Monday, 18 October 2021

Re-Reading


Text Formatted

2666 - ഒരു വായനാസഹായി

Image Full Width
Image Caption
റൊബെര്‍ത്തോ ബൊലാഞ്ഞോ / bolanobolano.com
Text Formatted

റുവര്‍ഷങ്ങളുടെ ഇടവേളയിലാണ് റൊബെര്‍ത്തോ ബൊലാഞ്ഞോയുടെ  "2666'  ഞാന്‍ രണ്ടാം തവണ വായിച്ചത്. ഈ കാലയളവില്‍ ബൊലാഞ്ഞോയുടെ പല പുസ്തകങ്ങള്‍ വായിയ്ക്കുകയുണ്ടായി, എഴുത്തുകാരനെപ്പറ്റിയുള്ള ഒന്നുരണ്ടു പുസ്തകങ്ങളും ചില ലെക്ചറുകളും മറ്റും കാണുകയുമുണ്ടായി. സദാ പുസ്തകചര്‍ച്ച നടക്കുന്ന മലയാളത്തില്‍ എന്തോ സാവേജ്  ഡിറ്റക്റ്റീവ്‌സ്, 2666 തുടങ്ങിയ ബൊലാഞ്ഞോയുടെ മികച്ച നോവലുകള്‍ എന്ന് പരക്കെ കരുതപ്പെടുന്ന വര്‍ക്കുകളെപ്പറ്റി വായനക്കാരോ നിരൂപകരോ ഓണ്‍ലൈന്‍ ഗ്രൂപ്പുകളോ ഒന്നും മിണ്ടുന്നത് അധികം കണ്ടിട്ടില്ല - അതെന്താണ് എന്ന ആലോചനയുടെ ഒടുവിലാണ് രണ്ടു നോവലുകളും വായിയ്ക്കാന്‍ സഹായിയ്ക്കുന്ന/പ്രേരിപ്പിയ്ക്കുന്ന എന്തെങ്കിലും സാധാരണ വായനക്കാര്‍ക്കായി എഴുതണം എന്നു തീരുമാനിച്ചത്.      

boleno.jpg

ബൊലാഞ്ഞോയുടെ 2666 ല്‍, ഒരു പരാജയപ്പെട്ട എഴുത്തുകാരന്‍ ആര്‍ച്ചിംബോള്‍ഡി എന്ന കേന്ദ്രകഥാപാത്രത്തോട് ‘എഴുത്തുകാര്‍ മാസ്റ്റര്‍പീസുകള്‍ മാത്രമേ എഴുതാവൂ’ എന്ന് പറയുന്ന രംഗമുണ്ട്. സാമാന്യം ദൈര്‍ഘ്യമുള്ള സാവേജ് ഡിറ്റക്റ്റീവ്‌സ് വായിച്ചു കഴിഞ്ഞ്​ ഈ നോവലില്‍ എത്തുമ്പോള്‍ നമുക്ക് ബൊലാഞ്ഞോ ഈ ഒരു സംഗതി എത്ര ഗൗരവമായാണ് കാണുന്നത് എന്ന് മനസ്സിലാകും. പലപ്പോഴായി എഴുതി പില്‍ക്കാലത്ത് കൂട്ടിച്ചേര്‍ത്ത നോവലാണല്ലോ ഇത് - നോവല്‍ പൂര്‍ണവുമല്ല, ഇതെഴുതുന്ന സമയത്താണ് ബൊലാഞ്ഞോ മരിയ്ക്കുന്നത്. അഞ്ചു പുസ്തകങ്ങളായി ചെയ്യാന്‍ ബൊലാഞ്ഞോ ആവശ്യപ്പെട്ടെങ്കിലും പിന്നീട് അതൊറ്റ പുസ്തകമായി ഇറക്കുകയായിരുന്നു - വായനക്കാര്‍ക്ക് അക്കാര്യത്തില്‍ പരാതിയുണ്ടാകാനിടയില്ലതാനും.    

ബൊലാഞ്ഞോയുടെ ആശയങ്ങളും അഭിപ്രായങ്ങളും മനസിലാക്കാൻ, അയാളുടെ രണ്ടു വലിയ നോവലുകളും പൂര്‍ണമായി  വായിച്ചെടുക്കേണ്ടത്​ ആവശ്യമാണ് - അതിലൊന്ന്​: "എന്താണ് ഒന്നാംകിട എഴുത്ത്?  എന്നുമുള്ള അതേ സംഗതി തന്നെ - ഇരുട്ടിലേയ്ക്ക് ഉറ്റുനോക്കാനുള്ള, നിശ്ശൂന്യതയിലേയ്ക്ക് എടുത്തു ചാടാനുള്ള കഴിവ്, സാഹിത്യം അടിസ്ഥാനപരമായി അപകടകരമാണെന്നുള്ള അറിവ്. മലയുടെ ചെങ്കുത്തായ ചെരിവ