Monday, 18 October 2021

കഥ


Text Formatted
ചിത്രീകരണം: ദേവപ്രകാശ്​

 

ഇന്നു ഞാന്‍ നാളെ നീ 
ഇന്നു ഞാന്‍ നാളെ നീ
ഇന്നും പ്രതിധ്വനിക്കുന്നതെ-
ന്നോര്‍മ്മയില്‍ 

-ജി ശങ്കരക്കുറുപ്പ്.

മാനം തൊട്ട് നിവര്‍ന്നു വിരിഞ്ഞു നിന്നിരുന്ന പുളിമരത്തിന്റെ  അങ്ങേയറ്റത്തെ  കൊമ്പില്‍ ആ ശബ്ദം പോയി തൊട്ടു.
ശബ്ദമുണ്ടാക്കാതെ രണ്ട്  കാക്കകള്‍ പറന്നുപോയി.
‘കള്ള പറങ്കികള്  നമ്മടെ നാട്ടിലു  വന്ന് ഇവിടുള്ള സുറിയാനികളെ  പിടിച്ച് ലത്തീനാക്കാന്‍ പണിപെടുമ്പോള് അവറ്റകളുടെ വെളുത്ത തൊലിയുരിച്ചോടിച്ച ചരിത്രമാ  നമ്മടെ പെരുംമ്പടം  തറവാട്ടിന്. കൂനന്‍കുരിശു ലഹള പെരുത്തപ്പോളും നമ്മള്  സുറിയാനികളുടെ കൂടെ നിന്ന്. എന്നിട്ടും അവസാനം ആ മൈരന്‍മാര്  നിങ്ങള്  ഹിന്ദുക്കളല്ലെന്നും  പറഞ്ഞ് ആട്ടി.
യേശുദേവന്‍ സുറിയാനിയാര്‍ന്നാ...? ലത്തീനാര്‍ന്നാ.....?
അങ്ങേര് ആദ്യ കമ്യൂണിസ്റ്റാര്‍ന്ന്.
നായര്‍ക്ക് കീഴോട്ടുള്ള ജാതികള്  നസ്രാണിത്തത്തിലേക്ക് ഒഴുകി  തുടങ്ങിയപ്പോ തിരു-തമ്പുരാന്‍ ക്ഷേത്ര വിളംബര വേലയിറക്കി. എന്നിട്ടോ...!
 ആര്‍ക്കേലും  കൊണം കിട്ടിയാ....? 
ന്റെ അപ്പന്‍ ഒന്ന് തീരുമാനിച്ചാ  തീരുമാനിച്ചതാ.
തിരു- തമ്പുരാന്‍ മാമോദീസ മുങ്ങാന്‍ നിന്നോരെ ചാക്കിട്ട് വീഴ്​ത്തി പൂട്ടിയിട്ടു.
വിനാശകാരികളെ  തുരത്താന്‍ വരണ പുണ്യാളനെ പോലെ സഖാവ് കൃഷ്ണന്‍ രായ്ക്കുരാമാനം മൂവായിരം  പേരെ  തമ്പ്രാന്റെ പടിക്കീക്കോടെ മാമോദിസ മുക്കാന്‍ പള്ളിയില്‍  കൊണ്ടോയി. 
അതറിഞ്ഞു വന്ന സോവിയറ്റു  ബിഷപ്പ് സമ്മാനമായി രണ്ടു വായുള്ള തോക്ക് അപ്പനു  കൊടുത്തു'.

കീറി വെച്ച പച്ചമുളകു കൂടി തിരുമ്പി ഒഴിച്ച് വല്ല്യപ്പന്‍ ഒരെണ്ണം കൂടി കമിഴ്​ത്തി.

 സോവിയറ്റ് തോക്കുകിട്ടിയ സഖാവ് കൃഷ്ണന്‍  കവലയിലൂടെ  തോക്കും പിടിച്ചൊരു നടത്തം നടന്നു. കാണേണ്ടതായിരുന്നു അത്.
അങ്ങനെ സഖാവ് കൃഷ്ണന്‍ സോവിയറ്റ് കൃഷ്ണനായി.

എന്തോ കണ്ട് വെരുക്  പൊളയണ  പോലെ ഞാനൊന്നു പാളി.
അമ്മച്ചി തോട്ടുംപള്ളയില്‍നിന്ന് എന്നെ നോക്കി. വൈകീട്ടെ കുര്‍ബാനക്കു പള്ളീ പോവാണ്.
 അമ്മച്ചിയെ എന്റെ അപ്പന്‍ കട്ടോണ്ടു വന്നതാണ്.
മതം ഒന്നും മാറാന്‍ പറ്റൂലെന്ന്   അമ്മച്ചി തീര്‍ത്തുപറഞ്ഞു.

അന്നാണ് ആ സംഭവം നടന്നത്.
സോവിയറ്റു കൃഷ്ണന്റെ  ഭാര്യ പോയേന്റെ എട്ടാം വര്‍ഷം അതേ ദിവസം കൃഷ്ണനും പോയി.  അതിന്റെ ഒരാണ്ടു തികയുംമുമ്പ് അമ്മച്ചിയെ അപ്പന്‍
ഇറക്കികൊണ്ടുവന്നു.
 അന്ന് രാത്രി പ്ലാച്ചിമേട്ടുക്കാര്  പെരുമ്പടം തറവാട്ടു പടിക്കിലുവന്ന് പോരിനു വിളിയായി. ഒത്ത ആങ്ങളമാരെയെല്ലാം പറ്റിച്ചു കടന്നു കളഞ്ഞ അമ്മച്ചി കിടപ്പുമുറിയുടെ ജനലിനിടയിലൂടെ പുറത്തേക്കു കണ്ണെറിഞ്ഞു.പതുങ്ങി നിന്നു.
അപ്പന്‍ പേടിത്തൂറിയാണ്.
ഈ കളിയൊക്കെ വല്ല്യപ്പന്റെ ഊക്ക് കണ്ടിട്ടായിരുന്നു.
അത് ഫലിച്ചു.