Thursday, 21 October 2021

നോവല്‍


Text Formatted
katturkadavu-title
Image Full Width
Image Caption
ചിത്രീകരണം: ഇ. മീര
Text Formatted

27: ഒരു സന്ദർശനം

"ഒരു കാൽപനിക ലോകമാണ് നിങ്ങളുടെ കാട്ടൂർക്കടവ്.'
രഘുത്തമൻ ദിമിത്രിയോട് പറഞ്ഞു:
"സങ്കൽപ്പത്തിനും യാഥാർത്ഥ്യത്തിനുമിടയിലെ വരമ്പിലൂടെ നടക്കുന്നതു പോലെ നമുക്കു തോന്നും. വഴുക്കുന്ന വരമ്പുകളാണ്. മിത്തുകൾ ഉണ്ടാക്കാനും പ്രചരിപ്പിക്കാനും അവിടത്തുകാർ സമർത്ഥരാണ്. ഞാൻ കുട്ടിക്കാലത്ത് കുറേനാൾ അവിടെ താമസിച്ചിട്ടുണ്ട്. മാന്ത്രികകഥകൾ ഒരുപാട് കേട്ടു. അതിമനുഷ്യരാണ് കഥാപാത്രങ്ങൾ.

കൊറെയൊക്കെ അമ്മമ്മ പറഞ്ഞു തന്നതാണ്. മഞ്ഞുകാലത്ത് വയലിൽ കാല കത്തിക്കുമല്ലോ. പുക പരക്കുന്നതു കണ്ട് ഞാൻ പേടിച്ചിട്ടുണ്ട്. അമാനുഷിക ശക്തിയുള്ള ഒരു നായാടിക്കുഞ്ചുവുണ്ട് ചരിത്രത്തിൽ. ഒരു പന പിഴുതെടുത്ത് നടന്നു പോയി എന്നും മറ്റും അയാളെക്കുറിച്ച് പറയുന്നു. പിന്നെ കറുപ്പയ്യസ്വാമി. ലോകത്തിലെത്തന്നെ ഏക കമ്യൂണിസ്റ്റ് മന്ത്രവാദിയായ കണ്ടൻകുട്ടിയാശാൻ. അദ്ദേഹം വെള്ളപ്പൊക്കം വിലക്കാൻ കിണ്ടിയും പൂവും ശംഖുമായിട്ട് വരും. എന്റെ അമ്മാവൻ ചക്രപാണി വാര്യർ നിന്ന നിലയിൽ അപ്രത്യക്ഷനായി എന്നാണല്ലോ പറയുന്നത്. ഓരോരോ കഥകൾ. അദ്ദേഹത്തിന്റെ ജഡം കരുവന്നൂർ പുഴയുടേയോ ചാത്രാപ്പ് കായലിന്റെയോ അടിയിൽ എവിടെയെങ്കിലും ഉണ്ടാവും.'

1(27).

1985 ലാണ് ആ സംഭാഷണം നടന്നത്.  ദിമിത്രി തൃശ്ശൂരിലേക്ക് സ്ഥലം സ്ഥലംമാറി വന്നിട്ട് അധികകാലം ആയിരുന്നില്ല. പഴയ കോടതി സ്റ്റോപ്പിനടുത്തുള്ള റിക്കാർഡ്സ് കോംപ്ലക്സിലേക്ക് രഘുത്തമൻ  കടന്നു വന്നു. ഒരു ബുധനാഴ്ചയായിരുന്നു അത്. ആപ്പീസിൽ നല്ല തിരക്കായിരുന്നു അന്ന്. ബുധനാഴ്ച ദിവസങ്ങളിലാണ് റീജിയണൽ ആപ്പീസ് സജീവമാകുന്നത്. ടൂറിലുള്ള ആപ്പീസർമാരെല്ലാം അന്ന് സ്ഥലത്തുണ്ടാവും. സബ് റിക്കാർഡ്സ് ബ്യൂറോകളിൽ നിന്നുള്ള അപ്പീലുകളുടെ പരിഗണനയാണ്. പ്രധാനമായും. മുദ്രവിലയെ സംബന്ധിച്ച തർക്കങ്ങളിൽ തീർപ്പുണ്ടാക്കും.