Tuesday, 19 October 2021

കോവിഡുകാല ജീവിതം


Text Formatted

ഒട്ടും ഹാപ്പിയല്ലാത്ത മനുഷ്യരുടെ
ഓണക്കാലം

 കോവിഡ്  സൃഷ്‌ടിച്ച തൊഴിൽ നഷ്ടത്തെയോ വരുമാന നഷ്ടത്തെയോ എങ്ങനെ അതിജീവിക്കണം എന്ന് തിരിയാതെ നിൽക്കുന്ന ആയിരങ്ങളാണ് നമുക്കുചുറ്റും.

Image Full Width
Image Caption
നൗഫല്‍ എന്‍.
Text Formatted

സൗഹൃദ വലയത്തിലെ മനുഷ്യരുടെ ഓണക്കാലത്തെ പറ്റി  ആലോചിക്കുകയായിരുന്നു.
"ഹാപ്പി ഓണം' എന്നവരോട് വെറും വാക്ക് പറയാൻ പോലും ആത്മവിശ്വാസം തോന്നാത്തത് എന്തുകൊണ്ടാവും?

കൊല്ലത്ത്  സ്വന്തമായി നാടക ട്രൂപ്പ് നടത്തിയിരുന്ന കൂട്ടുകാരൻ കുറച്ചധികം കാലമായി ആരോടും മിണ്ടാറില്ല. വിളിച്ചാൽ ഫോൺ എടുക്കാറില്ല. കോവിഡും പ്രളയവുമായി  നാടകം തട്ടയിൽ കയറിയിട്ട് രണ്ടു വർഷത്തോളമാകുന്നു. സാമ്പത്തിക ബുദ്ധിമുട്ട് കൂടിയപ്പോൾ അവൻ  പലതരം ചെറുകിട കച്ചവടങ്ങൾക്ക് പോയി. പെടാപ്പാട് പെട്ടാലും രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ വയ്യ. പക്ഷെ അവന്റെ പ്രശ്നം  സാമ്പത്തികമല്ല എന്നെനിക്കറിയാം. വേദിയും ആരവങ്ങളും റിഹേഴ്‌സൽ ക്യാമ്പും അടക്കം എത്രയോ കാലമായി  ജീവിച്ച ആവാസവ്യവസ്‌ഥ അവന് നഷ്ടപ്പെട്ടിട്ട് കാലങ്ങളാകുന്നു. സ്വയം ആവിഷ്കരിക്കാൻ ഒരുപാധിയും മുന്നിലില്ലാതെ, നാടകവണ്ടിയും കലാ സാമഗ്രികളും കണ്മുന്നിൽ ഉപയോഗമില്ലാതെ നശിച്ചു പോകുന്നത് കാണുമ്പോൾ അവനുണ്ടാകുന്ന പിടച്ചിൽ, പ്രാണജലം നഷ്‌ടമായ  മത്സ്യത്തിന്റെ പിടച്ചിൽ പോലെയാണ് എന്നറിയുന്ന ഒരാൾ എന്ന നിലയിൽ സത്യമായും അവന്റെ ഓണക്കാലത്തെപ്പറ്റി ഓർക്കാനോ ഭാവന ചെയ്യാനോ എനിക്ക് ധൈര്യം പോരാതെ വരുന്നു.

പി.എസ്.സി. പഠനച്ചെലവും വീട്ടുചെലവും നാട്ടിലെ ട്യൂട്ടോറിയലുകളിൽ ഓടി നടന്നു ക്ലാസെടുത്ത് കിട്ടുന്ന കാശ് കൊണ്ട് നടത്തിയിരുന്ന കൂട്ടുകാരി എത്രയോ കാലമായി ജോലി ഇല്ലാതെ വീട്ടിലിരിക്കുന്നു

കഴിഞ്ഞ ആറുമാസമായി വാടക കൊടുക്കാൻ ഇല്ലാത്ത അവസ്‌ഥയിൽ തിരുവനന്തപുരം നഗര ഹൃദയത്തിലെ ഓഫീസ്  തൽക്കാലത്തേക്ക് പൂട്ടിയിട്ടാലോ എന്നാലോചിക്കുന്നതായി കഴിഞ്ഞ ദിവസം ഫോണിൽ പറഞ്ഞത് എണ്ണം പറഞ്ഞ നല്ല പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച പ്രസാധക സ്‌ഥാപത്തിന്റെ ഉടമ കൂടിയായ സുഹൃത്താണ്. പി.എസ്.സി. പഠനച്ചെലവും വീട്ടുചെലവും നാട്ടിലെ ട്യൂട്ടോറിയലുകളിൽ ഓടി നടന്നു ക്ലാസെടുത്ത് കിട്ടുന്ന കാശുകൊണ്ട് നടത്തിയിരുന്ന കൂട്ടുകാരി എത്രയോ കാലമായി ജോലി ഇല്ലാതെ വീട്ടിലിരിക്കുന്നു. ഒരു വർഷത്തിലേറെയായി വരുമാനം നിലച്ചിട്ട് എന്നവൾ നിസ്സംഗതയോടെ പറഞ്ഞത് എനിക്ക് ഓർമയുണ്ട്.
അവരുടെയൊക്കെ വീട്ടിൽ ഈ കൊല്ലം ഓണമുണ്ടാകുമോ ?