Friday, 26 November 2021

കഥ


Text Formatted
kamarooni
Image Full Width
Image Caption
ചിത്രീകരണം : ദേവപ്രകാശ്
Text Formatted

ഴിയോരത്തെ മരങ്ങളില്‍ മഞ്ഞുരുക്കം നടക്കുന്ന ഒരു ഉച്ചസമയത്താണ് ഞാന്‍ മിനിയാപൊളിസിലെത്തിയത്. സാമിനെ കണ്ടെത്തണം. അതിനുവേണ്ടിയാണ് അതിരാവിലെത്തന്നെ ഇറങ്ങിപ്പുറപ്പെട്ടത്.

“അവനു പകരം പുതിയൊരാളെ ഈസിയായി കണ്ടുപിടിക്കാമല്ലോ. പിന്നെ, എഴുന്നൂറു ഡോളറിന്റെ കാര്യമാണെങ്കില്‍ വിട്ടുകളയെന്നെ, അതും നമുക്ക് ചാരിറ്റിയിനത്തില്‍ എഴുതിത്തളളാം.” നവോമി സൂചിപ്പിച്ചു: “അത്രേം ദൂരം വളഞ്ഞുകൂടി ഒരേയിരിപ്പ് വയ്യ. ഇല്ലെങ്കില്‍ ഞാന്‍ കൂടി...”

“സാരമില്ല്യ.” ഞാന്‍ അവളെ സമാധാനിപ്പിച്ചു. കുറേയായി ഒറ്റയ്ക്ക് ഡ്രൈവ് ചെയ്തിട്ട്. അതും ഇത്രയും ദൂരം. പക്ഷേ, അവനെ വെറുതെ വിട്ടുകൂടാ. എഴുന്നൂറു ഡോളറിന്റെ വിഷയമല്ല, വിശ്വാസവഞ്ചന വച്ചുപൊറുപ്പിക്കാന്‍ പറ്റില്ല. എന്നെ പറ്റിച്ച്, അതിവിദഗ്ധമായി കടന്നുകളഞ്ഞതിന്റെ ആ‍നന്ദത്തില്‍ ജീവിക്കുന്നുണ്ടാകും അവനിപ്പോൾ. ഞാനോ, സകലരെയും കണ്ണടച്ചു വിശ്വസിച്ച്, അബദ്ധങ്ങളില്‍ നിന്നും അബദ്ധങ്ങളിലേയ്ക്ക് ചാടിക്കൊണ്ടിരിക്കുന്നു...

ഇതൊന്നും അത്ര പുതുമയുള്ള കാര്യങ്ങളല്ല. പക്ഷേ, ഈയിടെയായിട്ട് ക്ഷമ തീരെയില്ല. പ്രത്യേകിച്ചും റസിഡന്റ്‌സ്‌ അസോസിയേഷന്റെ കാര്യങ്ങള്‍ ഏറ്റെടുത്തതിനു ശേഷം. ഒരേ സ്ഥലത്ത്, പലപല തുരുത്തുകളിലായി ചിതറിക്കിടന്നിരുന്ന മലയാളി കുടുംബങ്ങളെ കണ്ടെത്തി ഒരു കൂട്ടായ്മ ഉണ്ടാക്കിയെടുക്കാൻ ഓടിനടക്കുമ്പോൾ സത്യമായിട്ടും ചിന്തിച്ചിരുന്നില്ല, മനുഷ്യന്റെ ഉള്ള സമാധാനം കൂടി പോയിക്കിട്ടുമെന്ന്. കേവലം ഒരു റസിഡന്റ്‌സ്‌
അസോസിയേഷന്റെ അധികാര കസേരയ്ക്കുവേണ്ടി എന്തൊക്കെ കളികളാണ് ഓരോരുത്തരും കളിക്കുന്നത്. ദോഷം പറയരുതല്ലോ, ഞാനും നവോമിയും വിട്ടുകൊടുക്കാന്‍ പോയില്ല. ഉശിരോടെ മുന്നോട്ടേക്കുപോയി. ഫലമോ, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ നിരവധി നല്ലകാര്യങ്ങള്‍ക്ക് ചുക്കാന്‍പിടിക്കാന്‍ സാധിച്ചതിന്റെ ചാരിതാർഥ്യം ഒരുവശത്ത്. മറുവശത്ത്, അധികാരത്തിനുവേണ്ടി എന്തുംചെയ്യാൻ മടിയില്ലാത്തവരുടെ ഒളിയാക്രമണങ്ങള്‍.

അസോസിയേഷന്റെ കീഴിലുളള കുട്ടികള്‍ക്കുവേണ്ടി ഒരു ഫുട്ബോള്‍ ട്രെയിനറെ നിയമിച്ചിടത്താണ് എനിക്ക് വീഴ്ചപറ്റിയത്. സാം വെര്‍ഞ്ഞോയി! പന്തിനെ സ്വന്തം ഭൂമിയായി കാണുന്ന, ചുറുചുറുക്