Wednesday, 29 March 2023

ആത്മകഥ


Text Formatted

വെറും മനുഷ്യര്‍- 20

പ്രണയം മിടിക്കുന്നു ആ നെഞ്ചിന്‍കൂട്ടിലിപ്പോഴും

ഏട്ടന്റെ തുടയില്‍ നിന്ന് മാംസമെടുത്ത് നെഞ്ചില്‍വെച്ച് പിടിപ്പിക്കുകയാണെന്ന അറിവില്‍ എന്റെ രാപ്പകലുകള്‍ പൊള്ളിപ്പിടഞ്ഞു. തുടയില്‍ നിന്ന് ഇറച്ചി അരിഞ്ഞെടുക്കുമ്പോള്‍ ഏട്ടന് വേദനിക്കുമല്ലോ എന്നോര്‍ത്ത് എന്റെ നെഞ്ച് കനത്തു. 

Image Full Width
Image Caption
ചിത്രീകരണം:ദേവപ്രകാശ്
Text Formatted

ജീവന്റെ നാലഞ്ച് തുള്ളികളുമായി ഉമ്മറവാതില്‍ക്കല്‍ മരണം കാത്തുകിടന്ന ഏട്ടനെ നാഗര്‍കോവിലിലെ  ആശുപത്രിയില്‍ എത്തിച്ചത് മനോഹരന്‍ പറഞ്ഞയച്ച ടൂറിസ്റ്റ് ടാക്‌സിയിലായിരുന്നു. പുതിയ ജീവിതത്തിലേക്കുള്ള ഏട്ടന്റെയും സാജിദാന്റെയും യാത്രയ്ക്കായി അക്കണ്ട നേരമത്രയും അവിടെ കാത്തു കിടന്ന ആ കാറില്‍ നാഗര്‍കോവിലിലെത്തുമ്പോള്‍ ആ നാലഞ്ച് തുള്ളികളില്‍ ഒന്നോ രണ്ടോ തുള്ളികളേ ബാക്കിയുണ്ടായിരുന്നുള്ളൂ ...

കാഴ്ച  കണ്ടുനിന്ന ആള്‍ക്കൂട്ടത്തിന്റെ മുഖത്ത് ആനന്ദവും കൗതുകവും ഉണ്ടായിരുന്നില്ല. ആള്‍ക്കൂട്ടത്തെ രണ്ടുഭാഗത്തേക്കും വകഞ്ഞുമാറ്റി ഏട്ടനെയും കൊണ്ടുപോയ ആ കാറില്‍ ആരൊക്കെയാണ് കയറിപ്പറ്റിയതെന്ന് അപ്പോള്‍ ഞാന്‍ അറിഞ്ഞില്ല.
എനിക്കുമുമ്പില്‍ ഇരുട്ടായിരുന്നു.
പള്ളി മിന്നാരത്തിലെ വെളിച്ചങ്ങള്‍ അണഞ്ഞുപോയിരുന്നു. 

മദ്രസയിലേക്കെന്നും പറഞ്ഞ് വന്ന കുട്ടികള്‍ പള്ളിപ്പടവുകളില്‍ കട്ടപിടിച്ചുകിടന്ന ചോരയില്‍ ചവിട്ടാതെ ഞങ്ങളുടെ വീട്ടിലേക്ക് ഏന്തിവലിഞ്ഞ് നോക്കി. അക്കൂട്ടത്തില്‍ ആബിദ ഇല്ലായിരുന്നു.

പാതയിലെ ഒടുക്കത്തെ ആളും പിരിഞ്ഞുപോയപ്പോള്‍ നേരം പുലരുകയായിരുന്നു. വീടിനകത്തും പുറത്തും എന്റെ അന്തരീക്ഷത്തിലാകെയും ടൈഗര്‍ ബാമിന്റെ ഗന്ധമായിരുന്നു. ഉമ്മയും ഉപ്പയും  വല്യാക്കയും വീട്ടിലുണ്ടായിരുന്നില്ല.
ആരും അടുപ്പ് കത്തിച്ചില്ല. ഒന്നും തിന്നാന്‍ കിട്ടിയില്ല.
ആയിരം മരണവീടുകളുടെ മൂകതയുമായി എന്റെ വീട് നിന്നു.
നിശ്വാസത്തിന്റെ ശബ്ദം പോലും കേള്‍ക്കാമായിരുന്നു. 
താഴത്തെ വീട്ടില്‍ നിന്ന് ചാരായബഹളങ്ങള്‍ വന്നില്ല.
പള്ളിയില്‍ സുബഹി ബാങ്ക് വിളിച്ചില്ല.
​​​​​​​പുലരിയുടെ പക്ഷികള്‍ മാത്രം പതിവുശബ്ദങ്ങളുമായി അന്നംതേടി പറന്നു. 

ഗോവിന്ദച്ചാമിയുടെ നെല്‍പ്പാടങ്ങള്‍ തൊട