Sunday, 17 October 2021

ഓര്‍മ


Text Formatted

സുഖം, ഹിതം ഒരായുസ്സ്​

ആയുര്‍വേദത്തിന്റെ ജ്ഞാന മണ്ഡലത്തെയും പഠന പ്രവര്‍ത്തന പദ്ധതികളേയും പരിഷ്‌കരിക്കാന്‍ അതാതു കാലത്തെ ശാസ്ത്ര-സാങ്കേതിക വിദ്യാ പ്രയോഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തണമെന്ന ആഗ്രഹം സഹജീവികളോട് പങ്കുവെയ്ക്കാന്‍ തെല്ലും മടികാണിച്ചിട്ടില്ല ഡോ. പി.കെ. വാര്യർ. ഈയിടെ അന്തരിച്ച ആയുർവേദാചാര്യൻ ഡോ. പി.കെ.വാര്യരെ അദ്ദേഹത്തിന്റെ അടുത്ത ബന്ധു കൂടിയായ ലേഖിക ഓർക്കുന്നു

Image Full Width
Image Caption
പി.കെ. വാരിയർ / Photo: aryavaidyasala.com
Text Formatted

നാടുവാഴിത്തത്തിന്റേയും ബ്രിട്ടീഷ് കോളനിവാഴ്ചയുടേയും നേരനുഭവങ്ങളിലൂടെ കടന്നുപോന്ന് മലബാര്‍ കലാപാനന്തര  ‘മനുഷ്യ'ജീവിതവും, ദേശീയ- നവോത്ഥാന- കമ്യൂണിസ്റ്റ് പ്രസ്ഥാനവുമെല്ലാം കൂടി പാകപ്പെടുത്തിയെടുത്ത ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും നാളുകളിലേക്കുദിച്ചുയര്‍ന്ന കേരളീയ സാമൂഹികതയുടെ ഗതിവിഗതികള്‍ ഒരു നൂറ്റാണ്ടുകാലത്തെ സ്വജീവിതവുമായി കണ്ണിചേര്‍ത്ത ജീവിതസാക്ഷ്യമായിരുന്നു ഡോ. പി.കെ. വാരിയര്‍.

‘‘പി.കെ. വാരിയര്‍ എന്ന പേര് എനിക്ക് ഔദ്യോഗിക രേഖകളില്‍ മാത്രമേയുള്ളൂ. എല്ലാവരുമെന്നെ വിളിയ്ക്കുന്നത്  ‘കുട്ടിമ്മാന്‍' എന്നാണ്... ഒരോമനത്തവും, സ്‌നേഹവായ്പുമൊക്കെ ആ പേരിലുണ്ടെന്ന് കേള്‍ക്കുമ്പോള്‍ എനിക്കുതോന്നും'' (സ്​മൃതിപർവ്വം, പു. 201). അതെ, എല്ലാവരുടേയും കുട്ടിമ്മാന്‍ ആയിരുന്നു അദ്ദേഹം; സമാനതകളില്ലാത്ത ഒരു സാന്നിധ്യം. 
67 വര്‍ഷം മാനേജിംഗ് ട്രസ്റ്റിയായി, ശ്രദ്ധാപൂര്‍വമുള്ള കരുതലിലും, ജാഗ്രതയോടെയുള്ള കാവലിലും അനുദിനം വളര്‍ന്ന് ആഗോളതലത്തിലേക്കുയര്‍ന്ന കോട്ടക്കല്‍ ആര്യവൈദ്യശാല അദ്ദേഹത്തെ ആദരിക്കാൻ  ‘ശതപൂര്‍ണിമയുടെ നിറവില്‍' എന്ന ആഘോഷ പരിപാടികള്‍ നടത്തിക്കൊണ്ടിരിക്കുന്ന ദീപ്ത സന്ദര്‍ഭത്തിലായിരുന്നു ആ വേര്‍പാട്. ഒരു നൂറ്റാണ്ട് കാലത്തിന് സാക്ഷ്യം വഹിച്ച ആ ജീവിതത്തെ സമഗ്രതയില്‍ രേഖപ്പെടുത്താന്‍ ആര്‍ക്കാണാവുക? ഓര്‍ത്തെടുക്കുന്ന മാത്രയില്‍ത്തന്നെ ഊര്‍ന്നുപോകുന്നതാകാം ഓരോ സന്ദര്‍ഭങ്ങളിലും അനുഭവിച്ചറിയാന്‍ സാധിച്ച ഇടപെടലുകളിലെ ഊര്‍ജം എന്നുവരാം. എങ്കിലും ഇത്തരം ഓര്‍മകള്‍ മാത്രമാണ് നമുക്കിനി സാധ്യമായത്. 

warrier