Tuesday, 16 August 2022

മാധ്യമങ്ങൾ കാണാത്ത ഇന്ത്യ- 19


Text Formatted

മഹാനിര്‍വാണ്‍ റോഡിലെ ഒറ്റമുറിയും
​​​​​​​അയല്‍ഗല്ലിയിലെ ചോപ്പനമ്മൂമ്മയും

 

Image Full Width
Image Caption
ബീണ അധികാരി / ഫോട്ടോ : മണിലാല്‍ പടവൂര്‍
Text Formatted

രാഷ്ട്രീയ ദേഹികള്‍ പലരും വന്നെത്തിപ്പാര്‍ത്ത വഴിയമ്പലമായിരുന്നു കാക്കിമായുടെ വീട്. ഒരുതരത്തില്‍,  സമരസ്മരണകളുടെ രാഷ്ട്രീയ മ്യൂസിയം. അവരെ ആദ്യം കാണുന്ന കാലത്ത്, നല്ല പ്രായമുണ്ട്. വിറച്ചാണ് സംസാരം. കാഴ്ച്ച അല്പം കുറഞ്ഞു. അതിരാവിലെ പക്ഷേ, ഗണശക്തി കയ്യില്‍ കിട്ടണം. വാര്‍ത്തകളോരോന്നും അരിച്ചുപെറുക്കി, തപ്പിപ്പിടിച്ചു. വംഗ രാഷ്ട്രീയത്തിന്റെ വിപ്ലവവാത്മകതയും കീഴ്‌മേല്‍ മറിച്ചിലുകളും ഏറെ കണ്ട സ്ത്രീയാണ്. പാര്‍ട്ടിയോടും കാളിമാതായോടും കടുത്ത ഇഷ്ടം പുലര്‍ത്തി ജീവിച്ചു, മറ്റ് പല ബംഗാളി കമ്യൂണിസ്റ്റുകളേയും പോലെ.

തൊരു കുടുസ്സുമുറിയായിരുന്നു.
നിറയെ പൊടിയും. പഴമ വിരിച്ചിട്ട ജനലും വാതിലും.
വിണ്ടു തുടങ്ങിയ മെറൂണ്‍ കളറുള്ള നരച്ച ചുവര്. ഉള്ളു പക്ഷേ ഏത് നിറമെന്ന് പറയാനാകാത്ത വിധം മങ്ങിയത്.
സൗത്ത് കല്‍ക്കത്തയിലെ ഗൊരിയാഹട്ടിനടുത്ത മഹാനിര്‍വാണ്‍ ഗല്ലിയിലെ കൊച്ചുമുറി. ഗോഡൗണിനോ മറ്റോ എടുത്തിട്ട മുറിയാണ്. കൊല്‍ക്കത്തയിലെ തുടക്കകാലത്ത്, ആദ്യം പരിചയപ്പെട്ട ശേഷം പിന്നീട് വലിയ അടുപ്പമായി മാറിയ മലയാളി സുഹൃത്ത്, സ്‌നേഹബന്ധത്തിന്റെ പേരില്‍ തല്‍ക്കാലത്തേക്ക് തന്ന ഇടമാണ്. മറ്റൊരു മുറി കിട്ടും വരേയ്ക്ക്.
കസേരയും കട്ടിലും ചില വലിപ്പുകളും പുരാതന കലണ്ടറുകളും.
എല്ലാം പൊടിമയം. ഫാനിന് മുകളില്‍ പ്രാചീനകാലം മുതല്‍ക്കേയുള്ള പൊടിയുടെ ചരിത്രം പറ്റിപ്പിടിച്ച് കിടപ്പുണ്ടായിരുന്നു. സ്ഥലംമാറി കേരളത്തില്‍ നിന്ന് ചെന്നപ്പോള്‍ തൽക്കാലം ഈ കുടുസ്സുമുറി തന്നെ ശരണമെന്ന് തീരുമാനിച്ചു. ഇതിനപ്പുറം ഇനിയെങ്ങനെ ഇടുങ്ങാനാണ് എന്ന്, പറയാതെ പറയുന്ന ഗല്ലികളുടെ പ്രപഞ്ചമാണല്ലോ കൊല്‍ക്കത്ത. തുടക്കകാലത്ത്, നിരന്തരം ഈ വഴികള്‍, ധാരണ തെറ്റിച്ച്, എടങ്ങേറാക്കിക്കൊണ്ടിരുന്നു. എല്ലാ വഴികളും ഏകദേശം ഒരുപോലെ തോന്നും. ഭക്ഷണം കഴിക്കാനോ നടക്കാനോ പോയാല്‍, ഇടയ്ക്ക് മുറിയിലേക്ക് വരാന്‍ വൈകി, വഴിതെറ്റിപ്പോകും. അങ്ങനെ കറങ്ങിക്കിറുങ്ങി പലവട്ടം. മൊബൈല്‍ ആപ്പിലൂടെ താമസയിടം കണ്ടുപിടിക്കാനുള്ള സഹായം ഗൂഗിള്‍ നല്‍കിത്തുടങ്ങിയിരുന്നോ എന്നോര്‍മയില്ല ഏതായാലും അതത്ര വ്യാപകമായിരുന്നില്ല എന്നുറപ്പാണ്.