Wednesday, 29 March 2023

ആത്മകഥ


Text Formatted

വെറും മനുഷ്യര്‍- 28

കോട്ടക്ക​ലങ്ങാടിയിലിരുന്ന്​ അപ്പുണ്ണ്യേട്ടന്‍ ഇന്ദിരയ്ക്ക്​
കത്തുകളെഴുതി; അടിയന്തരാവസ്​ഥ പിൻവലിക്കണം

കടുത്ത ഇന്ദിരാ ഭക്തനായ അപ്പുണ്ണിക്ക് അടിയന്തരാവസ്ഥ സമ്മാനിച്ചത് ഞെട്ടലായിരുന്നു. അത്​ ഉന്മാദമായി മാറി. കാണുന്നവരോടെല്ലാം ചില്ലറത്തുട്ടുകള്‍ ഇരന്ന് വാങ്ങി ഇന്‍ലന്‍ഡുകള്‍വാങ്ങി നിരന്തരം ഇന്ദിരാഗാന്ധിക്ക് കത്തുകളയച്ചു. പോസ്റ്റ് ബോക്‌സില്‍ ദിവസവും അമ്പതിലേറെ കത്തുകള്‍. ആ ഉന്മാദത്തെ എല്ലാവരും തമാശയായി ചിരിച്ചുതള്ളി.

Image Full Width
Image Caption
ചിത്രീകരണം: ദേവപ്രകാശ്
Text Formatted

ന്നത്തെ ആയുര്‍വേദ നഗരിക്കും അതിനും മുമ്പത്തെ കോട്ടക്കല്‍ പട്ടണത്തിനും മുമ്പ് ഒരു കോട്ടക്കല്‍ അങ്ങാടി ഉണ്ടായിരുന്നു. ഓടുമേഞ്ഞ കെട്ടിടങ്ങളുള്ള, നിരപ്പലകയിട്ട കടകളുള്ള, ശനിയാഴ്ച ചന്തയുള്ള കോട്ടക്കല്‍ അങ്ങാടി. അങ്ങാടിക്കാറ്റുകള്‍ക്ക് കഷായത്തിന്റെയും കുഴമ്പിന്റെയും മണമുണ്ടായിരുന്നു. കോട്ടപ്പടിയില്‍ കോട്ട ഉണ്ടായിരുന്നു. മനുഷ്യരും വാഹനങ്ങളും തിരക്കിട്ട് ഓടാത്ത കാലം. തലയില്‍ വെറ്റിലക്കെട്ടും ചുമന്ന് കോട്ടക്കല്‍ ചന്തയിലേക്ക് ഓടുന്ന വെറ്റില കൃഷിക്കാര്‍ അന്നൊരു അത്ഭുതക്കാഴ്ചയായിരുന്നു.

വലിയപറമ്പ് എന്ന് ഈ സ്ഥലത്തിന് പേരുവന്നത് നീണ്ടുപരന്നു കിടന്ന വലിയ വലിയ പറമ്പുകള്‍ ഉണ്ടായിരുന്നതുകൊണ്ടാവും. വലിയപറമ്പില്‍ നിന്ന് കോട്ടക്കല്‍ ചന്തയിലേക്ക് ശനിയാഴ്ച പുലര്‍ച്ചകളില്‍ കുട്ടികള്‍ നടന്നു. വാഴയിലയും വെറ്റിലയും ചുമന്ന് ആളുകള്‍ നടന്നു. ഒരാഴ്​ചത്തേയ്ക്ക് വേണ്ട പച്ചക്കറികളും ഉണക്കമീനും പലചരക്കുമൊക്കെ അന്നാണ് വാങ്ങാറ്.

ആരും കൂട്ടത്തില്‍ കൂട്ടാത്തതിനാല്‍ ഞാനും അനിയനും ഒറ്റയ്ക്ക് കൈകോര്‍ത്തുപിടിച്ചു നടന്നു. അണ്ണാച്ചി വിളികളെ അവഗണിക്കാന്‍ പഠിച്ചുകഴിഞ്ഞിരുന്നു. വലിയപറമ്പില്‍ നിന്നുള്ള ചെറിയ ഇറക്കം കഴിഞ്ഞാല്‍ അരിച്ചോളാണ്. അരിച്ചോളിനും ആനോളിക്കും ഇടയിലാണ് ഒടിയന്മാര്‍ പാര്‍ത്തത്. ഒടിയന്‍മാരുടെ കഥകള്‍ ധാരാളമായി ഞങ്ങളുടെ ബോധത്തിലേയ്ക്ക് കടന്നുകഴിഞ്ഞിരുന്നു. ആദ്യം തികച്ചും അപരിചിതമായ ഒടിയന്‍ എന്ന വാക്കും, ഒടിവിദ്യയും ഞാന്‍ വാ പൊളിച്ച് കേട്ടിരുന്നു. ഒടിക്കുന്ന ഒടിയന്മാര്‍ ഭയപ്പെടുത്തുന്ന രൂപങ്ങളായി എന്റെ മുന്‍പില്‍ നിരന്നുനിന്നു. നായായും നരിയായും പോത്തായും വേഷം മാറാന്‍ കഴിയുന്ന മനുഷ്യരെക്കുറിച്ച് ഞാന്‍ പെരുംചിലമ്പില്‍ വച്ച് കേട്ടിട്ടേ ഇല്ലായിരുന്നു.