Saturday, 27 November 2021

നോവല്‍


Text Formatted
katturkadavu-title
Image Full Width
Image Caption
ചിത്രീകരണം : ഇ. മീര
Text Formatted

18: കറപ്പയ്യാ സ്വാമി

1928ലാണ് കറുപ്പയ്യ നാരായണഗുരുവിനെ കാണാന്‍ പാലക്കാട്ടേക്കു പോയത്. ഗുരുവുമായുള്ള അദ്ദേഹത്തിന്റെ അവസാനത്തെ കൂടിക്കാഴ്ചയായിരുന്നു അത്.
ആ വര്‍ഷം സെപ്തമ്പറില്‍ ഗുരു ലോകവാസം വെടിഞ്ഞുവല്ലോ.
മേയ് മാസത്തിലായിരിക്കണം കറുപ്പയ്യയുടെ യാത്ര. കാരണം തീവണ്ടിയില്‍ കോണ്‍ഗ്രസ്സിന്റെ പയ്യന്നൂര്‍ സമ്മേളനം കഴിഞ്ഞ് മടങ്ങുന്ന വളണ്ടിയര്‍മാര്‍ ഉണ്ടായിരുന്നതായും കറുപ്പയ്യ അവരുമായി സംഭാഷണത്തില്‍ ഏര്‍പ്പെട്ടതായി കേട്ടറിവുണ്ട്. ജവഹര്‍ലാല്‍ നെഹ്രുവിനെ കണ്ടതിന്റെയും പ്രസംഗം കേട്ടതിന്റെയും ആവേശത്തില്‍ മതിമറന്നിരിക്കുകയായിരുന്നു വളണ്ടിയര്‍മാര്‍.

‘സ്വാതന്ത്ര്യപ്രമേയം മാധവന്‍ നായര്‍ വെടുപ്പായിട്ട് അവതരിപ്പിച്ചു. പൂര്‍ണ്ണസ്വരാജാണ് ലക്ഷ്യം. ചെലോരിക്ക് അതങ്ങട് ബോധിച്ചില്ല. നടക്കാത്ത കാര്യാന്ന് അവര് പറഞ്ഞു. അപ്പൊ കേളപ്പന്‍ എണിറ്റു. നാട്ടില് പോയിട്ട് നന്നായിട്ട് പണീടുക്കണം. കൃഷിക്കാരെ സംഘടിപ്പിക്കണം. ലഡൂം ജിലേബീം തിന്ന് ഇരിക്കാന്ന്ച്ചട്ട് ആരും കോണ്‍ഗ്രസ്സില് വരണ്ടാന്നു പറഞ്ഞു അദ്ദേഹം’; ഒരാള്‍ പറഞ്ഞു.
അതുകേട്ട് കറുപ്പയ്യ ചിരിച്ചു.

‘കവിസമ്മേളനത്തില് ഒരു യുവാവുണ്ടാര്‍ന്നു. ഒരു കരിങ്കുട്ടി. പേര് കുഞ്ഞിരാമന്നായര്. നാലപ്പാടനേക്കാളും വള്ളത്തോളിനേക്കാളും എനിക്കു ഗംഭീരായി തോന്നിയത് അയാള്‍ടെ കാവ്യമാണ്’; ഒരു വളണ്ടിയര്‍ പറഞ്ഞു.

‘വിദ്വാന്‍ പി. കേളുനായരുടെ ഗാനാലാപത്തെ നിങ്ങളൊന്നു സ്മരിപ്പിന്‍ കൂട്ടരേ.'
മറ്റൊരാള്‍ പറഞ്ഞു.

എതിര്‍വശത്തിരുന്ന ഒരു കോണ്‍ഗ്രസ്സ് വളണ്ടിയര്‍ കറുപ്പയ്യയോടു ചോദിച്ചു:
‘അങ്ങയെക്കണ്ടിട്ട് ഒരു ബഹുമാന്യനാണെന്നു തോന്നുന്നു. അങ്ങ് എവിടേക്കു പോകുന്നു?'
‘പാലക്കാട്ടേക്ക്’; കറുപ്പയ്യ പറഞ്ഞു.
‘അവിടെ ഡോക്ടര്‍ കൃഷ്ണന്റെ വസതിയില്‍ നാരായണഗുരുസ്വാമി വിശ്രമിക്കുന്നുണ്ട്. അദ്ദേഹത്തെ ചെന്നു കാണണം.'
‘ഓ, തീയ്യരുടെ ആ ഗുരു; അല്ലേ? അദ്ദേഹം ഇപ്പോള്‍ വളരെ പ്രശസ്തനായിരിക്കുകയാണല്ലോ. വൈക്കത്ത് ചെന്നു മഹാത്മജി അദ്ദേഹത്തെ സന്ദര്‍ശിച്ചു, അല്ലേ? ആട്ടെ താങ്കള്‍ തീയ്യസമുദായക്