Saturday, 27 November 2021

കവിത


Text Formatted
AMMU-Vallikkatt
അമ്മു വള്ളിക്കാട്ട്

പ്രേമഗീതകങ്ങള്‍ / Love letters


1. തലനുരപ്പുഴുക്കള്‍- Brain Worm

രുവന്‍ നെറ്റിയിലുമ്മ വയ്ക്കുന്നു
കൊളുത്തുപോലെ ശിരസ്സില്‍
തൂങ്ങി കിടന്നു കൊണ്ട്
പാദങ്ങള്‍ വേര്‍പെട്ട്
ഒരു തുമ്പി ചിറകടിച്ചുയര്‍ന്നു
സിന്ദൂര രേഖയില്‍ ചുംബിക്കയാണതപ്പോഴും

കുറുതായൊരു പ്രാണിയായി
ചോരകുടിയ്ക്കുന്നു
പ്രജനന വഴിയിലൊരു
പുഴുവിനെ മസ്തിഷ്‌കത്തിലേക്ക്
തുപ്പിയിടുന്നു

അത് തലച്ചോറില്‍ സ്വച്ഛന്ദം വിരാജിയ്ക്കുന്നു
പുളഞ്ഞുലയുന്നു
തലങ്ങും വിലങ്ങും
ഇടുക്കിലും മുക്കിലും
പട്ടാളക്കാരനെ പോലെ നുഴഞ്ഞു നടക്കുന്നു
ചിന്തകള്‍ കാര്‍ന്നു തിന്നുന്നു

കരയുന്നുമില്ല ഞാന്‍ ചിരിക്കുന്നുമില്ല
കാഴ്ചയൊരു പൊട്ടിലാണ്
ഒച്ചയില്‍ ഒരേ ശബ്ദം
പറയാന്‍ ഒരേ വാക്ക്
നീ!

2. അനിര്‍വചനീയം- undefined 

ല്ല പ്രിയപ്പെട്ടവനെയില്ല
ഒരു കണക്കും നീ തെറ്റിച്ചിട്ടില്ല

അസംഖ്യം സ്വപ്നങ്ങള്‍ പൂജ്യത്തില്‍ നിരത്തിയും
പൂജ്യത്തോട് ഹരിച്ചും കണക്കുകള്‍ തെറ്റിച്ചത് ഞാനാണ്

ഗുണകോഷ്ഠത്തില്‍
ഉമ്മകള്‍ തിരിച്ച് ചോദിച്ചതും ഞാനാണ്.

പൂര്‍ണ്ണമായ് ഒന്ന് കൊണ്ട്
ഹരിച്ചുകണ്ടിട്ടും പോരാഞ്ഞ്
പൂജ്യത്തില്‍ തന്നെ
ഹരിച്ച്
കണ്ടെത്താനാവാത്ത
പ്രേമത്തിന് ഞാന്‍
വാശിപിടിച്ചതെന്തിനാണ്?

ശിഷ്ടം മുഴുവന്‍
സ്ലേറ്റില്‍ നിന്നും
തുടച്ചു നീക്കും മുന്‍പ്
എന്നോട് പറയ്
അപൂര്‍ണ്ണമായിട്ടെങ്കിലും എന്നെ സ്‌നേഹിച്ചിരുന്നുവെന്ന്

3. ചിന്തകളുടെ റദ്ദാക്കപ്പെട്ട തീവണ്ടികള്‍

മ്മകള്‍ അടുക്കി വച്ച ചീട്ടുകൊട്ടാരം
നോക്കി നോക്കി
കൊതിച്ചിരിക്കും
തൊടാതെ തൊട്ട് കുളിര്‍ന്നിരിയ്ക്കും

പിന്നെ
ഒറ്റ ചവിട്ടാണ്
പ്രതീകാത്മകമായി
കത്തിക്കാന്‍ താളുകളില്ല
കണ്ണടച്ചുളളില്‍
സ്വയം കത്തണം

ചിന്തകളുടെ
റദ്ദാക്കപ്പെട്ട തീവണ്ടികള്‍
മുകളില്‍
ഇലക്ട്രിക്ക് കമ്പിയില്‍
ചത്തഭ്രൂണം
തല മുണ്ഡനം ചെയ്ത സ്ത്രീകളതിനെ
ഊഞ്ഞാലാട്ടുന്നു
വേദന പടിയടച്ച്