Monday, 18 October 2021

താലിബാനും സ്​ത്രീകളും


Text Formatted

ഇസ്‌ലാമിലെയും താലിബാനിലെയും സ്ത്രീകള്‍

താലിബാന്റെ നയങ്ങള്‍  ഏതു വിധേനയും ഇസ്‌ലാമികല്ല എന്ന് നിസ്സംശയം പറയട്ടെ. അഫ്ഘാന്‍ സ്ത്രീകള്‍ നേരിടുന്ന സംഘര്‍ഷങ്ങള്‍ മനുഷ്യത്വവിരുദ്ധമാണ്. താലിബാനോട് കേരളത്തില്‍  അനുഭാവ മനോഭാവം വെച്ച് പുലര്‍ത്തുന്നവര്‍ മനുഷ്യത്വവിരോധികളാണെന്നേ കരുതാനാവൂ. 

Image Full Width
Image Caption
Photo : UNICEF
Text Formatted

ബ്രിട്ടണ്‍, റഷ്യ, അമേരിക്ക, താലിബാന്‍... എല്ലാവരുമൊന്നാണ് അഫ്ഘാന്‍ സ്ത്രീകള്‍ക്ക്. കൂട്ടക്കുരുതികള്‍, കൂട്ട ലൈംഗികാക്രമണങ്ങള്‍, പലായനങ്ങള്‍, അഭയാര്‍ത്ഥി ജീവിതങ്ങള്‍ എല്ലാം എല്ലാക്കാലത്തും യുദ്ധങ്ങള്‍ സ്ത്രീകള്‍ക്ക് നല്‍കിയ സമ്മാനങ്ങളാണ്. 

ലോകത്തെ സംസ്‌കരിക്കാന്‍ ഇറങ്ങിത്തിരിച്ച പാശ്ചാത്യലോകം ഭീകരര്‍ക്കെതിരെയുള്ള പോരാട്ടമെന്ന് ലോകത്തിന്റെ കണ്ണില്‍ മണ്ണെറിഞ്ഞു നടത്തിയ യുദ്ധങ്ങളെല്ലാം ഒരുപോലെയാണ് അവസാനിച്ചത്. വിയറ്റ്‌നാമോ, ഇറാഖോ, അഫ്ഘാനോ, ലബനാനോ,  പലസ്തീനോ ഇതില്‍ നിന്ന് വ്യത്യസ്തമായില്ല. അതിനും പുറമെയാണ് അഫ്ഗാനിലെ ആഭ്യന്തര യുദ്ധങ്ങള്‍. 
നാനാഭാഗവും മലകളാല്‍ ചുറ്റപ്പെട്ട അഫ്ഘാന്‍, ചോരത്തുള്ളികള്‍ പോലെ ചുമന്ന മണികളുള്ള റുമ്മാന്‍ പഴങ്ങള്‍ സമൃദ്ധമായി വിളയുന്ന കാണ്ഡഹാര്‍, അവിടെ താലിബ് (വിദ്യാര്‍ത്ഥി) എന്ന നിഷ്‌കളങ്കമായ പേരില്‍ രൂപപ്പെട്ടു വന്ന സംഘടന, ചെങ്കിസ്ഖാന്‍ മുതല്‍ ബ്രിട്ടീഷ്- റഷ്യന്‍- അമേരിക്കന്‍ അധിനിവേശങ്ങള്‍, കമ്യൂണിസത്തെ തുരത്താന്‍ അമേരിക്ക തോക്കും ബോംബും കൊടുത്ത് വളര്‍ത്തിയ മുജാഹിദ്ദീന്‍ പട്ടാളം, ഒടുക്കം തിരിച്ചുകൊത്തിയപ്പോള്‍ ശത്രുപക്ഷത്തായ വളര്‍ത്തച്ഛന്‍, ജനമധ്യത്തില്‍ കല്ലെറിഞ്ഞും ചാട്ട കൊണ്ടടിച്ചും സ്ത്രീകളെയും പെണ്‍കുട്ടികളെയും  "നന്നാക്കിക്കളയാന്‍' തലപ്പാവ് മുറുക്കിയിറങ്ങുന്ന ആണ്‍കൂട്ടം, മുള്‍വേലികള്‍ക്കുമീതെ എറിയപ്പെടുന്ന കുട്ടികള്‍, നൂറ്റാണ്ടുകളായി സങ്കല്‍പിക്കാനാവാത്ത വിധം അസാധാരണ ജീവിതം അതിജീവിക്കുകയാണ് അഫ്ഘാന്‍ സ്ത്രീകളും കുട്ടികളും. കമല ഹാരിസിനെപ്പോലെ ചിരിച്ചുതള്ളുകയോ അന്യഗ്രഹജീവികളോ ഭൂതങ്ങളോ ആയി അപരവല്‍ക്കരിച്ചു കാണിക്കുകയോ പടയും പടക്കോപ്പും അയച്ച് കൊല്ലാക്കൊല ചെയ്യുകയോ ചെയ്യുന്ന ലോകത്തിനു മുന്നില്‍ ജീവനോടെയിരിക്കുക എന്നതാണ് അവര്‍ക്കു മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി.