Thursday, 21 October 2021

Book Review


Text Formatted

സാമ്പത്തിക തകർച്ച പ്രവചിക്കാൻ
കഴിയാത്തത്​ എന്തുകൊണ്ട്​?

നിയോ ക്ലാസിക്കല്‍ സാമ്പത്തിക സിദ്ധാന്തങ്ങളുടെ രീതിശാസ്ത്രങ്ങളെത്തന്നെ ചോദ്യം ചെയ്തുകൊണ്ട് റോബര്‍ട്ട് സ്‌കൈഡല്‍സ്‌കി രചിച്ച  What's Wrong with Economics? A Primer for the Perplexed  എന്ന പുസ്തകത്തിന്റെ വായന

Image Full Width
Image Caption
2008 ല്‍ സാമ്പത്തിക തകര്‍ച്ചയുടെ ആഘാതം രേഖപ്പെടുത്തിയ ഗ്രാഫിക്.
Text Formatted

""അഹങ്കാരം ഒരു വീഴ്ചക്ക് മുമ്പാണ് വരുന്നതെന്ന് സാര്‍വത്രികമായി അംഗീകരിച്ച സത്യമാണ്, ലോകത്തെ ഒറ്റ അതിര്‍ത്തിയും സംസ്‌കാരരഹിതമായ ഒറ്റ കമ്പോളവുമാക്കി മാറ്റാനുള്ള ശ്രമം കണ്ണീരില്‍ അവസാനിക്കുമെന്ന് ചരിത്രബോധമുള്ള ഏതൊരാള്‍ക്കും മനസ്സിലാക്കാന്‍ കഴിയുന്ന വസ്തുതയാണ്.'' വര്‍ത്തമാന കാലത്തെ സാമ്പത്തിക ചിന്തകരില്‍ പ്രമുഖനായ റോബര്‍ട്ട് സ്‌കൈഡല്‍സ്‌കി (Robert Skidelsky) മുഖ്യധാരാ സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചുള്ള അതിശക്തമായ വിമര്‍ശം മുന്നോട്ടുവെക്കുന്നതിങ്ങനെയാണ്. നിയോ ക്ലാസിക്കല്‍ സമ്പദ്ശാസ്ത്രത്തിന്റെ ഗണിതശാസ്ത്ര മോഡലിംഗ് ഉപയോഗിച്ചുള്ള പ്രവചന സാധ്യതകള്‍ പരക്കെ ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയത് 2007-08 കാലയളവിലെ അമേരിക്കന്‍ സാമ്പത്തിക തകര്‍ച്ചയോടു കൂടിയാണ്. 

Robert Skidelsky
റോബര്‍ട്ട് സ്‌കൈഡല്‍സ്‌കി

സാമ്പത്തികശാസ്ത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന ആരിലും ഒരു സൂചനപോലും നല്‍കാതെ പൊടുന്നനെ ആരംഭിച്ച  സാമ്പത്തിക തകര്‍ച്ചയുടെ കെടുതികള്‍ നിയോ ക്ലാസിക്കല്‍ സമ്പദ്ശാസ്ത്ര സിദ്ധാന്തങ്ങളെ കൂടുതല്‍ ആഴത്തിലും ഗഹനതയിലും വിമര്‍ശനാത്മകമായി സമീപിക്കുവാന്‍ നിരവധി സമ്പദ്ശാസ്ത്രകാരന്മാരെ പ്രേരിപ്പിച്ചു. ഒരു വ്യാഴവട്ടക്കാലത്തിനിടയില്‍ നൂറുകണക്കായ ആധികാരിക പഠനങ്ങളും ഗ്രന്ഥങ്ങളും അതുസംബന്ധിച്ച് പുറത്തുവന്നുകഴിഞ്ഞു. ജോണ്‍ ടി. ഹാര്‍വേയുടെ Contending Perspectives in Economics (2015), R