Saturday, 27 November 2021

ഓര്‍മ


Text Formatted

പൂതത്തിന്റെ ചങ്ങാതി

ഡല്‍ഹിയില്‍നിന്ന് മടങ്ങുന്നതിനു മുന്‍പ് യാത്ര പറയാന്‍ ഫോണ്‍ ചെയ്ത വി.കെ.എസ്. അപ്രതീക്ഷിതമായി ഒരു പാട്ടുപാടി. ശ്വാസമടക്കി ആ പാട്ടു കേട്ടുകൊണ്ടിരുന്ന എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ആ ജീവിതം ഗംഭീരമായൊരു ഗാനപ്രവാഹമായിരുന്നു - ഈയിടെ അന്തരിച്ച ഗായകനും ശാസ്​ത്രപ്രചാരകനുമായിരുന്ന വി.കെ. ശശിധരനെ, ആകാശവാണിയിൽ വാർത്താ അവതാരകയായിരുന്ന ടി.എൻ. സുഷമ ഓർക്കുന്നു

Image Full Width
Image Caption
വി.കെ. ശശിധരന്‍
Text Formatted

ര്‍ത്തിരമ്പി ഒഴുകിയ ഒരു ഊര്‍ജപ്രവാഹമായിരുന്നു വി.കെ.എസ്. എന്ന പടപ്പാട്ടുകാരന്‍.  ‘പറയുവാനെന്തുണ്ട് ബാക്കി, വീണ്ടും പൊരുതുക എന്നതല്ലാതെ' എന്ന് താനിളക്കിവിട്ട ആവേശത്തിന്റെ ആരവത്തില്‍ ആ ശബ്ദം പൊടുന്നനെ നിലച്ചുപോയി. കോവിഡ് ബാധയോടുള്ള അവസാന പോരാട്ടത്തില്‍ മാത്രമാണ് വി.കെ.എസ്. തോറ്റുപോയത്. 

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കാതലായ ക്യാമ്പയിനുകളുടെയൊക്കെ അമരക്കാരനായിരുന്ന വി.കെ.എസ്. കുറച്ചുനാള്‍ സംഘടനയുടെ ജനറല്‍ സെക്രട്ടറിയുമായിരുന്നു. സാക്ഷരതായജ്ഞത്തിന്റെ മുന്‍നിര പ്രവര്‍ത്തകന്‍, ശാസ്ത്രപ്രചാരകന്‍ എന്നീ നിലകളിലൊക്കെ കര്‍മനിരതനായിരുന്ന അദ്ദേഹം തന്നെ ആകര്‍ഷിച്ച ഏതൊരു പുരോഗമന പ്രസ്ഥാനത്തോടും സഹകരിച്ചു. ആമുഖ ഗാനങ്ങളും കൂട്ടപ്പാട്ടുകളും ചിട്ടപ്പെടുത്തി അത്തരം കൂട്ടായ്മകള്‍ക്ക് ആവേശം പകര്‍ന്നു. 

ഒ.വി. വിജയന്റെ വീട്ടില്‍ ചെന്ന് അദ്ദേഹത്തിനു വേണ്ടിയും വി.കെ.എസ്​ പാടി. ഖസാഖിന്റെ ഇതിഹാസകാരന്‍, കാലത്തെ വെല്ലുന്ന തന്റെ കൃതിയുടെ കോപ്പി കയ്യൊപ്പിട്ട്   ‘പൂതത്തിനും ശശിധരനും' എന്നെഴുതിയാണ് സമ്മാനിച്ചത്.

വി.കെ.എസ്. എന്ന വി.കെ. ശശിധരന്‍ പ്രസംഗിച്ചില്ല. തീ പടര്‍ത്തിക്കൊണ്ടു പാടിനടന്നു. മര്‍ദിതരുടെ സിരകളില്‍ സമരവീര്യം പടര്‍ത്തി. പട്ടിണിക്കാരെക്കൊണ്ട് പുസ്തകമെടുപ്പിച്ചു. പരിശീലനം കൊണ്ട് എന്‍ജിനീയറായിരുന്നെങ്കിലും ജനകീയ ഗായകനായി ജനം അദ്ദേഹത്തെ അറിഞ്ഞു. കുട്ടികളുടെ കൂട്ടുകാരനായി. സര്‍ഗപ്രതിഭയെ ഒരു ടൂള്‍ ആയി - അല്ല ആയുധമായി - കൊണ്ടുനടന്നു. തന്റെ മാസ്മര സംഗീതത്തെ ആശയപ്രചാരണത്തിനുവേണ്ടി ജനങ്ങളെ സംഘടിപ്പിക്കാനുള്ള ഉപകരണമാക്കി. ജനകീയ പ്രസ്ഥാനങ്ങളുടെ അടിത്തറ വിപുലീകരിക്കാന്‍ അദ്ദേഹം തന്റെ സംഗീതം പ്രയോജനപ്പെടുത്തി. സ്റ്റുഡിയോകളില്‍ ഇരുന്നല്ല, ജനമധ്യത്തിലിറങ്ങി പാടി നടന്നാണ് ഇത് നേടിയെടുത്തത്.  ‘ശാസ്ത്രം സാമൂഹ്യമാറ്റത്തിന്' എന്ന ആശയത്തില്‍ അടിയുറച്ചു വിശ്വസിച്ചു.