Tuesday, 28 March 2023

Bend is not the End


Text Formatted

മസായി മറ; ഒരു ആഫ്രിക്കന്‍ ജീവിതം

എറണാകുളം ചോറ്റാനിക്കരയില്‍ ജനിച്ചു വളര്‍ന്ന ഒരു മലയാളി പെണ്‍കുട്ടി 25 ലധികം വിദേശ രാജ്യങ്ങള്‍ ഒറ്റയ്ക്ക് സഞ്ചരിച്ചതിന്റെ, വിചിത്രമെന്ന് തോന്നിപ്പിക്കുന്ന ഒരു അനുഭവമാണിത്. അധികമാരും സഞ്ചരിക്കാത്ത വഴികളുടെയും പലതരം മനുഷ്യരുടെയും പലതരം സ്ഥലങ്ങളുടെയും ആത്മകഥ. ആ അപൂര്‍വയാത്ര തുടങ്ങുകയാണ്.

Image Full Width
Text Formatted

നെയ്‌റോബിയില്‍ ചെന്നിറങ്ങുമ്പോള്‍ ഒരു ആഫ്രിക്കന്‍ പട്ടണത്തില്‍ ഒരാഴ്ച കഴിയണം, അവരുടെ ആഹാര രീതികള്‍ മനസിലാക്കണം, തദ്ദേശവാസികളെ കാണണം എന്നീ ഉദ്ദേശ്യങ്ങളാണുണ്ടായിരുന്നത്. അതോടൊപ്പം ഒരു ഡിസൈനര്‍ എന്ന നിലയില്‍ തദ്ദേശീയരുടെ വസ്ത്രധാരണ രീതി, നിറങ്ങള്‍, വസ്ത്രങ്ങളിലെ പാറ്റേണുകള്‍, ആഘോഷങ്ങള്‍ ഒക്കെ മനസിലാക്കണം എന്നതും യാത്രാ ലക്ഷ്യങ്ങളായിരുന്നു.

സന്ദര്‍ശകരെക്കൊണ്ടു നിറഞ്ഞ നെയ്‌റോബി പട്ടണത്തില്‍ നിന്ന് എന്റെ ഉദ്ദേശ്യങ്ങളൊന്നും സാധിക്കില്ലെന്ന് ആദ്യദിവസങ്ങളില്‍ തന്നെ മനസ്സിലായി. പട്ടണത്തിലെ അലച്ചിലിനിടയില്‍ കണ്ടുമുട്ടിയ പാലക്കാട്ടുകാരന്‍ മലയാളിയാണ് മസായി മറയിലേക്കുള്ള യാത്ര നിര്‍ദ്ദേശിച്ചത്.
ഏകദേശം ഒരു മണിക്കൂര്‍ ചെറുവിമാനത്തില്‍ യാത്ര ചെയ്താല്‍ കെനിയന്‍ തദ്ദേശീയരുടെ കൂടാരങ്ങള്‍ നിറഞ്ഞ മസായിയിലെത്താം. 
മണ്ണുകൊണ്ട് നിര്‍മിച്ച ചെറിയ റണ്‍വേയില്‍ വിമാനമിറങ്ങുമ്പോള്‍ ഭയം തോന്നിയില്ല. ഭയക്കാനാണെങ്കില്‍ പല കാരണങ്ങളുണ്ടുതാനും- ഒറ്റക്കൊരു സ്ത്രീ, ഭാഷ അറിയാത്ത നാട്, ചുറ്റും അപരിചിതര്‍. അപരിചിതരുടെ  നാട്ടിലേക്ക് തനിയെ ഒരു യാത്ര തിരഞ്ഞെടുത്തിട്ട് കുറച്ചു വര്‍ഷങ്ങളായി. 
ആചാരത്തിലും ആഹാരത്തിലും രൂപത്തിലും വ്യത്യസ്തരാണെങ്കിലും മനുഷ്യര്‍ ഒരുപോലെ സ്നേഹമുള്ളവരും അതിഥികളെയും അപരിചിതരെയും സ്വീകരിക്കുന്നതില്‍ തല്‍പരരും ആണെന്നാണ് ഇതുവരെയുള്ള എന്റെ അനുഭവം.

ജന്മനാട്ടിലെന്ന പോലെ സുരക്ഷിതമായിരുന്നു എന്റെ ഏകാന്ത യാത്രകളെല്ലാം.  
മസായി ഗ്രാമത്തിലെ ടെന്റുകളിലായിരുന്നു ആദ്യ ദിവസങ്ങള്‍. അതും ടൂറിസത്തിന്റെ ഭാഗമാണെന്ന് താമസിയാതെ മനസിലായി. എന്നും വിദേശികളെ കാണുന്ന അത്തരം മസായി മനുഷ്യരുടെ കഥകള്‍ ആദ്യം രസകരമായി തോന്നിയെങ്കിലും, അവയെല്ലാം സന്ദര്‍ശകര്‍ക്കുവേണ്ടി തയ്യാര്‍ ചെയ്ത ആവര്‍ത്തന വിരസതയുള്ള കഥകളാണെന്ന് താമസം കൂടാതെ മനസിലായി.  

thanoora