Friday, 22 October 2021

വായന


Text Formatted

മാര്‍കേസിന്റെ ജീവിതം മകൻ എഴുതി പൂർത്തിയാക്കുമ്പോള്‍ 

ലോകത്തിലെ ഏറ്റവും പ്രശസ്തനായ ഒരെഴുത്തുകാരന്റെ അവസാന നിമിഷങ്ങളെ തീവ്രമായ വൈകാരിക തീക്ഷ്ണതയോടെ ഒരു മകന്‍ ഓര്‍മിച്ചെടുക്കുകയാണ്.

Image Full Width
Image Caption
മാർകേസിന്റെ പഴയകാല ഫാമിലി ഫോട്ടോ/ Photo: Harry Ransom Center, University of Texas
Text Formatted

  2014 ഏപ്രില്‍ 17. 
അതൊരു വ്യാഴാഴ്ചയായിരുന്നു; പെസഹ വ്യാഴം. 
വീടിന്റെ  മുകളിലെ മുറിയില്‍ നിന്ന് റോഡ്രിഗോ താഴത്തെ നിലയിലുള്ള  അമ്മയെ ഫോണില്‍ വിളിച്ചു, എന്നിട്ടു പതുക്കെ പറഞ്ഞു;  ‘His heart stopped.'
മെഴ്‌സിഡസ്  മെല്ലെ  പടികള്‍ കയറി മുകളില്‍ ഭര്‍ത്താവ് കിടന്നിരുന്ന മുറിയിലേക്കെത്തി. അവര്‍ മുറിയിലേക്കുകടന്ന് അദ്ദേഹത്തിനെ ഒന്നുനോക്കി.
ഇതു കണ്ടുനിന്ന മകന്‍ റോഡ്രിഗോ എഴുതുന്നു:  ‘‘പതിറ്റാണ്ടു നീണ്ട ഒരുമിച്ചുള്ള ജീവിതത്തില്‍ നിന്നും നേടിയ കരുത്ത്  ഈ നിമിഷത്തിന്റെ നിയന്ത്രണത്തിന് അവരെ ശക്തിപ്പെടുത്തുന്നതായി എനിക്കു തോന്നി. ഒരിക്കല്‍ അവര്‍ പരസ്പരം അപരിചിതരായിരുന്നു എന്ന് ഇപ്പോള്‍ വെറുതെ ഭാവനയില്‍ പോലും ആലോചിക്കുവാന്‍ വയ്യ. 68 വര്‍ഷങ്ങള്‍ക്കു മുമ്പ് അയല്‍ക്കാരെന്ന നിലയില്‍ അവരാദ്യം കണ്ടുമുട്ടി. അന്നയാള്‍ക്ക് പതിനാലും അവര്‍ക്കു പത്തും വയസ്സായിരുന്നു.  തന്നെ കല്യാണം കഴിക്കാമോ എന്നവന്‍ ഒരു ദിവസം കളിതമാശയായി അവളോടു ചോദിച്ചു. അവള്‍ കരഞ്ഞുകൊണ്ട് ഓടിപ്പോയി.’’ 
മരിച്ചുകിടക്കുന്ന മാര്‍കേസിനെ കണ്ട് പുറത്തുവന്ന മെഴ്സിഡസ് ആരോടെന്നില്ലാതെ  പറഞ്ഞു;  ‘ഒരു വെറും പാവമായിരുന്നു അല്ലേ? '
മനസ്സിലെ വേദന ഭര്‍ത്താവിനോടുള്ള സഹാനുഭൂതിയായി അവരില്‍ പരിണമിച്ചു. 

ഭാവനയിലൂടെ  ഇതിഹാസങ്ങള്‍ രചിച്ചു കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ അവസാന നിമിഷങ്ങളെക്കുറിച്ച് മകന്‍ റോഡ്രിഗോ ഗാര്‍സിയ എഴുതിയ പുസ്തകം പുറത്തുവന്നിരിക്കുന്നു:  A Farewell to Gabo and Mercedes - A Son's Memoir of Gabriel Garcia Marquez and Mercedes Barcha എന്ന ഈ  പുസ്തകം അസാധാരണമായ ഒരനുഭവലോകത്തെയാണ് വായനക്കാരന്റെ മുന്നിലേക്ക് തുറന്നിടുന്നത്.