Wednesday, 20 October 2021

ആത്മകഥ


Text Formatted

എഴുകോണ്‍- 37

ഉണങ്ങുന്ന മുറിവുകള്‍, ഉണങ്ങാത്ത മുറിപ്പാടുകള്‍ 

ഒരിക്കല്‍ ജ്വലിച്ചു നിന്ന  ‘നാരീസക്ഷ’വും  തൃശൂരിലെ ‘ജ്വാലാമുഖി’യും  അങ്ങനെ തന്നെ നില നില്‍ക്കുന്നില്ലെങ്കിലും അതിലൂടെ  തീപ്പന്തം പോലെ  കടന്നുപോയവര്‍   സമൂഹമനസ്സാക്ഷിയില്‍ ഏല്‍പ്പിച്ച പൊള്ളലിന്റെ  പാടുകള്‍ എക്കാലവും  നില നില്‍ക്കും

Image Full Width
Image Caption
എ. കെ. ജയശ്രീ
Text Formatted

സുന്ദരമായ ചിരിയും റോസ് നിറവും ചുരുണ്ട മുടിയുമായി ഓടിനടന്നിരുന്ന സ്വപ്നയാണ് ആരോഗ്യബൃന്ദത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ ആദ്യം മനസ്സിലെത്തുന്നത്. സ്വപ്നയുടെ കഴുത്തും താടിയും ഒരു ആസിഡ് അറ്റാക്കിനാല്‍ വികൃതമാക്കപ്പെട്ടിരുന്നു. ലൈംഗിക തൊഴില്‍ ചെയ്യുന്ന സ്ത്രീകളോട് വെറുപ്പ് വച്ചുപുലര്‍ത്തിയിരുന്ന ഏതോ മനോരോഗിയാണ് അത് ചെയ്തത്. 25 ലക്ഷം രൂപ ചെലവാക്കി പല പ്രാവശ്യമായുള്ള ശസ്ത്രക്രിയയിലൂടെ കഴുത്തും മുഖവും രൂപപ്പെടുത്തിയെടുക്കാന്‍ സ്വപ്ന ആഗ്രഹിച്ചിരുന്നു. അതിനായി ശ്രമം തുടങ്ങിവച്ചെങ്കിലും അത് ചെയ്‌തെടുക്കാന്‍ സാധിച്ചില്ല.  

‘ആരോഗ്യബൃന്ദം' എന്നത്  ‘നാരീസക്ഷ'ത്തിന്റെ ആരോഗ്യസേവനത്തിലുള്ള പ്രവര്‍ത്തനത്തിനായി രൂപീകരിച്ച സംഘമായിരുന്നു. ഏറ്റവും പ്രയാസമുള്ള കാര്യമായിരുന്നു അത്. ആരോഗ്യമുള്ള ശരീരമാണ് സെക്‌സ് വര്‍ക്ക് ചെയ്യുന്നവര്‍ക്ക് ആവശ്യം.  അതുകൊണ്ടുതന്നെ ശരീരത്തിന്റെ വൃത്തിയും ശുദ്ധിയും ആരോഗ്യവുമെല്ലാം സ്വകാര്യമായി സൂക്ഷിക്കുക എന്നത്  മത്സരമുള്ള ബിസിനസില്‍ അവരുടെ ആവശ്യവുമാണ്.

പൊതുജനാരോഗ്യസംവിധാനങ്ങളില്‍നിന്ന് ഏല്‍ക്കേണ്ടി വരുന്ന അപമാനവും അവഗണനയും മൂലം അവര്‍ എപ്പോഴും സമാന്തര  ചികിത്സകരുടെയും വ്യാജ ചികിത്സകരുടെയും അടുത്താണ് പോകാറ്.  ആ സാഹചര്യത്തിലാണ് കൂട്ടത്തോടെ പരിശോധിക്കാനും ചികിത്സിക്കാനുമൊക്കെയായുള്ള എയ്ഡ്സ് നിയന്ത്രണ പരിപാടികള്‍  വരുന്നത്.  പൊതുസമൂഹത്തിലുള്ളവരെ വിശ്വാസത്തിലെടുക്കാന്‍തന്നെ അവര്‍ക്ക് പ്രയാസമുണ്ടാകും.  സുരക്ഷാ ഉറകള്‍ നല്‍കുന്നതിനും മറ്റുമായി ലിസ്റ്റ് തയാറാക്കിയിരുന്ന ആദ്യഘട്ടത്തില്‍ അവര്‍ വല്ലാതെ ഭയന്നിരുന്നു. പട്ടിക തയാറാക്കുന്നത് പൊലീസിന് കൈമാറാനാണെന്ന് പലരും കരുതി.  നിരന്തരം പൊലീസിനെ ഭയന്ന് കഴിയുന്നവര്‍ക്ക് അങ്ങനെ മാത്രമേ ചിന്തിക്കാന്‍ കഴിയുമായിരുന്നുള്ളൂ.  

ശരീരത്തിലെ  ഓരോ അവയവവും വര്‍ണിക്കുന്നതിന്റെ കൂട്ടത്തില്‍ യോനിയെ മുളകായി സങ്കല്‍പ്പിക്കുന്നു.