Monday, 18 October 2021

മാധ്യമങ്ങൾ കാണാത്ത ഇന്ത്യ- 11


Text Formatted

റാപ്പറിലെ, തന്നിഷ്ടവേഗങ്ങളുടെ വണ്ടിക്കാരന്‍

ഗോധ്ര കലാപത്തിനുശേഷം ഏറെ കഴിഞ്ഞാണ് അവിടെ പോയത്. രഥന്‍പുരിലെ ലോഡ്ജിലെ ബഹളങ്ങള്‍ ഏത് നിമിഷവും പൊട്ടിപ്പുറപ്പെടാവുന്ന രോഷത്തിന്റെ തീപ്പൊരികളെയാണ് ഓര്‍മിപ്പിച്ചത്, അതുകൊണ്ട് വാതിലില്‍ ഉറക്കത്തിനിടെ കേട്ട തട്ടുകള്‍ പോലും ആധിയുണ്ടാക്കി.

Image Full Width
Image Caption
ധോളാവീരയിലേക്കുള്ള യാത്രയ്ക്കിടെ / ചിത്രങ്ങള്‍ : മുഹമ്മദ് എ.
Text Formatted

ഘോഷാരാവത്തോടെയാണ് പിന്നീടയാള്‍ വഴിയിലുടനീളം, യാത്രയില്‍ വണ്ടിയോടിച്ചത്. അബദ്ധവശാല്‍ പറഞ്ഞുപോയ തുകയുടെ വലുപ്പം കൂടിപ്പോയതിന്റെ ആനുകൂല്യത്തില്‍ അയാളുടെ ആഹ്ലാദം വ്യക്തമായി.
കേമമെന്ന് സ്വയം തോന്നിയവന്റെ ഭാവം, വണ്ടി ഓടിക്കലിന്റെ ഉല്ലാസമായി കൂടിക്കൂടി വന്നു. റാപ്പറില്‍ നിന്നും ധോളാവീരയിലേക്കുള്ള നെടുമ്പാതയില്‍, കച്ഛിലേക്ക് നീളുന്ന ഉപ്പുപാടങ്ങളേയും ഗ്രാമങ്ങളേയും പിന്നിലാക്കി, മൂന്നോ നാലോ വട്ടം വണ്ടി ഓടിച്ചാല്‍ കിട്ടുന്ന തുകയുടെ വലുപ്പം വന്നുചേര്‍ന്ന ആനന്ദത്തില്‍ ഡ്രൈവര്‍ ആവേശം കാണിച്ചുകൊണ്ടിരുന്നു.
അതെല്ലാം കണ്ട്, അന്തിച്ച് ഏറെ പഴക്കമുള്ള ആ ജീപ്പില്‍ ഇരിക്കേണ്ടിയും വന്നു അന്ന്. അബദ്ധത്തില്‍ ഉറപ്പിച്ചുപോയത് കൊണ്ട് പറഞ്ഞ തുക ഇനിയൊട്ട് മാറ്റാനും വയ്യ.
യാത്രയുടെ ആരവം ധോളാവീര തേടിപ്പോയ മൂന്ന് സുഹൃത്തുക്കളേക്കാള്‍, ആ പഴഞ്ചന്‍ കുത്തിക്കുലുങ്ങി ജീപ്പിന്റെ ഡ്രൈവറിലാണ് കണ്ടത്. വന്നവരുടെ ആവേശത്തെ തോല്‍പിക്കുന്ന തരത്തില്‍, പാട്ടും സന്തോഷവും ബീഡിവലിയും ഇടയ്ക്കിടെ വണ്ടി അധികം സൈഡാക്കാതെ റോഡിന് നടുവില്‍ നിര്‍ത്തി, അതിസാഹസികനായി, കടകളിലേക്ക് മുറുക്കാന്‍ മേടിക്കാനും വെള്ളം മേടിക്കാനുമെല്ലാം ഇറങ്ങിപ്പോയി. പലരോടുമുള്ള സംസാരങ്ങളിലൂടെ, സ്റ്റിയറിങ്ങിനുപോലും അമിതപ്രാധാന്യം കൊടുക്കുന്നില്ലെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ യാത്രയെ ബഹളമാക്കി മാറ്റി അയാള്‍ വണ്ടിയോടിച്ചു. ആവേശം പതിയെ പതിയെ തീര്‍ന്നത്, അവിടെ നിന്ന് തിരിച്ച് പോരുമ്പോള്‍ മാത്രമായിരുന്നു. ഹാരപ്പന്റെ ലോകത്തേക്ക്, ഉപ്പുപാടങ്ങള്‍ക്കും ദേശാടനപക്ഷികള്‍ക്കുമരികിലെ, കച്ഛിലേക്ക് നീളുന്ന കടലോര പാതയിലൂടെ ധോളാവീര തേടിപ്പോയ യാത്രയിലായിരുന്നു. ഹാരപ്പന്‍ പൗരാണിക നാഗരികതയുടെ അവശേഷിപ്പും നീളുന്ന വഴിയിലെ മനുഷ്യരും റാപ്പറില്‍ നിന്ന് വണ്ടി ഓടിച്ചവന്റെ പെരുമാറ്റങ്ങളിലെ മറ്റൊരു ലോകവും അങ്ങനെ കണ്ടു.