Thursday, 21 October 2021

കഥ


Image Full Width
Image Caption
ചിത്രീകരണം: സുധീഷ് കോട്ടേമ്പ്രം
Text Formatted

ഹോട്ടല്‍

ചെറുപ്പകാലം മുതല്‍ തന്നെ ഭാസ്‌കരനുള്ള ഒരാഗ്രഹമായിരുന്നു റഷ്യന്‍ തലസ്ഥാനത്തെ ആയിരത്തിലേറെ മുറികളുള്ള മോസ്‌ക്വാ ഹോട്ടലില്‍ ഒന്ന് താമസിക്കുക എന്നത്. അയാള്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന കാലം മുതല്‍ ആഗ്രഹിക്കുന്നതാണ് റെഡ് സ്‌ക്വയര്‍, റെവലൂഷന്‍ സ്‌ക്വയര്‍ എന്നിവ സന്ദര്‍ശിക്കുക, ലെനിന്‍ മ്യുസോളിയം ഒന്ന് കാണുക, സഖാവിന്റെ ജഡത്തിനു ഒരു ചുകന്ന സല്യൂട്ട് നല്‍കുക, വര്‍ണ്ണശബളമായ പിരിയന്‍ മേല്‍ക്കൂരകളുള്ള ആ പള്ളികള്‍, കസാന്‍ കത്തീഡ്‌റല്‍, ഐവര്‍സ്‌കായാ കപ്പോള,  സെന്റ് ബേസില്‍സ് കത്തീഡ്രല്‍, സ്പാസ്‌കായ ഗോപുരം ഇതൊക്കെ  ഒന്ന്  അകത്തു കടന്നു നോക്കുക, ചത്വരത്തിലൂടെ "ബലികുടീരങ്ങളേ' എന്ന പാട്ടും പാടി  ഒരു കവാത്തു നടത്തുക -ഇതെല്ലാം.

പക്ഷെ വിധിവൈപരീത്യം എന്നു പറയട്ടെ, സോവിയറ്റ് യൂണിയന്‍ ഛിന്നഭിന്നമായിക്കഴിഞ്ഞ് (ആ വാര്‍ത്തകള്‍ വന്നു കൊണ്ടിരുന്ന ദിവസം ഭാസ്‌കരന്‍ കുട്ടികളെപ്പോലെ കരയുന്നത് ഭാര്‍ഗവിക്കു സഹിക്കാനായില്ല) പിന്നെയും ചില വര്‍ഷങ്ങള്‍ കഴിഞ്ഞ്​ പുട്ടിന്‍ചക്രവര്‍ത്തി ക്രെംലിനില്‍ സിംഹാസനാരോഹണം ചെയ്ത കാലത്ത് മാത്രമാണ് ആ ആഗ്രഹം ആ ദമ്പതിമാര്‍ക്ക് സഫലമാക്കാന്‍ സാധിച്ചത്.

അപ്പോഴേക്കും മസ്‌ക്വാ നദിയിലൂടെ എത്രയോ ഗാലണ്‍ വോഡ്ക ഒഴുകിപ്പൊയ്ക്കഴിഞ്ഞിരുന്നു. അഭേദ്യമെന്നു കരുതിയിരുന്ന ചത്വരത്തില്‍ 1963-ല്‍ തങ്ങളുടെ സഹപാഠിയുടെ കൊലപാതകത്തെ തുടര്‍ന്ന് ആഫ്രിക്കന്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധപ്രകടനം നടന്നു കഴിഞ്ഞിരുന്നു, സോവിയറ്റ് യൂണിയനില്‍ വിലക്കേര്‍പ്പെടുത്തിയിരുന്ന ബീറ്റിലുകള്‍ പറന്നിറങ്ങി പോള്‍ മക് കാര്‍ട്‌നിയുടെ നേതൃത്വത്തില്‍ സംഗീതപരിപാടി നടത്തിക്കഴിഞ്ഞിരുന്നു, അതൊന്നും പോരാഞ്ഞു റഷ്യന്‍ വിമാനപ്പടയെ അമ്പരപ്പിച്ചു കൊണ്ട് മത്തിയാസ് റസ്റ്റ് എന്ന പശ്ചിമജര്‍മന്‍ പൈലറ്റ് ഒരു ചെസ്‌ന വിമാനം റെഡ് സ്‌ക്വയറില്‍ കൊണ്ടിറക്കുകയും ചെയ്തിരുന്നു.

സ്റ്റാലിന്‍ ഉണ്ടായിരുന്നെങ്കില്‍ ഇത് വല്ലതും സംഭവിക്കുമായിരുന്നോ എന്ന് ഭാസ്‌കരന്‍ പല കുറി ഭാര്‍ഗവിയോടു പറയുകയും ചെയ്തു- അവര്‍ക്ക് ഈ പറഞ്ഞ കാര്യങ്ങളില്‍ എന്തെങ്കിലും കുഴപ്പമുള്ളതായി തോന്നിയിരുന്നില്ലെങ്കിലും തന്റെ സ്വന്തം സ്റ്റാലിനെ എതിര്‍ക്കാനുള്ള തന്റേടം ഈ പ്രായത്തിലും ഭാര്‍ഗവി ആര്‍ജ്ജിച്ചിരുന്നില്ല.

hotel