Thursday, 21 October 2021

സാംസ്​കാരിക പഠനം


Text Formatted

നായയുടെ ആത്മാവും നായകന്റെ ശരീരവും

നവമലയാള സിനിമയിലെ പിതൃരൂപങ്ങളും
ദലിത് ശരീരങ്ങളും

Image Full Width
Image Caption
‘കള’ എന്ന സിനിമയിൽ ടോവിനോ തോമസ്​
Text Formatted

മലയാളി രണ്ടാം ലോക്ക്ഡൗൺ  കാലത്തു വീട്ടിലിരുന്ന് കണ്ട  നായാട്ട്, കള, ജോജി, ആർക്കറിയാം തുടങ്ങിയ ചലച്ചിത്രങ്ങൾ പരമ്പരാഗത കുടുംബ സംവിധാനങ്ങളോടും പിതൃരൂപങ്ങളോടും ദലിതരോടും പുലർത്തുന്ന  സമീപനം വിശകലനം ചെയ്യുന്ന പഠനം

‘‘നായ്​ക്കളാവട്ടെ അവരുടെ സംഭാവനകളാല്‍ നമ്മളെയും പരുവപ്പെടുത്തി എടുക്കുകയായിരുന്നു. ഒരു ഉപകരണം അതിന്റെ പ്രയോക്താവിനെ മാറ്റിയെടുക്കുന്ന അപൂര്‍വ്വ പ്രതിഭാസം''
- എതിരന്‍ കതിരവന്‍.

ചെന്നായയെ ലാളിച്ച് നായയാക്കി മാറ്റിയെടുത്തപ്പോള്‍ നായക്ക് നഷ്ടമായത് തന്റെ ആത്മാവായിരുന്നു. മനുഷ്യലാളനയില്‍ അകപ്പെട്ടതുമുതല്‍ മനുഷ്യന്റെ ആത്മാവുമായിട്ടാണ് നായ സഞ്ചരിച്ചത്. മനുഷ്യര്‍ക്കുവേണ്ടി ക്രൂരമൃഗങ്ങള്‍ക്ക് മുന്നിലേക്ക് അവര്‍ എടുത്തുചാടി. വേട്ടഭക്ഷണത്തിന്റെ മിച്ചത്തിനുവേണ്ടി മനുഷ്യനോടുചേര്‍ന്ന് വാലാട്ടി നിന്നു. തുടര്‍ന്നങ്ങോട്ടുള്ള ജീവിതത്തിലും നായ മനുഷ്യനെ സംബന്ധിച്ച്​ ഒരു ആശ്രിത രൂപകം തന്നെയായിരുന്നു.

പിന്നീട് മനുഷ്യന്‍ മനുഷ്യനെ കീഴടക്കാന്‍ തുടങ്ങിയപ്പോള്‍ കീഴടക്കപ്പെട്ടവര്‍ക്ക് നായയുടെ രൂപം നല്‍കി. അങ്ങനെ  ‘നായിന്റെ മോനേ' എന്ന വിളി പോലും പിറന്നു. ആശ്രിതനായ വ്യക്തിയുടെ അച്ഛനുപോലും നായയുടെ പേരില്‍ തെറി കേള്‍ക്കേണ്ടി വന്നു. കഥകളിലെല്ലാം ആശ്രിതനായി നിന്ന് ശവശരീരമായി. ചലച്ചിത്രബിംബങ്ങളില്‍, ആശ്രിതന്‍ മാത്രമല്ല ക്രൂരതയുടെയും പ്രതീകമായി. മിക്കവാറും സന്ദര്‍ഭങ്ങളില്‍ നായകനോടൊപ്പം വേട്ടയ്ക്കിറങ്ങി കൊണ്ടും കൊടുത്തും മുന്നേറി. എന്നാല്‍ ഇത്തരം കഥകളിലെല്ലാം കൊടുത്തത് നായകനും കൊണ്ടത് നായയ്ക്കുമായിരുന്നു (മൃഗയ ചലച്ചിത്രം ഉദാഹരണം).

Mrigaya-Mammootty-and-Dog
'മൃഗയ'യില്‍ മമ്മൂട്ടി