Friday, 22 October 2021

നോവല്‍


Text Formatted
katturkadavu-title
Image Full Width
Image Caption
ചിത്രീകരണം: ഇ. മീര
Text Formatted

21: മുള്‍ച്ചെടികള്‍ പടര്‍ന്ന കാട്ടുപറമ്പ്

ദേശാന്തരം പോയ കറുപ്പയ്യത്തണ്ടാര്‍ പിന്നെ ഏറെകാലം കഴിഞ്ഞിട്ടാണ് കാട്ടൂര്‍ക്കടവിലക്ക് തിരിച്ചു വന്നത്. പക്ഷേ ആ തിരിച്ചുവരവ് താല്‍ക്കാലികമായിരുന്നു. അദ്ദേഹം തന്റെ സഞ്ചാരം തുടര്‍ന്നു. അപ്പോഴേക്കും താടിയും തലയും നരച്ച് വളര്‍ന്ന് അദ്ദേഹം പടുവൃദ്ധരൂപം കൈവരിച്ചിരുന്നു. ആളുകള്‍ കറുപ്പയ്യാ സ്വാമി എന്നു വിളിച്ചു. ആ അതികായന്‍ മെലിഞ്ഞു ചെറുതായിരുന്നു. ഒറ്റവസ്ത്രമാണ് ധരിച്ചിരുന്നത്. അക്കാലത്ത് അദ്ദേഹം സംസാരിക്കുന്നത് അപൂര്‍വമായിരുന്നു.

അവിരാമമായ തന്റെ സഞ്ചാരങ്ങള്‍ക്കിടക്ക് അദ്ദേഹം വല്ലപ്പോഴും കാട്ടൂര്‍ക്കടവില്‍ വന്നിരുന്നു. ബന്ധുമിത്രാദികളുടെ വീടുകളില്‍ കയറും. അവിടെ ഉമ്മറത്തെ തിണ്ണയില്‍ നിശ്ശബ്ദനായി ഇരിക്കും. വീട്ടുകാര്‍ ഉപചാരപൂര്‍വ്വം നല്‍കുന്ന വിഭവങ്ങളില്‍ ഇലകളോ പഴങ്ങളോ ഉണ്ടെങ്കില്‍ അല്‍പ്പമെടുത്ത് കഴിക്കും. പിന്നെ യാത്ര പറയാതെ മടങ്ങും. നാട്ടില്‍ തങ്ങുന്ന ദിവസങ്ങളില്‍ അദ്ദേഹം പൈക്കണ്ണിനടക്കലെ കൊട്ടിലിലാണ് കിടന്നിരുന്നത്. അമ്പലക്കടവില്‍ കുളിക്കും.

പിന്നീട് അദ്ദേഹം വരാതായി.
ആള്‍ മരിച്ചിട്ടുണ്ടാവുമെന്ന് ജനങ്ങള്‍ കരുതി.
അദ്ദേഹം നേരിട്ട് സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചു എന്നാണ് പുല്ലാനിക്കാട്ടെ മുത്തശ്ശിമാര്‍ പേരക്കുട്ടികളോട് പറഞ്ഞിരുന്നത്.
നിന്നനില്‍പ്പില്‍ അപ്രത്യക്ഷനാവുകയാണുണ്ടായത്. വല്യമ്മ ദിമിത്രിയോട് പറഞ്ഞു:  ‘യോഗികള്‍ അങ്ങനെയാണ്. അവര്‍ക്ക് മരണല്യ. ഇവടത്തെ ജീവിതം മതീന്നു തോന്നുമ്പൊ അവര് ധ്യാനിക്കും. അപ്പൊ സ്വര്‍ഗ്ഗത്തുന്ന് ദേവേന്ദ്രന്‍ സ്വര്‍ണ്ണം കൊണ്ടുള്ള രഥം കൊടുത്തയക്കും. സ്വര്‍ഗ്ഗത്തില്‍ ചെന്നാല്‍ ദൈവങ്ങളുടെ കൂട്ടത്തിലാ അവരു ഇരിക്ക്യാ. നമ്മളേപ്പോലെ സാധാരണ മനുഷ്യരുക്കാ മരണം. വയസ്സാവ്വാ. വയ്യാണ്ടാവ്വാ. ഇന്നട്ട് മരണം കാത്ത് ഇങ്ങനെ കെടക്ക്വാ. പിന്നെ ഊര്‍ദ്ധന്‍ വലിക്കല്. വെപ്രാളം. ഈശ്വരാ, അതിനൊന്നും എടവരുത്താണ്ട് കൊണ്ടു പോവണേന്ന് നമ്മള് പ്രാര്‍ത്ഥിക്കണം.'