Sunday, 17 October 2021

വിദ്യാഭ്യാസ പരിഷ്​കരണം


Text Formatted

കാടിനും കടലിനും ഒരേ പാഠ്യപദ്ധതി മതിയോ?

സമഗ്രവും സന്തോഷപ്രദവും പ്രത്യാശാനിര്‍ഭരവുമായ കോവിഡാനന്തര വിദ്യാഭ്യാസ നയത്തെക്കുറിച്ച് ഒരു വിചാരം

Image Full Width
Text Formatted

പാഠ്യപദ്ധതി കെട്ടിനില്‍ക്കുന്ന ജലാശയമല്ല. ഒഴുകുന്ന പുഴയോടാണ് നാമതിനെ താരതമ്യപ്പെടുത്തേണ്ടത്. പഠനപ്രക്രിയയെ നിരന്തരം നവീകരിച്ചും, ബോധനരീതികളെ പുതുക്കിയും, കാലികമായ അറിവുകളെ സ്വാംശീകരിച്ചും, വൈവിധ്യങ്ങളെ പരിഗണിച്ചും, സാമൂഹ്യ ഉത്തരവാദിത്തങ്ങളേറ്റെടുത്തുമാണ് അത് കാലത്തിനൊപ്പം സഞ്ചരിക്കേണ്ടത്. അക്കാദമിക- മനശാസ്ത്ര- സാങ്കേതികതലത്തില്‍ മാത്രം പരിഗണിക്കപ്പെട്ടിരുന്ന പാഠ്യപദ്ധതി ചര്‍ച്ചകളെ സാമൂഹിക ഇടങ്ങളിലേക്കു കൂടി പരിവര്‍ത്തിപ്പിച്ച പ്രദേശമെന്ന നിലയില്‍ കേരളത്തില്‍ പാഠ്യപദ്ധതിയുമായും പാഠപുസ്തകങ്ങളുമായും ബന്ധപ്പെട്ട സംവാദങ്ങള്‍ക്ക് പ്രസക്തിയേറെയാണ്. 

2013-ല്‍ തയാറാക്കിയ നിലവിലുള്ള പാഠ്യപദ്ധതി എട്ടാംവര്‍ഷത്തിലേക്ക് കടക്കുന്ന സന്ദര്‍ഭമാണിത്. അന്നത്തെ സാഹചര്യങ്ങളില്‍നിന്ന് കേരളം ഏറെ മാറിയിരിക്കുന്നു. നിരന്തരം പുതുക്കപ്പെടുന്ന അറിവിന്റെയും, ശേഷികളുടെയും, മനോഭാവങ്ങളുടെയും നാല്‍ക്കവലയിലാണ് നാം നില്‍ക്കുന്നത്. വിദ്യാഭ്യാസത്തെ സാമൂഹ്യ-സാമ്പത്തിക-സാംസ്‌കാരിക പുരോഗതിയുടെ സൂചകമായി പരിഗണിക്കുന്ന സംസ്ഥാനമെന്ന നിലയില്‍ കേരളം ഒരു കോവിഡനന്തര വിദ്യാഭ്യാസപദ്ധതിയെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കേണ്ട ഘട്ടമാണിത്.
പരിസ്ഥിതിത്തകര്‍ച്ചയും, പാരിസ്ഥിതിക ദുരന്തങ്ങളും, സാംക്രമിക രോഗങ്ങളും, കാര്‍ഷികപ്രതിസന്ധിയും, തൊഴില്‍ നഷ്ടവും, ലോക്ഡൗണും, സ്‌കൂള്‍ അടച്ചിടലും, അധ്യയനനഷ്ടവും, ഒറ്റപ്പെടലും, കുടുംബസംഘര്‍ഷങ്ങളും, വ്യക്തി-സാമൂഹികതലങ്ങളില്‍ അസ്വസ്ഥതകളും, സംഘര്‍ഷവും സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ പ്രത്യാശാനിര്‍ഭരവും സമഗ്രവുമായ ഒരു പാഠ്യപദ്ധതി നമുക്കാവശ്യമാണ്. അത് നിലവിലുള്ളതിന്റെ നവീകരണമോ പുതിയ പാഠ്യപദ്ധതിയുടെ രൂപീകരണമോ ആവാം. കുട്ടികള്‍ക്കും, മാതാപിതാക്കള്‍ക്കും, അധ്യാപകര്‍ക്കും, സ്‌കൂളിനും വിദ്യാഭ്യാസവ്യവസ്ഥയ്ക്കും പ്രത്യാശയോടെ ഭാവിയെ നോക്കിക്കാണാന്‍ പറ്റുന്ന ഇടങ്ങള്‍ പാഠ്യപദ്ധതിയിലുണ്ടാവണം. കേവല അക്കാദമിക വ്യവഹാരമെന്ന നിലയില്‍ നിന്നുമാറി സമൂഹത്തിലെ സമസ്തതലങ്ങളെയും ഉള്‍ക്കൊള്ളുന്നതും, പ്രതിസന്ധികളെ മുറിച്ചുകടക്കാനുതകുന്നതുമായ ഒരു പാഠ്യപദ്ധതി സമീപനം കേരളം സ്വീകരിക്കേണ്ടതുണ്ട്.  
അതിന് കരിക്കുലത്തെ സംബന്ധിക്കുന്ന കാഴ്ചപ്പാടുകളില്‍ ഒരു പൊളിച്ചെഴുത്ത് അനിവാര്യമാണ്. ഒപ്പം നാമെപ്പോഴും ആഘോഷപൂര്‍വം കൊണ്ടാടുന്ന പാഠ്യപദ്ധതി പരിഷ്‌ക്കരണങ്ങളെയും പാഠ പുസ്തകങ്ങളെയും പ്രശ്നവത്ക്കരിക