Saturday, 22 January 2022

മാധ്യമങ്ങൾ കാണാത്ത ഇന്ത്യ- 24


Text Formatted

ഹാട്ടുവിന്റെ ശൃംഗത്തിലേക്ക് പുകയൂതി, കേറുന്നവര്‍

Image Full Width
Image Caption
ഹിമാചലിലെ ഹാട്ടു പീക്ക് / ഫോട്ടോകള്‍: കെ. കൃഷ്ണരാജ്
Text Formatted

കാടിന്റെ ഒച്ചമാത്രമായി ലോകം. ഹാട്ടുവിന്റെ മേഘത്തലപ്പുകള്‍ക്കരികെ വരാനുള്ള സാധ്യത വിരളമാണെന്ന് മനസ്സ് പറഞ്ഞു. എളുപ്പത്തില്‍ പോകാനിടയില്ലാത്ത സ്ഥലത്താണ് ഇപ്പോഴുള്ളതെന്ന തോന്നലുകൊണ്ടാകാം മഹാവൃക്ഷങ്ങളുടെ തണല്‍ നിറഞ്ഞ കാട്ടിനുള്ളില്‍ നിലത്തെ പുല്ലില്‍ മലര്‍ന്നു കിടന്നു. നിറയെ വൃക്ഷങ്ങളും പൂക്കളും പലതരം ചെടികളും പക്ഷികളുമുള്ള കാട്. കയറ്റത്തിന്റെ നാലുപാടും മരങ്ങളും മഞ്ഞപ്പൂക്കളും മാത്രം. സ്വച്ഛന്ദമായ ഇടം, കിളികളുടെ ഒച്ചകള്‍, കാടിന്റെ ശാന്തത, ശുദ്ധവായു. ഇളംതണുപ്പുള്ള കാറ്റേറ്റ്, തണുപ്പിലും ഇളംവെയിലിലുമായി നിറഞ്ഞുനില്‍ക്കുന്ന കാടിന്റെ ചെരിവുകള്‍ നോക്കി, ആ കാട്ടിലങ്ങനെ കിടന്നു, വെറുതെ.

ഷിംലയിലൊരു പുലര്‍കാലത്താണ് ചെന്നെത്തുന്നത്, ഡല്‍ഹിയില്‍ നിന്ന്. അതിരാവിലെ എത്തി ബസിറങ്ങി നടന്നു. മലഞ്ചെരിവിലെ റോഡിലൂടെ നിറയെ കെട്ടിടങ്ങളും അകലെ മലനിരകളും അഗാധ താഴ്ച്ചകളും കണ്ട് നടപ്പ്. മുറി ബുക്ക് ചെയ്ത അവിടത്തുകാരന്‍ പയ്യന്റെ കോള്‍ വന്നു. അവര്‍ പറയുന്ന സ്ഥലത്തേക്ക് നല്ല ദൂരം നടക്കാനുണ്ടെന്ന് ഉറപ്പായി. ബാഗും പുറകിലിട്ട് നടന്നു. കുറച്ചുദൂരം കഴിഞ്ഞപ്പോള്‍ ഒരിടത്ത് ചായ ഉണ്ടാക്കുന്നത് കണ്ടു. ബാക്കി കടകള്‍ തുറക്കാറായിട്ടില്ല. സീസണ്‍ സമയത്തിന്റേതായ അത്ര തിരക്കൊന്നുമില്ല. ഷിംല ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാനുള്ള പോക്കാണ്. അവര്‍ തന്നെ മുറിയും അനുവദിച്ചിട്ടുണ്ട്. സീസണ്‍ ആണ്, പക്ഷേ മഞ്ഞുവീഴാന്‍ തുടങ്ങിയിട്ടില്ല. ഷിംല നഗരത്തിലൂടെ ഏതാണ്ടൊരു പ്രദക്ഷിണം തീര്‍ത്ത മട്ടായി നടപ്പ്. ഒരു ഭാഗത്തുനിന്ന് മറ്റൊരു അറ്റത്തേക്കുള്ള പോലെ. വലിയൊരു ഭാഗം കയറി, പിന്നെ താഴോട്ട് നടന്നിറങ്ങി, ഒരു ചെരിവിലെ കോട്ടേജിലേക്ക് അരമണിക്കൂറോളം നടന്നശേഷമാണ് എത്തിയത് എന്ന് പറയാം. മുറി ചെറുതാണ്. പക്ഷേ തരക്കേടില്ല, ക്ലീന്‍. ഭക്ഷണം ഓര്‍ഡര്‍ കൊടുത്താല്‍ ഉണ്ടാക്കിത്തരും. എത്തി അല്പംനേരം വിശ്രമിച്ച് കുളിച്ച് ഫിലിം ഫെസ്റ്റിവല്‍ വേദിയിലേക്ക് പോകാനുള്ള ഒരുക്കമായി.

വലിയൊരു വ്യൂ പോയിന്റാണ് ഹാട്ടു പീക്ക്. ഓക്കും പൈനും മേപ്പിളും നിറഞ്ഞ വന്യവിജനമായ ഭൂപ്രദേശം. അവിടെയെത്തിയപ്പോള്‍ ഇന്നിനി വേറെ കാഴ്ച്ചകളൊന്നുമില്ലല്ലോ എന്നോര്‍ത്തു.

അവര്‍ വണ്ടിയുമായി എത്തി. പക്ഷേ നടന്ന് കയറണം എന്നതാണ് അവസ്ഥ. വണ്ടി, ഷിംലയിലെ മാര്‍ക്കറ്