Monday, 18 October 2021

ആത്മകഥ


Text Formatted

ഞാന്‍ മാത്രമല്ലാത്ത ഞാന്‍

​​​​​​​എന്റെ പഴയങ്ങാടി, എന്റെ എരിപുരം

Image Full Width
Image Caption
ചിത്രീകരണം:ദേവപ്രകാശ്
Text Formatted

അഞ്ച്

ഴയങ്ങാടി ഒരു പുരാതനനഗരമാണ്. നന്നന്‍ എന്ന സംഘകാലരാജാവിന്റെ തലസ്ഥാനമായിരുന്ന പാഴി തന്നെയാണ് പിന്നീട് പാഴി അങ്ങാടിയും പഴയങ്ങാടിയുമായതെന്നാണ് ചരിത്രാന്വേഷികള്‍ പറയുന്നത്. പാഴി അങ്ങാടിയുടെ ആദ്യത്തെ പേര് മാരാഹി എന്നായിരുന്നുവെന്നും മാരാഹി എന്നും മാറാവി എന്നും അറിയപ്പെട്ടിരുന്ന വിശാലമായൊരു പ്രദേശത്തിന്റെ ഭാഗമായിരുന്നു പഴയങ്ങാടി എന്നും അഭിപ്രായഭേദങ്ങളുണ്ട്. നന്നന്റെ ആദ്യതലസ്ഥാനം മാരാഹിയായിരുന്നുവെന്നും മൂഷകവംശത്തിന്റെ കാലത്താണ് തലസ്ഥാനം പഴയങ്ങാടിയിലേക്ക് മാറ്റിയതെന്നും ചിലര്‍ പറയുന്നു. ഒന്നുരണ്ട് ദശകകാലമായി പ്രാദേശിക ചരിത്രത്തില്‍ പൊതുവെ ഉണ്ടായ താല്‍പര്യം മാടായിയുടെ ഭൂതകാലം അന്വേഷിച്ചു ചെല്ലാന്‍ പ്രദേശവാസികളില്‍ ഒരുപാട് പേര്‍ക്ക് പ്രേരണയായിട്ടുണ്ട്. മാടായിപ്പാറയുടെ പാരിസ്ഥിതിക പ്രാധാന്യത്തെക്കുറിച്ച് കൂടുതല്‍ കൂടുതലാളുകള്‍ ബോധവാന്മാരായിത്തുടങ്ങിയപ്പോള്‍ പരിസ്ഥിതി പ്രവര്‍ത്തകരില്‍ ഒരു വിഭാഗം ചരിത്രാന്വേഷണത്തിലേക്കും തിരിഞ്ഞു എന്നതാണ് മറ്റൊരു കാര്യം.

ഇസ്‌ലാംമതപ്രചരണാര്‍ത്ഥം കൊടുങ്ങല്ലൂരില്‍ വന്നെത്തിയ മാലിക് ഇബ്‌നു ദിനാറും സംഘവും കേരളത്തില്‍ സ്ഥാപിച്ച മൂന്നാമത്തെ പള്ളിയാണ് മാടായിപ്പള്ളി എന്നറിയപ്പെടുന്ന പഴയങ്ങാടിയിലെ പള്ളി. "മക്കത്തെപ്പള്ളിയ്‌ക്കൊപ്പിച്ചൊരു പള്ളി' എന്ന് കേള്‍വിപ്പെട്ട പള്ളിയാണ് മാടായിപ്പള്ളി. ഇസ്‌ലാം പൂര്‍വകാലത്തുതന്നെ അറബികള്‍ വ്യാപാരാര്‍ത്ഥം പഴയങ്ങാടിയിലെത്തിയിരുന്നു എന്നാണ് കരുതപ്പെടുന്നത്. അറബികള്‍ക്കു പുറമെ എ.ഡി.9ാം നൂറ്റാണ്ട് മുതല്‍ ചൈനീസ് വ്യാപാരികളും റോമന്‍ വ്യാപാരികളും പഴയങ്ങാടിയില്‍ എത്തിയിരുന്നു. ജൂതന്മാരുടെ ശക്തമായ സാന്നിധ്യവും പ്രാചീനകാലത്തു തന്നെ ഉണ്ടായിരുന്നു. മാടായിപ്പള്ളി ഹിജ്‌റ വര്‍ഷം 518ല്‍ (എ.ഡി.1124) പണികഴിക്കപ്പെട്ടതാണെന്നാണ് ചരിത്രകാരന്‍ എം.ജി.എസ് നാരായണന്‍ രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഇത് ശരിയല്ലെന്നും പള്ളിയുടെ നിര്‍മാണ കാലം കുറേക്കൂടി പുറകിലാണെന്നുമാണ് "മലബാറിലെ ഇസ്‌ലാമിന്റെ ആധുനികപൂര്‍വ ചരിത്രം' എന്ന ഗ്രന്ഥത്തില്‍ കൃത്യമായ തെളിവുകളുടെ പിന്‍ബലത്തോടെ സ്