Wednesday, 29 March 2023

കഥ


Text Formatted
തൈമൂര്‍---Thaymoor-story-title.png
Image Full Width
Image Caption
ചിത്രീകരണം: ദേവപ്രകാശ്
Text Formatted

തൈമൂറിന്​  ഈയിടെയായി തലയെടുപ്പ് കൂടിയിട്ടുണ്ടെന്നു ചിത്ര ശ്രദ്ധിച്ചു. കണ്ണുകള്‍ക്കു ചുറ്റുമുള്ള ചുവപ്പ് കടുത്തിരിക്കുന്നു. സാധാരണ അസീല്‍ കോഴികള്‍ക്ക് ഉണ്ടാവാറുള്ള വലിപ്പത്തേക്കാള്‍ കൂടുതലുണ്ട് അവന്.
കറുപ്പും തവിട്ടും കലര്‍ന്ന തൂവലുകള്‍. സമൃദ്ധമായി  തഴച്ചു വളര്‍ന്ന അങ്കവാല്. അവന്‍  തലയുയര്‍ത്തി,ചിറകും വിരിച്ച് ശൗര്യത്തോടെ അങ്ങനെ നില്‍ക്കുമ്പോള്‍ നാട്ടില്‍ ഉത്സവങ്ങള്‍ക്ക് തിടമ്പെടുത്ത്  നില്‍ക്കുന്ന  ആനകളെ ആണ് അവള്‍ക്ക് ഓര്‍മ വരാറ്.

അവന്റെ പുറത്ത് ചിറകുകള്‍ക്കിടയില്‍ സ്‌നേഹത്തോടെ ഒന്ന് തലോടിക്കൊടുത്ത് കശുവണ്ടിയും ഇറച്ചി കൊത്തി അരിഞ്ഞതും ചോളവും കൂട്ടിക്കലര്‍ത്തിയ തീറ്റി ഇട്ടുകൊടുത്ത്  നില്‍ക്കുമ്പോള്‍ പിന്നില്‍ നിന്ന് ഉത്സാഹം നിറഞ്ഞ ശബ്ദം കേട്ടു.
‘ചിത്രേ അറിഞ്ഞാ?  നെന്റെ ഗിരിയെ കോടതി വെറുതെ വിട്ടു. തെളിവില്ലാത്രേ '
അയല്പക്കത്തെ കമറുത്താത്ത  ആണ്.

ചിത്ര നിന്നിടത്തു തന്നെ തറഞ്ഞുപോയി കുറച്ച് സമയത്തേക്ക്. 

കമറുത്താത്ത തെളിച്ചമില്ലാത്ത കണ്ണുകള്‍ ചുളിച്ചു ചിത്രയുടെ  മുഖഭാവം എന്തെന്ന് അറിയാന്‍ കഷ്ടപ്പെട്ട് നോക്കി. 

ചിത്ര ഒന്നും പറയാതെ  തൈമൂറിന്റെ കൂട് അടച്ച് അയയില്‍ ഇട്ടിരുന്ന തുണികള്‍ എടുത്ത് വരാന്തയിലി രുന്ന് മടക്കാന്‍ തുടങ്ങി.മനസ്സില്‍  തള്ളയെ നല്ല പ്രാക്ക് പ്രാകുന്നുണ്ടായിരുന്നു. എന്താണൊരു ഉഷാറ് !

മുള പൊന്തിയ കാലും വച്ചു നടക്കാന്‍ പാങ്ങില്ലാത്തത് കൊണ്ട് സ്വന്തം വീടും തന്റെ വീടുമല്ലാതെ പുറം ലോകത്തേക്ക്  ഇറങ്ങാത്ത കക്ഷിയാണ്. ഒറ്റയ്ക്ക്  താമസിക്കുന്ന ഇവരിതെങ്ങനെ അറിഞ്ഞോ ആവോ?  തന്നെപ്പോലെ അവരുടെ വീട്ടിലും ടി.വി ഇല്ല. ഒഴലപ്പതി വിട്ട് പോയി തമിഴ്‌നാട്ടില്‍ എവിടെയോ താമസിക്കുന്ന മകന്‍ ഒരിക്കല്‍ വന്നപ്പോള്‍ കൊടുത്തിട്ട്‌പോയ ഒരു പഴയ നോക്കിയ ഫോണ്‍ മാത്രം കയ്യില്‍ ഉണ്ട്. വയസ്സ് കാലത്ത് കിതാബും ഓതി അവിടെ ചുമ്മാ ഇരിക്കണ്ട നേരത്ത് ബാക്കി ഉള്ളോരുടെ കാര്യവും അന്വേഷിച്ചു വന്നോളും