Friday, 26 November 2021

നോവല്‍


Text Formatted

​​​​​​​katturkadavu-title

Image Full Width
Image Caption
ചിത്രീകരണം : ഇ.മീര
Text Formatted

​​​​​​​29: കെ.എന്ന എഴുത്തുകാരന്റെ ജീവിതത്തിലേക്ക് വീണ്ടും

ന്നാം അധ്യായത്തില്‍ നമ്മള്‍ നേരില്‍ കണ്ട കെ. എന്ന എഴുത്തുകാരനെ ഈ സന്ദര്‍ഭത്തില്‍ വീണ്ടും പിന്തുടരേണ്ടതുണ്ട്. ഇപ്പോള്‍ അദ്ദേഹം തന്റെ ഭാര്യയ്ക്കും വൃദ്ധയായ അമ്മയ്ക്കും ഒപ്പം ചെന്നൈ നഗരത്തിലാണുള്ളത്. നഗരത്തില്‍ പൂനമല്ലി എന്ന സ്ഥലത്തുള്ള പ്രസിദ്ധമായ ഒരു നേത്രരോഗാശുപത്രിയിലെ ഔട്ട് പേഷ്യന്റ് ബ്ലോക്കില്‍ ഇരിക്കുകയാണ്. ഒരു യോഗസദസ്സിലെന്ന പോലെ ആളുകള്‍ അവിടത്തെ കസേരകളില്‍ ഒരു വശത്തേക്ക് അഭിമുഖമായി ഇരിക്കുന്നു. മുന്നില്‍ ഡോക്ടര്‍മാരുടെ കണ്‍സള്‍ട്ടിങ് റൂമുകളാണ്.

അത്യാധുനിക സൗകര്യങ്ങളുള്ള ഈ ഐ ഹോസ്പിറ്റല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ട് ഏതാണ്ട് ഒരു വര്‍ഷമേ ആയിട്ടുള്ളു. അതിന്റേതായ വെടിപ്പും വൃത്തിയും ഉണ്ട്. നേത്രചികിത്സക്ക് പ്രസിദ്ധമായ ദക്ഷിണേന്ത്യയിലെ ഒരു ആശുപത്രി ശൃംഖലയുടെ ഏറ്റവും പുതിയ കണ്ണിയാണത്രെ ഇത്. കമനീയമായ കെട്ടിടങ്ങള്‍. ചുറ്റുമുള്ള പൂന്തോട്ടത്തില്‍ വെച്ചുപിടിപ്പിച്ച ചെടികളും ചെറുമരങ്ങളും വേരുപിടിക്കുന്നതേയുള്ളു. പോര്‍ട്ടിക്കോയില്‍ നിന്ന് കയറുന്നത് ഒരു ധ്യാനമണ്ഡപത്തിലേക്കാണെന്ന് നമുക്കു തോന്നും. പക്ഷേ ഉറക്കെയുള്ള തമിഴ് മൊഴിയുടെ ഒരു ഇരമ്പം ആ ധാരണയെ തകര്‍ക്കും. ആ ഇരമ്പത്തെ അതിക്രമിച്ച് നഴ്‌സുമാര്‍ ഓരോ രോഗികളുടെ പേര് ഉച്ചത്തില്‍ വിളിച്ചുപറയുന്നു.

കെ. കുറച്ചൊന്ന് അസ്വസ്ഥനാണ്. പതിവുപോലെ ഒരു പുസ്തകം നിവര്‍ത്തിപ്പിടിച്ച രൂപത്തില്‍ അദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നു. പക്ഷേ അദ്ദേഹം അതു വായിക്കുന്നതായി കണ്ടില്ല. പുസ്തകം സീറ്റില്‍ വെച്ച് അദ്ദേഹം എഴുന്നേറ്റു നടന്നു. കണ്‍സള്‍ട്ടിങ് റൂമുകള്‍ അവസാനിക്കുന്നേടത്ത് മൂന്നു മുറികളിലായി വിവിധ മതസ്ഥര്‍ക്കുള്ള പ്രാര്‍ഥനാസൗകര്യം ഉണ്ടായിരുന്നു. ഇടയ്ക്ക് വാതില്‍ തുറന്ന് വിശ്വാസികള്‍ ഇറങ്ങിവരുന്നു. വാതില്‍ തുറക്കുമ്പോള്‍ അകത്തെ ഇരുട്ടിലെ ചെറുവെളിച്ചങ്ങള്‍ കാണാനാകും. ചാപ്പലില്‍ മെഴുകുതിരിയും പൂജാമുറിയില്‍ നിലവിളക്കുമാണ്. നിസ്‌കാരമുറിയില്‍ ശുദ്ധി വരുത്താനുള്ള ജലത്തിന്റെ സാന്നിധ്യമാണ് കണ്ടത്.