്‍കുന്നുണ്ട്. അപ്പോഴും, കാര്യങ്ങള്‍ അത്ര സുഗമമല്ല എന്ന് സൂചിപ്പിക്കുകയും ചെയ്യുന്നുണ്ട്. തെറ്റായ പ്രതീക്ഷകള്‍ പ്രയോജനം ചെയ്യില്ല. യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് അതിനെ നേരിടണം. ഇതാണ് ചിത്രം സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാട്.
ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെയും ഗോമാതാവിനെ കേന്ദ്രീകരിച്ചുള്ള അവരുടെ പ്രചാരണങ്ങളെയും ദേശീയഭാഷയെന്ന പേരില്‍ ഹിന്ദി അടിച്ചേല്പിക്കുന്നതിനെയും ദൈവങ്ങളെ സസ്യഭുക്കുകളാക്കുന്നതിനെയും ഒക്കെ എതിര്‍ക്കാനുള്ള ഒരു പ്രവണത ബംഗാളി സംസ്‌കാരത്തില്‍ ഉള്‍ച്ചേര്‍ന്നുകിടക്കുന്നുണ്ട് എന്നത് സംഘികള്‍ക്ക് ഏറെ വിഷമം സൃഷ്ടിക്കുന്നുണ്ട്. മതചിഹ്നങ്ങളെ ഉപയോഗപ്പെടുത്തി രാഷ്ട്രീയനേട്ടമുണ്ടാക്കാനുള്ള മൃദുഹിന്ദുത്വ പ്രവണത കോണ്‍ഗ്രസിലും തൃണമൂലിലും ഉണ്ടെങ്കിലും അത് ബി.ജെ.പി.യെയാണ് സഹായിക്കുക. ബംഗാളി മദ്ധ്യവര്‍ഗവും ഇടതുപാര്‍ട്ടികളും ഇപ്പോഴും രാഷ്ട്രീയത്തില്‍ മതേതരത്വ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നുണ്ട് എന്നത് ആശ്വാസകരമാണ് എന്ന് സംവിധായകര്‍ പറയുന്നുണ്ട്.
‘‘സാംസ്‌കാരിക പ്രവര്‍ത്തനത്തിലൂടെ ജനങ്ങള്‍ക്കിടയില്‍ വേരാഴ്ത്തി പിന്നെ ഹിന്ദുരാഷ്ട്ര സ്ഥാപനത്തിനുള്ള അജണ്ടകള്‍ നടപ്പിലാക്കാനുള്ള രാഷ്ട്രീയ സമ്മതി നേടിയെടുക്കാന്‍ ബി.ജെ.പി. നടത്തിയ ശ്രമങ്ങളുടെ പരിണതഫലമാണ് നാമിന്ന് അഭിമുഖീകരിക്കുന്നത്: സമൂഹത്തിന്റെ ഫാസിസവത്കരണവും നഗ്‌നമായ വര്‍ഗ്ഗീയതയും - ഇതുണ്ടാക്കുന്ന അസ്വാസ്ഥ്യത്തില്‍ നിന്നാണ് സിനിമയുടെ പിറവി. രാഷ്ട്രീയമാണ് അതിന്റെ ചാലകശക്തി. ഞങ്ങള്‍ ആക്റ്റിവിസ്റ്റുകളാണ്. അതുകൊണ്ടു തന്നെ രാഷ്ട്രീയമായ ഡോക്യുമെന്ററികളാണ് ഞങ്ങള്‍ ഉണ്ടാക്കുന്നത്’’- വിശാലമായ ഒരു ജനപക്ഷ പ്രതിരോധ രാഷ്ട്രീയമാണ് ഈ ചിത്രത്തിലൂടെ അവര്‍ മുന്നോട്ട് വെക്കുന്നത്. ബംഗാളിനോട് പല കാര്യങ്ങളിലും സമാനതയുള്ള കേരളത്തിന് ഈ ചിത്രത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയണം.

