Monday, 29 November 2021

വായന


Text Formatted

ആപത്കരമായ ഒരു ജീവിതത്തിന്റെ ആത്മകഥ 

ദലിതമായ ചരിത്രജീവിതത്തിന്റെ സത്യചിത്രീകരണം കാണാനും ആന്തരികവീര്യം ആര്‍ജിക്കാനും അതിജീവനത്തിന്റെ പാഠമുള്‍ക്കൊള്ളാനും ‘ദലിതൻ’ വായനക്കാരനെ ക്ഷണിക്കുന്നു- കെ.കെ. കൊച്ചിന്റെ ആത്മകഥയുടെ വായന

Image Full Width
Image Caption
കെ.കെ. കൊച്ച്
Text Formatted

രാള്‍, അയാള്‍/അവള്‍ നടന്ന വഴികള്‍ ഓര്‍ത്തെടുക്കുന്നതാണ് ആത്മകഥ. 
ശരിയാണ്. പക്ഷേ, ചില ആത്മകഥകള്‍ നടന്നുണ്ടാക്കിയ വഴികളുടെ വീണ്ടെടുപ്പാണ് എന്നു പറയേണ്ടി വരും. ചരിത്രത്തിന്റെ സര്‍ഗാത്മകമായ മടങ്ങിവരവാണ് അപ്പോള്‍ സംഭവിക്കുന്നത്. സമീപകാലത്ത് അത്തരം ചില വിപ്ലവകരമായ ചരിത്രസൃഷ്ടികള്‍ ചിലത് മലയാളത്തിലും നടക്കുന്നുണ്ട്. കെ.കെ. കൊച്ചിന്റെ ആത്മകഥയായ ദലിതന്‍ ഈ പരിണാമത്തെ നന്നായി ഉദാഹരിക്കുന്നു. ഇങ്ങനെ ഒരു മനുഷ്യന്‍ ഇവിടെ രാഷ്ട്രീയമായും ചിന്താപരമായും ജീവിക്കുന്നു, അഥവാ അതിജീവിക്കുന്നു എന്ന ഒരു പ്രഖ്യാപനം കേള്‍ക്കാതെ ഈ പുസ്തകത്തിന്റെ വായന പൂര്‍ത്തിയാക്കാന്‍ കഴിയില്ല. രാഷ്ട്രീയസംഘടനകളുടെ വക്താവല്ല കൊച്ച്. സ്വയം ഒരു രാഷ്ട്രീയ പ്രസ്താവമായി നമുക്കിടയില്‍ ജീവിക്കുകയാണ് അദ്ദേഹം. 

പ്രബുദ്ധമായ വായനാസമൂഹത്തിന്റെ ശ്രദ്ധ നേടിയ പുസ്തകമാണ് ദലിതന്‍. എം. കുഞ്ഞാമന്റെ ഓർമക്കുറിപ്പായ എതിരില്‍ പ്രത്യക്ഷമായിരുന്നു എതിര്. ദലിതന്‍ എന്ന തലക്കെട്ടില്‍ സമാനമായൊരു ഒരു എതിര് പരോക്ഷമായി സൂചിതമായിട്ടുണ്ട്. തന്നിലെ ദലിതത്വവും ദലിതരിലെ താനും എങ്ങനെയാണ് അതിജീവിക്കുന്നതെന്ന് ഈ പുസ്തകത്തിലൂടെ വെളിപ്പെടുത്തുകയാണ് കൊച്ച് ചെയ്യുന്നത്. പുസ്തകം ഒരേ സമയം ദലിതരെപ്പറ്റിയും കൊച്ചിനെപ്പറ്റി തന്നെയുമാണെന്ന തിരിച്ചറിവ് വായനാനുഭവത്തെ കേവലമായ തിരിച്ചറിവുകളുടെ തലത്തില്‍നിന്നും ദാര്‍ശനികവും രാഷ്ട്രീയവുമായ അവബോധ രൂപീകരണത്തിലേക്ക് ചാലു വെട്ടിയൊഴുക്കിക്കൊണ്ടു പോകുന്നു. പുസ്തകത്തിന് ഒരു ആമുഖക്കുറിപ്പുണ്ട്. അതെഴുതിയത് ഗ്രന്ഥകാരനെപ്പോലെ തന്നെ ആലോചനാ തീക്ഷ്ണതയും ജീവിതാനുഭവും ബൗദ്ധികപ്രഭാവവുമുള്ള അദ്ദേഹത്തിന്റെ സഹോദരനാണ്; കെ.കെ. ബാബുരാജ്. നീത്ഷേ​യുടെ ‘ആപത്കരമായി ജീവിക്കുക’ എന്ന ആഹ്വാനത്തെ സ്വജീവിതത്തില്‍ കൊണ്ടാടിയ കൊച്ചിനെ ബാബുരാജ് സമര്‍ഥമായി അവതരിപ്പിക്കുന്നുണ്ട്. ആപത്കരമായി കര്‍മം ചെയ്ത ഒരാളുടെ ആത്മാംശത്തെ വാക്കുകളിലേയ്ക്ക് പരാവര്‍ത്തനം ചെയ്തതാണ് ഈ പുസ്തകമെന്ന് സാക്ഷ്യപ്പെടുത്തുന്നു. തുടര്‍പേജുകളിലൂടെ കടന്നുപോകുമ്പോള്‍ ഇത് ശരിയായി മാറുന്നത് നാം കാണുന്നു.