Monday, 18 October 2021

കുട്ടനാട്​ വികസനം: അന്വേഷണ റിപ്പോർട്ട്​


Text Formatted

മതിയാക്കാം മിനുക്കുപണി,
ഗുരുതരാവസ്​ഥയിലാണ്​ കുട്ടനാട്​ 

കുട്ടനാടിന്റെ ജീവിതവും പരിസ്​ഥിതിയും വികസനവുമായും ബന്ധപ്പെട്ട്​ പലതലങ്ങളിൽ ചർച്ച സജീവമാണ്​. എന്നാൽ, കുട്ടനാടിനുവേണ്ട ഒരു വികസന കാഴ്​ചപ്പാട്​ ഇപ്പോഴും ഉരുത്തിരിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ കുട്ടനാടിന്റെ മനുഷ്യരെയും മണ്ണിനെയും പ്രകൃതിയെയും ബന്ധപ്പെടുത്തി സമഗ്രമായ ഒരു അന്വേഷണ റിപ്പോർട്ട്​ അവതരിപ്പിക്കുന്നു ഗവേഷകരും ജനകീയ ശാസ്​ത്രപ്രവർത്തകരുമായ ലേഖകർ

Image Full Width
Image Caption
കുട്ടനാട്​; കായലും പാടശേഖരവും അവയെ വേർതിരിക്കുന്ന പുറംബണ്ടും
Text Formatted

ശ്ചിമഘട്ടം ചൊരിയുന്ന നാല്  നദികളിലൂടെയെത്തുന്ന വെള്ളവും എക്കലും, അതില്‍ ബോധപൂര്‍വ്വം ഇടപെട്ട്, അഥവാ, അദ്ധ്വാനിച്ച് രൂപപ്പെടുത്തിയ ഭൂരൂപങ്ങളും നിര്‍മ്മിതികളും, അങ്ങനെ വളരുകയും പരിണമിക്കുകയും ചെയ്ത കൃഷിയും മല്‍സ്യബന്ധനവും സംസ്‌കാരവും ടൂറിസവുമൊക്കെ ചേരുന്നതാണ് കുട്ടനാട് ഭൂപ്രദേശം. വേമ്പനാട് കായലും അതിനെ ചുറ്റിപ്പറ്റി  ആലപ്പുഴ, കോട്ടയം, പത്തനംതിട്ട  ജില്ലകളിലെ 10 താലൂക്കുകളിലായി വ്യാപിച്ച് കിടക്കുന്ന വിശാലവും സവിശേഷവുമായ ആവാസവ്യവസ്ഥ. അവിടെ ഒരു പ്രദേശത്തോ ഒരു ജീവനോപാധിയിലോ നടത്തുന്ന ഇടപെടല്‍ ഇതരയിടങ്ങളിലും മേഖലകളിലും പാരിസ്ഥിതികവും സാമ്പത്തികവും സാമൂഹ്യവും രാഷ്ട്രീയവുമായ പ്രഭാവം ഉളവാക്കും.

മേഖലയിലെ സവിശേഷങ്ങളായ വികസനപ്രശ്‌നങ്ങളെ വേമ്പനാട് തണ്ണീര്‍ത്തടമെന്ന ഈ വിശാല ഭൂപ്രദേശത്തിന്റെ പൊതുവികസന പരിപ്രേക്ഷ്യത്തില്‍നിന്ന് അടര്‍ത്തിമാറ്റി  കേവലമായും അനുഭവപരമായും സമീപിക്കുന്നത് ഫലപ്രദമാകില്ല. വിശാല കുട്ടനാടിന്റെ ഒരു ഭാഗം മാത്രമായ കുട്ടനാട് താലൂക്കിന്റെ പല പ്രദേശങ്ങള്‍  നേരിടുന്ന വെള്ളപ്പൊക്ക ഭീഷണിയെയും ജീവസന്ധാരണ വെല്ലുവിളിയെയും അഭിമുഖീകരിക്കുന്നതിലും ഈ ദൗര്‍ബല്യം പ്രകടമാണ്.

സംവാദവും പൊതുബോധവും

ഇപ്പോള്‍ നടന്നുവരുന്ന ചര്‍ച്ചകളില്‍ മുഖ്യമായും നാല് കാഴ്ചപ്പാടുകളുണ്ട്: സ്വാതന്ത്രത്തിന്റെ ഏഴ് പതിറ്റാണ്ടു കഴിഞ്ഞിട്ടും "വികസന മുന്നേറ്റത്തില്‍', അഥവാ ജീവിത സൗകര്യങ്ങളില്‍  സംസ്ഥാന ശരാശരിയേക്കാള്‍ ഏറെ താഴെയാണ് കുട്ടനാടെന്നും ആ കുറവ് എങ്ങനെയും പരിഹരിക്കുകയാണ് വേണ്ടതെന്നും കരുതുന്ന വിഭാഗത്തിനാണ് പൊതുബോധനിര്‍മ്മിതിയില്‍ കാലങ്ങളായി മുന്‍തൂക്കം. പാരിസ്ഥിതിക ജാഗ്രതയൊക്കെ ആകാം. വികസനത്തിന് തടസ്സമാകരുത്. പ്രത്യാഘാതങ്ങള്‍ അപ്പപ്പോള്‍ പരിഹരിച്ചുപോയാല്‍ മതിയാകും.

കേരളത്തിന്റെ പരിസ