Monday, 18 October 2021

ബഹുസ്വര ഇന്ത്യ


Text Formatted

ജിഹാദ് നിര്‍മിതിയുടെ രാഷ്ട്രീയം

ഇന്ത്യന്‍ മുസ്‌ലിം എന്ന അന്യവല്‍ക്കരിക്കപ്പെട്ട സ്വത്വത്തെ  മനസിലാക്കുകയും,  ആ അന്യസ്വത്വ നിര്‍മിതിക്കായി തീവ്രവലതുപക്ഷ ശക്തികള്‍ ഉപയോഗിക്കുന്ന വാക്കുകളെ നാം ശ്രദ്ധയോടെ നോക്കി കാണേണ്ടതുമുണ്ട്.  

Image Full Width
Image Caption
Photo : Muhammed Fasil
Text Formatted

ബി.ജെ.പി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി മാറിത്തുടങ്ങിയ സമയം മുതല്‍ ഇന്ത്യന്‍ ദേശീയത മൃദുഹിന്ദുത്വത്തില്‍ നിന്ന് തീവ്രഹിന്ദുത്വത്തിലേക്ക് പരിണമിച്ചതായി  പല രാഷ്ട്രീയനിരീക്ഷകരും കണ്ടെത്തുന്നുണ്ട്. 1980 - കള്‍  മുതല്‍ ഇന്ത്യയില്‍ ഉയര്‍ന്നു വരുന്ന വര്‍ഗീയ ലഹളകളുടെ  കണക്കുകളും ഇതോടൊപ്പം ചേര്‍ത്തുവെക്കാം. ഈ  പരിണാമം എല്ലാ സംസ്ഥാനങ്ങളിലെയും രാഷ്ട്രീയ സാഹചര്യങ്ങളെ സ്വാധീനിച്ചിട്ടുമുണ്ട്.

മതവും രാഷ്ട്രീയവും രണ്ടല്ല, ഒന്നാണ് എന്ന ബോധ്യത്തെ സാധാരണവല്‍ക്കരിച്ചുകളയുന്ന ഈ രാഷ്ട്രീയം ഇന്ത്യന്‍  രാഷ്ട്രീയത്തെ വളരെ മോശമായി ബാധിക്കുന്നു. ബി.ജെ.പി പരീക്ഷിച്ച് വിജയിച്ച ഫോര്‍മുല മറ്റെല്ലാ പാര്‍ട്ടികളും താല്‍കാലിക വിജയങ്ങള്‍ക്ക് ഉപയോഗിക്കുന്ന സാഹചര്യമാകട്ടെ പകല്‍പോലെ വ്യക്തവും. കേരളത്തിന്റെ സാഹചര്യത്തില്‍ ശബരിമല തുടങ്ങി ഇങ്ങോട്ട് പലപ്പോഴായി ഹിന്ദുത്വശക്തികള്‍ അധികാരം കൈയ്യിലെടുക്കാന്‍  ശ്രമം നടത്തിവരുന്നുമുണ്ട്. ആഗോള തലത്തില്‍ തീവ്ര വലതുപക്ഷ ശക്തികള്‍ വളരുമ്പോള്‍ അതോടൊപ്പം മതമൗലികവാദികളും തീവ്രവാദസംഘടനകളും ശക്തമാകുന്ന സാഹചര്യവും  കൂടി ചേരുമ്പോള്‍ എല്ലാ തീവ്ര ആശയങ്ങള്‍ക്കും വേരോട്ടം ലഭിക്കുന്ന കാലമായി മാറുന്നുണ്ട് നമ്മുടേത്. ഒരു മഹാമാരിയുടെ വ്യാപനത്താലുണ്ടായ സാമ്പത്തിക പ്രതിസന്ധികളും, തൊഴിലില്ലായ്മയും ചേര്‍ന്നുണ്ടാകുന്ന സാമൂഹിക പശ്ചാത്തലത്തില്‍ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ സാധിക്കാതെ വരുമ്പോള്‍  സര്‍വ്വ പഴിയും സമൂഹത്തില്‍ തന്നെ സൃഷ്ടിച്ചെടുക്കുന്ന ഒരു  ‘അന്യമായ' സ്വത്വത്തിനുമേല്‍ ചാരുന്ന അല്ലെങ്കില്‍ നമ്മെ ഓരോരുത്തരെയും ചാരുവാന്‍ പ്രേരിപ്പിക്കുന്ന  ഈ സവിശേഷത  വളരെ ശ്രദ്ധയോടെ വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്.

Muhammed Fasil