Friday, 22 October 2021

ലിറ്റിൽ മാഗസിനുകളുടെ ചരിത്രം


Text Formatted

മലയാളത്തില്‍ ആധുനികത സാധ്യമാക്കിയ ‘പക്ഷിക്കൂട്ട'ങ്ങള്‍ 

അടുത്ത കാലത്ത് പ്രത്യക്ഷപ്പെട്ട ചില കനപ്പെട്ട ആലോചനകളെ പരിഗണിച്ചാല്‍ മലയാളപഠനം ഒരു വഴിതിരിയലിന്റെ ദശാസന്ധിയിലെത്തിയിരിക്കുന്നതായി അനുമാനിക്കാം. കാല്‍നൂറ്റാണ്ടിലേറെയായി  മലയാളത്തെ അടക്കിഭരിച്ചുകൊണ്ടിരുന്ന പ്രത്യയശാസ്ത്ര- പ്രതിനിധാന- സംസ്‌കാര പഠനങ്ങളുടെ വഴി ലോകമെങ്ങും അസ്വീകാരമായിക്കഴിഞ്ഞു- പി.കെ.രാജശേഖരന്റെ ലിറ്റില്‍ മാഗസിന്‍ പഠനകൃതിയായ ‘പക്ഷിക്കൂട്ടങ്ങളെ’ മുൻനിർത്തി ഒരു വിചാരം

Image Full Width
Text Formatted

No little magazines, no modernism: it's as simple as that.
Little Magazine, World Form

മകാലിക മോഡേണിസ്റ്റ് പഠിതാക്കളില്‍ പ്രധാനിയായ എറിക് ബുള്‍സണിന്റെ ലിറ്റില്‍ മാഗസിനുകളെക്കുറിച്ചുള്ള പ്രസിദ്ധ പഠനത്തിലെ പ്രാരംഭ വാചകമാണ് മുകളിലുദ്ധരിച്ചത്. സാധാരണ ഗതിയില്‍ ഒരു പഠനഗ്രന്ഥം അനുവര്‍ത്തിക്കാത്ത നിലയില്‍ പ്രസ്താവനയില്‍ നിന്നാണ് ആ പഠനം ആരംഭിക്കുന്നത്. ‘ലിറ്റില്‍ മാഗസിനുകളില്ലായിരുന്നെങ്കില്‍ മോഡേണിസവും ഉണ്ടാവുമായിരുന്നില്ല' എന്ന അസന്ദിഗ്ധ പ്രസ്താവനയാണ് വാചകങ്ങളുടെ ആകെത്തുക. യൂറോപ്പിന്റെ പശ്ചാത്തലത്തില്‍നിന്നു ബുള്‍സണ്‍ അവതരിപ്പിച്ച ഈ നിലപാടിന് നമ്മുടെ സന്ദര്‍ഭത്തിലെന്താണ് പ്രസക്തി?. വിശിഷ്യാ അനുഭൂതികളെയും ആസ്വാദനത്തെയും നിര്‍ണയിക്കുന്ന കാലദേശാതിവര്‍ത്തിയായ പൊതുഘടകം നിലവിലുണ്ട് എന്നംഗീകരിക്കല്‍ ആശയവാദമാണെന്നറിയാവുന്ന ഇക്കാലത്ത്.

ലിറ്റില്‍ മാഗസിനുകളെക്കുറിച്ചുള്ള മലയാളത്തിലെ എഴുത്തുകളുടെ പരിമിതി അതികാല്പനികതയാല്‍ നിയന്ത്രിക്കപ്പെട്ടവയാണവ എന്നതാണ്.

ഓരോ സവിശേഷ സംസ്‌കാരങ്ങള്‍ക്കും സഹജമായ പരിഷ്‌കരണ-പ്രതിരോധ വാസനകളെ നിരാകരിക്കലാണ് അത്തരമൊരു സമീപനമെന്ന് എത്രയും വ്യക്തമാണിന്ന്. കൗതുകമെന്നു പറയട്ടെ, ഇത്തരമൊരു പൊതുഘടകം യൂറോപ്യന്‍ സാഹചര്യത്തിലെന്ന പോലെ കേരളത്തിലും പ്രകടമാവുന്ന ഒരു സാഹചര്യം (അഥവാ ഒരേയൊരു സാഹചര്യം) ലിറ്റില്‍ മാഗസിനുകളുടേതാണ്; അതിനാല്‍തന്നെ പി.കെ. രാജശേഖരന്റെ പുതിയ പുസ്തകം പക്ഷിക്കൂട്ടങ്ങള്‍ പുലര്‍ത്തുന്നതും ഏകദേശം ബുള്‍സണ് സമാനമായ നിലപാടാണ്. ഉപശീര്‍ഷകം സൂചിപ്പിക്കുന്നതുപോലെ മലയാളത്തിലെ ആധുനികത (modernism) സാധ്യമാകുന്നതില്‍ ലിറ്റില്‍ മാഗസിനുകള്‍ വഹിച്ച നിര്‍ണായകപങ്കിനെക്കുറിച്ചാണ് പക്ഷിക്കൂട്ടങ്ങളും വിശദീകരിക്കുന്നത്.