‘‘കസ്തൂരിയും ദ്വൈപായനും ചേര്‍ന്ന് ആദ്യം നിര്‍മ്മിച്ച ചിത്രം നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ കാലത്ത് അപ്രത്യക്ഷനായ പത്രപ്രവര്‍ത്തകനും കമ്യൂണിസ്റ്റ് കവിയുമായിരുന്ന സരോജ് ദത്തയെക്കുറിച്ചായിരുന്നു. ഭരണകൂടം പ്രോത്സാഹിപ്പിച്ച ഹിംസയുടെ ഒരുദാഹരണമാണ് ആ തിരോധാനം എന്ന് ചിത്രം പറയുന്നു. ഹിന്ദുത്വ ശക്തികള്‍ എങ്ങിനെ അവരുടെ സുസംഘടിതമായ പ്രചരണത്തിലൂടെ സാവധാനത്തിലും അദൃശ്യമായും ബംഗാളിന്റെ സാമൂഹ്യ സാംസ്‌കാരിക ജീവിതത്തിലേക്ക് തുളഞ്ഞു കയറിക്കൊണ്ടിരിക്കുന്നു എന്ന് അനാവരണം ചെയ്യുന്ന ചിത്രമാണ് എ ബിഡ് ഫോര്‍ ബംഗാള്‍. ആര്‍.എസ്.എസിന്റെ ഐ.ടി.സെല്ലിലുള്‍പ്പെടെ ചിത്രം നമ്മെ കൊണ്ടു ചെല്ലുന്നു. ചില പ്രത്യേകസന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കുന്ന പാട്ടുകളുടെ വരികള്‍ പോലും നേരത്തെ നിശ്ചയിച്ചുറപ്പിക്കും. ബുരാ ബസാറിലെ ആഘോഷവേളയില്‍ പാടിയ പാട്ടുകള്‍ നരേന്ദ്ര മോദിയെക്കുറിച്ചും പാക്കിസ്ഥാനിലേക്കുള്ള ഇന്ത്യയുടെ മിന്നലാക്രമണത്തെക്കുറിച്ചും പരാമര്‍ശങ്ങളുള്ളതായിരുന്നു’’ എന്ന് കസ്തൂരി ചൂണ്ടിക്കാട്ടുന്നു. (ചന്ദ്രിമാ ഭട്ടാചാര്യ; ദി ടെലഗ്രാഫ് 10/11/19).
ഈ ആക്ടിവിസ്റ്റ് സംവിധായകര്‍ കൂടി മുന്‍കൈയെടുത്തു സ്ഥാപിച്ച പീപ്പ്ള്‍സ് ഫിലിം കലക്റ്റീവ് ബംഗാളിന്റെ ഉള്‍പ്രദേശങ്ങളിലും ഫാക്റ്ററികളിലും സ്‌കൂളുകളിലുമൊക്കെ ചലച്ചിത്ര പ്രദര്‍ശനങ്ങളും ചര്‍ച്ചകളും നടത്തുന്നുണ്ട്. മൂന്നാം സിനിമയുടെ സ്വാധീനമുള്ള ഈ സംവിധായകര്‍ ജനങ്ങളെ ബോധവത്കരിക്കാനുള്ള ശക്തമായ ഒരു മാദ്ധ്യമമായാണ് സിനിമയെ കാണുന്നത്. ദ്വൈപായന്‍ പറയുന്നു: ‘‘സിനിമയ്ക്ക് അര്‍ത്ഥമുണ്ട്. എവിടെ, എങ്ങിനെ അത് പ്രദര്‍ശിപ്പിക്കുന്നു എന്നത് പ്രധാനമാണ്. കാഴ്ച തന്നെ മാറ്റത്തിന് പ്രേരകമാവും. കാരണം, യാഥാര്‍ത്ഥ്യവുമായി പ്രേക്ഷകര്‍ക്ക് നേരിട്ടു ബന്ധപ്പെടാന്‍ അതിലൂടെ കഴിയുമല്ലോ.’’
കസ്തൂരി പറയുന്നു: ‘‘ഞങ്ങള്‍ നേരിട്ട് ജനങ്ങളെ സംഘടിപ്പിക്കുന്നുണ്ടാവില്ല. പക്ഷെ ആളുകളുടെ ബോധത്തിലാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. പെട്ടെന്ന് എന്തെങ്കിലും നേട്ടങ്ങളുണ്ടാവില്ല; ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനമാണിത്. ദൈനംദിന ജീവിതത്തിന്റെ രാഷ്ട്രീയമാണ് ഞങ്ങള്‍ കൈകാര്യം ചെയ്യുന്നത്.’’ (കുനാല്‍ റായ്, ദി ഹിന്ദു, 12/7/19.)
സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളില്‍ ആശയതലതില്‍ത്തന്നെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ സമഗ്രമായി നേരിടുകയാണ് നമ്മുടെ മുന്നിലുള്ള വെല്ലുവിളി. കേവലം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ നീക്കുപോക്കുകളിലൂടെ മാത്രം പരാജയപ്പെടുത്താന്‍ കഴിയാത്തവിധത്തില്‍ ഹിന്ദുത്വം ശക്തി പ്രാപിച്ചുകഴിഞ്ഞു എന്ന് നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്. എ ബിഡ് ഫോര്‍ ബംഗാള്‍ നല്‍കുന്ന പാഠം അതാണ്. ▮
വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.