Sunday, 17 October 2021

ജാതിയും രാഷ്​ട്രീയവും


Text Formatted

ശബരിമലയിലെ അവർണ മേൽശാന്തി:
​​​​​​​സവർണത ഇടപെടുന്ന വിധം

ക്ഷേത്രപ്രവേശനവാദത്തെ സവര്‍ണപക്ഷ പാരമ്പര്യവാദികള്‍ എങ്ങനെയാണ് നേരിട്ടതെന്നു തെളിയിക്കുന്ന രേഖകൾ പരി​ശോധിച്ചാൽ, അതിവേഗം ഹിന്ദുത്വവല്‍ക്കരിക്കപ്പെടുന്ന സമകാല ഇന്ത്യന്‍ സമൂഹജീവിതത്തില്‍ നിന്നുയരുന്ന ബ്രാഹ്‌മണിക് വാദങ്ങള്‍ നവോത്ഥാന പൂര്‍വ സമൂഹത്തിലേക്കുള്ള തിരിച്ചു പോക്കിന്റെ സൂചനയാണ് എന്ന് മനസ്സിലാക്കാം. ശബരിമല മേല്‍ശാന്തി നിയമനവുമായി ബന്ധപ്പെട്ട ചർച്ചകളുടെ പശ്ചാത്തലത്തിൽ ഒരു വിശകലനം

Image Full Width
Image Caption
ശബരിമല സന്നിധാനത്ത് തന്ത്രി കണ്ഠരര് രാജീവരരുടെ കാർമികത്വത്തിൽ പൂജ നടത്തുന്നു /Photo : sabarimala.kerala.gov.in

Text Formatted

കേരളത്തില്‍ ആരാധനാ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അവര്‍ണരുടെ സമരത്തിന് കുറഞ്ഞത് ഒന്നര നൂറ്റാണ്ടിന്റെ ചരിത്രമുണ്ട്. ഈയൊരാവശ്യം ഇന്നും പൂര്‍ണമായും ലക്ഷ്യം നേടിയിട്ടില്ലെന്ന് ശബരിമല മേല്‍ശാന്തി നിയമനവുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ നിന്ന് വ്യക്തമാകുന്നു.

തിരുവിതാംകൂറിന്റെ സവിശേഷമായൊരു രാഷ്ട്രീയ സന്ദര്‍ഭത്തില്‍ സി.വി. കുഞ്ഞിരാമനാണ് ക്ഷേത്ര പ്രവേശന വാദം തുടങ്ങി വക്കുന്നത്. പിന്നീടത് കേരളത്തിലെ അവര്‍ണ നേതാക്കള്‍ ഏറ്റെടുത്തു. സവര്‍ണ സമുദായത്തിലെ പുരോഗമന ചിന്താഗതിക്കാരും അതിനെ പിന്തുണച്ചു. 

tk madhavan
ടി.കെ. മാധവന്‍

ടി.കെ.മാധവന്‍ ക്ഷേത്രപ്രവേശന പ്രക്ഷോഭത്തിന്റെ നേതൃമുഖമായി മാറി. 1919 ല്‍ എല്ലാ ജാതിക്കാര്‍ക്കും ക്ഷേത്രങ്ങളില്‍ പ്രവേശനമനുവദിക്കണമെന്ന് അദ്ദേഹം ശ്രീമൂലം പ്രജാസഭയില്‍ ആവശ്യപ്പെട്ടു. കാക്കിനഡ കോണ്‍ഗ്രസില്‍ അവതരിപ്പിച്ച അയിത്തോച്ഛാടന പ്രമേയത്തിലൂടെ കേരളത്തിലെ പ്രക്ഷോഭങ്ങളെ ദേശീയ ശ്രദ്ധയിലെത്തിക്കാനും ടി.കെ.മാധവന് സാധിച്ചു. സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി തിരുവാര്‍പ്പിലും വൈക്കത്തും ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചു നടന്ന സമരങ്ങള്‍ നവോത്ഥാന കേരളത്തിന്റെ ചരിത്രത്തിലെ നിര്‍ണായക സംഭവങ്ങളാണ്. ഈ സമയമായപ്പോഴേക്കും അവര്‍ണ ഹിന്ദുക്കള്‍ക്കിടയില്‍ മതം മാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായിക്കഴിഞ്ഞിരുന്നു