Monday, 18 October 2021

കഥ


Text Formatted
പ്രണയവൈറസ്
Image Full Width
Image Caption
ചിത്രീകരണം: ദേവപ്രകാശ്​
Text Formatted

പ്രണയ വൈറസ് വിധേയ ആയതിൽപ്പിന്നെ  ഒന്നിനും ഏതിനും സമയം തികയുന്നില്ലായിരുന്നു ഹർഷയ്ക്ക്. പ്രൊജക്ട് സബ്മിറ്റ് ചെയ്യാനോ, അതിനുള്ള വസ്തുവഹകൾ വായിക്കാനോ എന്തിന് സ്വസ്ഥമായൊന്നിരിക്കാനോ അവൾക്ക് കഴിഞ്ഞിരുന്നില്ല. പ്രണയ വൈറസ് വിധേയ എന്ന പ്രയോഗം കൂട്ടുകാരി മായയുടെ സംഭാവനയാണ്.

വൈറസ് ബാധയേറ്റ് കുന്തം മറിഞ്ഞിരുന്നോ, ഒന്നും നടക്കില്ലെന്ന് ഇടയ്ക്കിടെ അവൾ ഹർഷയെ ഓർമ്മിപ്പിക്കും. 
കോവിഡ്  വന്ന് രണ്ടാഴ്ച ഒന്നും ചെയ്യാൻ കഴിയാതെ, മനസാന്നിധ്യം കിട്ടാതെ മുറിയിൽ കുത്തിയിരിക്കേണ്ടി വന്നതിൽപ്പിന്നെയാണ് അവൾ ആ വാക്ക് കണ്ടുപിടിച്ചത്. 

രാത്രിയിൽ പെട്ടെന്ന് ശ്വാസം കിട്ടാതെ വലഞ്ഞപ്പോൾ മായയെ പിടിച്ച പിടിയാലേ അടുത്തുള്ള ഹോസ്പിറ്റലിൽ കൊണ്ടുപോയി ഓക്സിജൻ കൊടുപ്പിച്ചത് ഹർഷയാണ്. റൂം മേറ്റും സോൾമേറ്റുമായ ഹർഷയാണ് എല്ലാത്തിനും കൂടെ ഉണ്ടായിരുന്നത്. കോവിഡ് വന്നതിൽപ്പിന്നെ അവൾക്ക് വല്ലാത്ത ക്ഷീണമാണ്.  എപ്പോഴും അവൾ മാസ്കിട്ട് ജാഗരൂകയായി നിന്നു, ഇടയ്ക്കിടെ കൈകളിൽ സാനിറ്റയിസർ പുരട്ടി. അവൾ സ്ഥിരോത്സാഹിയാണ്. എന്തെങ്കിലുമൊക്കെ ചെയ്തു കൊണ്ടേയിരിക്കും ഏതു നേരവും. മായയുടെ സ്വഭാവത്തിന് നേർ വിപരീതമാണ് ഹർഷയുടെത്. അവൾക്കെപ്പോഴും ആനന്ദമാണ്. കാര്യമായി എന്തെങ്കിലും ചെയ്യണം എന്നൊന്നുമില്ല. കാഴ്ചകളൊക്കെക്കണ്ട് ഒരു വൺ ഡേ ടൂർ കഴിയും പോലെ ജീവിതം തീരണം എന്നാണവളുടെ മോഹം. ഏതു നേരവും കൈയ്യിലൊതുക്കിപ്പിടിച്ച ഫോണിലേക്കു നോക്കിക്കൊണ്ടിരിക്കുമവൾ! ഫോണിൽ മെസേജുകൾ വന്നും പോയുമിരിക്കും. ഫോണിലേക്ക് നോക്കിക്കൊണ്ടിരിക്കൽ മഴത്തുള്ളികൾ തുരുതുരാ വീണു കൊണ്ടിരിക്കുന്ന പച്ചപ്പായലു തിളങ്ങുന്ന കുളത്തിലേക്കു നോക്കിക്കൊണ്ടിരിക്കും പോലെയാണ് അവൾക്ക്. വാക്കുകൾ കുളത്തിനാഴത്തിലേക്ക് പോയ് പതുങ്ങുന്ന കനമുള്ള ഒച്ചകൾ ! വീണ്ടും വീണ്ടും അവയുടെ പ്രതിധ്വനി കേട്ട് ഒറ്റയ്ക്കിരിക്കുമ്പോഴും അവൾ ആനന്ദിച്ചു.

sandhya np