Thursday, 21 October 2021

ആണവായുധ രാഷ്​ട്രീയം


Text Formatted

ആണവായുധങ്ങളില്ലാത്ത ഒരു കാലം സൃഷ്​ടിക്കപ്പെടുമോ?

ആണവായുധ നിരോധന ഉടമ്പടി ഒരു അന്താരാഷ്ട്ര​ നിയമവ്യവസ്ഥയായി പ്രാബല്യത്തില്‍ വന്നതോടെ ആണവായുധ വിപുലീകരണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് പുതിയ മാനം കൈവന്നിട്ടുണ്ട്.

Image Full Width
Image Caption
ഒഹായോ ക്ലാസ് ബാലിസ്റ്റിക് അന്തർവാഹിനി യു.എസ്.എസ് നെബ്രാസ്കയില്‍ നിന്ന് തൊടുത്ത Trident II D5 മിസ്സെെല്‍ / Photo: Ronald Gutridge/U.S. Navy
Text Formatted

  ണവായുധ നിരോധന ഉടമ്പടി (Treaty on the Prohibition of Nuclear Weapons-TPNW) പ്രാബല്യത്തില്‍ വന്നതോടെ, ആണവായുധങ്ങളില്ലാത്ത ലോകം എന്ന ശുഭാപ്ത സ്ഥിതിവിശേഷം സൃഷ്ടിക്കപ്പെടുമോ? കാലങ്ങള്‍ക്ക് മുന്‍പ്, 1945ല്‍ ഹിരോഷിമയും നാഗസാക്കിയും അണുബോംബാക്രമണത്തില്‍ തരിപ്പണമായതു തൊട്ട് ലോകം ചോദിച്ചു കൊണ്ടിരിക്കുന്ന, ദുഷ്‌കരമായ, എന്നാല്‍ നിരന്തര വെല്ലുവിളി ഉയര്‍ത്തുന്ന ഒരു ചോദ്യമാണിത്.

ശീതയുദ്ധം അവസാനിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞും നൂക്ലിയര്‍ ഹോളോകാസ്റ്റിന്റെ ഭൂതം ലോകമൊട്ടൊക്കെയുള്ള രാഷ്ട്രീയ നേതൃത്വങ്ങളെ വേട്ടയാടുന്നുണ്ട്. ലോകത്തെ പ്രബലരായ ആണവശക്തികള്‍ (NWS),  ആണവായുധങ്ങളുടെ പ്രയോഗം ഇരുപക്ഷത്തുള്ള രാജ്യങ്ങളുടേയും സമ്പൂര്‍ണനാശത്തില്‍ കലാശിക്കുമെന്ന (mutually assured destruction) പരസ്പരധാരണയില്‍ തട്ടിക്കിടക്കുമ്പോള്‍, ആണവായുധം നിര്‍മിക്കാനാവശ്യമായ വിഭവങ്ങളും സാങ്കേതികതയും ഉള്ള, എന്നാല്‍ ആണവശക്തിയല്ലാത്ത ഇറാന്‍ പോലുള്ള രാജ്യങ്ങള്‍ ഉള്‍പ്പടെയുള്ള ഏഷ്യയിലെ ആണവശക്തികള്‍ limited nuclear deterrence(ആണവായുധങ്ങള്‍ മുന്‍നിര്‍ത്തി ഭീഷണിയിലൂന്നിയ പ്രതിരോധം) എന്ന ആശയത്തോടാണ് ആഭിമുഖ്യം പ്രകടിപ്പിക്കുന്നത്. ഇന്ത്യ, പാകിസ്ഥാന്‍, ഉത്തര കൊറിയ, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങള്‍ തങ്ങളുടെ എതിരാളികളുമായി കാലാകാലങ്ങളായുള്ള അസ്വാരസ്യങ്ങള്‍ കണക്കിലെടുത്ത്, പ്രാദേശിക അധികാര സമവാക്യങ്ങളെ സ്വാധീനിക്കാനും പുനക്രമീകരിക്കാനും ശേഷിയുള്ള അധികാരത്തിന്റെ നാണയത്തുട്ടുകളായാണ് ആണവായുധങ്ങളെ നോക്കിക്കാണുന്നത്. ആണവശക്തികളുടെ ക്ലബിലെ പ്രബലര്‍ക്കു മേല്‍ ആണവശേഖരം പരിമിതപ്പെടുത്താനുള്ള സമ്മര്‍ദം വര്‍ധിച്ചു കൊണ്ടിരിക്കേയാണിത്.