Wednesday, 20 October 2021

Epistemology of Science


Text Formatted

ശാസ്ത്രത്തിന്റെ ജ്ഞാനശാസ്ത്രം

അനുഭവിച്ചേ അറിയൂ! പ്രത്യക്ഷ വസ്തുവാദികളുടെ ലോകത്തില്‍

പ്രകൃതി പ്രതിഭാസങ്ങളെയും അവയുടെ ബന്ധങ്ങളെയും ഗുണങ്ങളെയും കുറിച്ച് അനുഭവങ്ങളിലൂടെ സ്വരൂപിക്കുന്ന ജ്ഞാനമാണ് ശരിയായ ജ്ഞാനമെന്ന് വിശ്വസിക്കുന്ന പ്രത്യക്ഷ വസ്തുവാദത്തിന്റെ രൂപപ്പെടലിനെയും വികാസത്തെയും കുറിച്ച് ചര്‍ച്ച ചെയ്യുകയാണിവിടെ.

Image Full Width
Text Formatted

ത്തൊമ്പതാം നൂറ്റാണ്ടില്‍, അമ്പതുകള്‍ക്കും എണ്‍പതുകള്‍ക്കും ഇടയില്‍, ജര്‍മന്‍ സ്‌കൂളുകളില്‍ യാന്ത്രിക ഭൗതികവാദത്തിന്റെ സ്വാധീനമാണുണ്ടായിരുന്നത്. കോംതെയുടെ പ്രത്യക്ഷവസ്തുവാദ(Positivism)ത്തിന്റേയും ഭൗതികവാദത്തിന്റേയും യാന്ത്രികവാദത്തിന്റേയും മിശ്രിതമായിരുന്നു അത്. വിവിധ ശാസ്ത്രശാഖകളെ ദാര്‍ശനികമായി സമീപിക്കുകയും ശാസ്ത്രത്തിന്റെ തത്ത്വചിന്തയെ കുറിച്ചു പറയുകയും ചെയ്യുന്ന ആദ്യത്തെ ചിന്തകന്‍ ഓഗസ്റ്റെ കോംതെയാണെന്നു പറയാം. പ്രകൃത്യതീതശക്തികളേയും ആശയവാദത്തേയും പ്രകൃതിപ്രതിഭാസങ്ങളുടെ വിശദീകരണങ്ങളില്‍ നിന്നും ഒഴിവാക്കുന്ന സമീപനവുമായിട്ടാണ്  കോംതെയുടെ

Auguste Comte
ഓഗസ്റ്റെ കോംതെ

ഇടപെലുകള്‍ ആരംഭിക്കുന്നത്. പ്രകൃതിപ്രതിഭാസങ്ങളേയും അവയുടെ ബന്ധങ്ങളേയും ഗുണങ്ങളേയും കുറിച്ച് അനുഭവങ്ങളിലൂടെ സ്വരൂപിക്കുന്ന ജ്ഞാനത്തെയാണ് പോസിറ്റിവിസ്റ്റുകള്‍ ശരിയായ ജ്ഞാനമായി പരിഗണിച്ചത്. ദാര്‍ശനികമായ ഊഹങ്ങളെയോ അനുമാനങ്ങളെയോ ആശ്രയിക്കാതെ, ആനുഭവികമായ നിരീക്ഷണങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും ശാസ്ത്രജ്ഞാനം ആര്‍ജ്ജിക്കാന്‍ കഴിയുമെന്ന സമീപനമാണ് ഇത് മുന്നോട്ടുവച്ചത്. ഈ ചിത്രത്തില്‍ ദ്രവ്യം പ്രാഥമികമാകുകയും നിരീക്ഷകരില്‍ നിന്നും സ്വതന്ത്രമായി നില്ക്കുന്ന വസ്തുനിഷ്ഠലോകത്തെ കുറിച്ചുള്ള പഠനമായി ശാസ്ത്രപഠനം വിലയിരുത്തപ്പെടുകയും ചെയ്തു. ശാസ്ത്രസിദ്ധാന്തങ്ങള്‍ ദ്രവ്യചലനത്തെ നിര്‍ണയിക്കുന്ന യാന്ത്രികനിയമങ്ങളായി തിരിച്ചറിയപ്പെടുകയായിരുന്നു. ശാസ്ത്രത്തിന്റെ രീതിശാസ്ത്രം ഈ യാന്ത്രികനിയമങ്ങളെ കണ്ടെത്താനുള്ള ആനുഭവികാന്വേഷണങ്ങളായി മനസ്സിലാക്കപ്പെട്ടു. അതിഭൗതികമായ ഊഹങ്ങള്‍ക്ക് ശാസ്ത്രത്തിന്റെ മണ്ഡലത്തില്‍ പ്രാധാന്യമില്ലെന്ന