Friday, 26 November 2021

സാമൂഹ്യക്ഷേമവും ആദിവാസികളും


Text Formatted

ഭരണകൂട  ‘കുറ്റകൃത്യ’മായി മാറിയ
ആദിവാസി ക്ഷേമം

കേരളത്തിലെ ഭരണകൂടം മുന്നോട്ടുവെക്കുന്ന ആദിവാസി ക്ഷേമ പദ്ധതികളുടെ കഴിഞ്ഞ പത്തുവർഷത്തെ അനുഭവങ്ങളെക്കുറിച്ച്​  ഫീല്‍ഡ് എക്‌സ്​പീരിയന്‍സിന്റെയും ഡാറ്റകളുടെയും അടിസ്ഥാനത്തില്‍ ഒരു അവലോകനം.

 

Image Full Width
Image Caption
ഫോട്ടോ: മുഹമ്മദ് ഹനാന്‍
Text Formatted

സാമൂഹിക ക്ഷേമം എന്ന വാക്ക് ഭരണകൂടങ്ങള്‍ക്ക് എക്കാലവും പ്രിയങ്കരവും എന്നാല്‍ പലപ്പോഴും അവരുടെ സൗകര്യങ്ങള്‍ക്കനുസരിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്നതുമായ ഒരു കാര്യമാണ്. ഇന്ത്യ എന്ന രാഷ്ട്രവും ഇതില്‍ നിന്ന് വിഭിന്നമല്ല. ഒരു രാഷ്ട്രമെന്ന നിലയില്‍ ജനഹിതം മനസിലാക്കിക്കൊണ്ടുള്ള ക്ഷേമപ്രവര്‍ത്തനങ്ങളും ഭരണനിര്‍വഹണത്തില്‍ സുതാര്യതയും, കാര്യക്ഷമതയും കൊണ്ടുവരാന്‍ ശ്രമിക്കുന്ന രാജ്യമാണ് നമ്മുടേത്. ദുര്‍ബലരുടെയും, മധ്യവര്‍ഗത്തിന്റെയും തിരഞ്ഞെടുപ്പുരംഗത്തെ വര്‍ധിച്ചു വരുന്ന പങ്കാളിത്തം അവരുടെ ക്ഷേമത്തെക്കുറിച്ച് കുറച്ചെങ്കിലും ചിന്തിക്കാന്‍ ഭരണനേതൃത്വങ്ങളെ നിര്‍ബന്ധിച്ചിട്ടുണ്ടെന്നാണ് ലൂയി ടില്ലിന്‍ പോലുള്ള അക്കാദമിക്കുകള്‍ പറയുന്നത്. ഒരു ഫെഡറല്‍ സംവിധാനം എന്ന നിലയില്‍ ഇന്ത്യയില്‍ സാമൂഹിക ക്ഷേമത്തെക്കുറിച്ചുള്ള വ്യാകുലതകള്‍ ഏറെയും സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തം എന്ന നിലയിലാണ് കാണപ്പെടുന്നത്. ജാതി, മത, വര്‍ഗ അസമത്വങ്ങളും സാമൂഹിക വൈവിധ്യങ്ങളുടെ അലകും പിടിയും അതിന്റെ സമഗ്രതയില്‍ മനസിലാക്കാന്‍ കഴിയുന്നത്, അതിന്റെ സ്ഥൂലമായ വിശകലനങ്ങള്‍ സാധ്യമാവുന്ന സംസ്ഥാന തലത്തിലായിരിക്കും എന്നതുമാത്രവുമല്ല, അത്തരമൊരു വികസന ചിന്താധാരക്കു മാത്രമേ ഉള്‍ച്ചേരല്‍ (inclusion) എന്ന പ്രായോഗിക നൈതിക സങ്കല്‍പത്തോട് ചേര്‍ന്നുനില്‍ക്കാന്‍ കഴിയൂ എന്ന തിരിച്ചറിവാണ് ഇതിനുപിന്നില്‍. 

സംസ്ഥാനങ്ങള്‍ ആവിഷ്‌കരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന ക്ഷേമപദ്ധതികള്‍ പലപ്പോഴും വൈവിധ്യം നിറഞ്ഞതും വികസന അജണ്ടകള്‍ നിശ്ചയിക്കുന്നതില്‍ ഒരു പരിധി വരെ കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളുമായി ഒത്തുപോവാന്‍ ശ്രമിക്കുകയും ചെയ്യുന്നതിലൂടെ, ഒരു ജനാധിപത്യ നിയമ സാധുത നേടാന്‍ ഈ നയങ്ങള്‍ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ സംസ്ഥാനങ്ങളെ സംബന്ധിച്ച് വളര്‍ച്ചയും (growth) ഉള്‍ച്ചേരലും (inclusion) ഒരിക്കലും പരസ്പര പൂരകങ്ങളായിരുന്നില്ല എന്നതായിരുന്നു സത്യം. സമൂഹത്തില്‍ ഏറെ പിന്നാക്കക്കാര