Saturday, 27 November 2021

രോഗവും പൗരാണിക വിശ്വാസങ്ങളും


Text Formatted

ബ്രാഹ്​മണന്റെ സ്വർണം കട്ടാൽ പ്രമേഹം; പ്രതിവിധി, ഹോമം:
ഇതായിരുന്നു വേദകാലത്തെ ‘രോഗ ശാസ്​ത്രം’

ഇന്ത്യയിലെ ആയുര്‍വേദ ചികിത്സാപാരമ്പര്യം അന്വേഷണാത്മകമായും ഗവേഷണാത്മകമായും രോഗങ്ങള്‍ക്ക് കൃത്യമായ മരുന്ന് ചികിത്സയിലേക്ക് കടക്കുന്നതിന് തടയിട്ടത് പൂജാ മന്ത്ര വിശ്വാസ പാരമ്പര്യത്തിലൂന്നിയ പൗരോഹിത്യ ബന്ധനത്താലാണ്. ഇതിപ്പോഴും പലനിലകളില്‍ തുടരുകയാണ്. 

Image Full Width
Text Formatted

‘‘ഇമാരുദ്രായ തപസേ കപര്‍ദ്ദിനേ
ക്ഷയദ്വീരായ പ്രഭരാമഹേമതീഃ
യഥാശമസദ്വിപതേ ചതുഷ്പദേ
വിശ്വം പുഷ്ടങ്ഗ്രാമേ അസ്മിന്നനാതുരം''
-
യജുർവേദം 16.48
‘‘ഞങ്ങളുടെ ഗ്രാമത്തില്‍ മനുഷ്യനും കന്നുകാലിക്കും രോഗശമനം ഭവിക്കാന്‍ ഗ്രാമത്തിലെല്ലാവരും ആരോഗ്യവാന്മാരും സമ്പന്നരുമായി ഭവിക്കാന്‍, പ്രവൃദ്ധനും ജടായുക്തനും ശത്രുഹന്താവുമായ രുദ്രനായിക്കൊണ്ട് ഞങ്ങള്‍ മഹനീയങ്ങളായ സ്‌ത്രോത്രങ്ങള്‍ ചൊല്ലുന്നു.''

മനുഷ്യചരിത്രം മഹാരോഗങ്ങളുടെ ചരിത്രം കൂടി ഉള്ളടങ്ങിയതാണ്. മഹാമാരികളെ തരണം ചെയ്താണ് മനുഷ്യവംശം തങ്ങളുടെ അതിജീവനത്തിന്റെ മഹാമാതൃക സൃഷ്ടിച്ചിട്ടുള്ളത്. ഇന്ത്യയെ സംബന്ധിച്ചാണെങ്കില്‍ ലഭ്യമായ ഏറ്റവും പ്രാചീന സാഹിത്യശേഖരങ്ങളായ വേദങ്ങളില്‍, രോഗത്തെ ഭയപ്പെട്ട് രോഗനിവാരണത്തിനുള്ള മാര്‍ഗങ്ങള്‍ ആരാഞ്ഞിരുന്ന മനുഷ്യചേതനയുടെ വിഹ്വലതകള്‍ കാണാനാവും. രോഗങ്ങള്‍ നീങ്ങാനുള്ള നിരവധി പ്രാര്‍ഥനകള്‍ അഥര്‍വ വേദത്തിലുമുണ്ട്. 

രോഗങ്ങള്‍ പ്രാര്‍ഥനയിലൂടെ ശമിപ്പിക്കാന്‍ കഴിയുമെന്ന വിശ്വാസം അഥര്‍വവേദത്തില്‍ പ്രബലമായി കാണാം. ഇന്ത്യയില്‍ വേദാനന്തരഘട്ടത്തില്‍ ഉരുത്തിരിഞ്ഞുവന്ന ചില വിശ്വാസങ്ങള്‍ രോഗികളെ പാപികളായി വിലയിരുത്തുന്നതിന് ഇടവരുത്തിയിട്ടുണ്ട്.

അഥര്‍വ വേദത്തിലെ പ്രഥമ കാണ്ഡത്തില്‍ ഹൃദയസംബന്ധിയായ രോഗങ്ങള്‍, കുഷ്ഠം, ജ്വരം, രക്തസംബന്ധിയായ രോഗങ്ങള്‍ എന്നിവ ഇല്ലാതാക്കുന്നതിനുള്ള മന്ത്രസ്തുതികള്‍  ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. നിരവധി രോഗങ്ങളെ പറ്റി ചര്‍ച്ച ചെയ്യുമ്പോഴും അഥര്‍വ വേദത്തില്‍ ഏറ്റവും പരാമര്‍ശിക്കപ്പെടുന്ന ഒരു രോഗം തക്മനാണ്. ജീവിതത്തെ കഠിനമായ ദുരിതത്തിലാഴ്ത്തുന്ന രോഗമായിട്ടാണ്  തക്മനെ  വേദഭാഷ്യകാരനായ സായണന്‍ വിശേഷിപ്പിച്ചിട്ടുള്ളത് (‘തക്മാനം കൃച്ഛജീവനകര്‍ത്താരം').
അഥര്‍വ വേദത്തില്‍ നിരവധി തവണ പരാമര്‍ശിക്കുന്ന ‘തക്മന്‍' പനിയാണെന്നാണ് വേദവ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെടുന്നത്. നിമിഷം പ്രതി വര്‍ധിച്ചുവരുന്ന ശരീരതാപമാണ് തക്മന്റെ പ്രധാനലക്ഷണം.