Saturday, 27 November 2021

ആത്മകഥ


Text Formatted

വെറും മനുഷ്യര്‍- 29

ഉമ്മാക്കുവേണ്ടി മാത്രം ഈ അക്ഷരങ്ങൾ

ഈ മകന്‍ ചുമന്നുകൊണ്ടു വന്ന അരി തിന്ന മക്കളില്‍ പലരും ഇന്ന് സ്വന്തം വീടുകളില്‍, ഓര്‍മവാതിലുകള്‍ അടഞ്ഞുപോയ ഉമ്മാന്റെ തീട്ടം പുരളുന്നത് സഹിക്കാനാവാതെ ഉമ്മാനെ അകറ്റിനിര്‍ത്തുകയാണ്.

Image Full Width
Text Formatted

നാട്ടിലെത്തി കുറഞ്ഞ കാലം കൊണ്ടുതന്നെ വീട്ടിലും വീടിന്റെ അന്തരീക്ഷത്തിലും മാറ്റം വന്നു.
ആറുസെൻറില്‍ ഉപ്പയും ഏട്ടന്മാരും ചേര്‍ന്ന് ഒരു നെടുമ്പുര കെട്ടിയുണ്ടാക്കി.
കവുങ്ങും മുളയും കൊണ്ട് മേല്‍ക്കൂര.
അതിനു മുകളില്‍ ഓല, ഓലയ്ക്കും മുകളില്‍ പുല്ല്. ഓല കൊണ്ടുള്ള ചുമരുകള്‍... വെയിലും മഴയും നിലാവും സുലഭമായി ആ ഓലച്ചുമരുകളിലൂടെ  ഞങ്ങളെ കാണാന്‍ വന്നു.

വീടിന്റ ഒത്ത നടുവില്‍ മേല്‍ക്കൂരയ്ക്കു താങ്ങായി ഉപ്പ ഒരു മുള കുത്തി നിര്‍ത്തിയിരുന്നു. വെള്ളം ചുമന്നും വിറക് തേടിയും അന്നം ഒപ്പിച്ചും തളര്‍ന്ന ഉമ്മ എല്ലാ സങ്കടങ്ങളെയും ആ മുളംതൂണില്‍ തീര്‍ത്തു. ഓരോ തവണയും ഉമ്മ ആ തൂണ് പറിച്ചുകളയുമ്പോള്‍ യാതൊരു മുറുമുറുപ്പും കൂടാതെ ഉപ്പ അത് വീണ്ടും വീണ്ടും കുത്തിനിര്‍ത്തി. ഉപ്പാക്കും ഉമ്മാക്കും ഇടയില്‍ കലഹമായും ദേഷ്യമായും സ്‌നേഹമായും ആ മുളന്തൂണ് നിന്നു. 

ഉപ്പാക്ക് ജോലിയൊന്നും ശരിയായില്ല.
ഏട്ടനാണ് ഇപ്പോള്‍ കുടുംബത്തിന്റെ ചെലവ് നടത്തുന്നത്. സ്വന്തം നാടിനെ കുറിച്ചും ബന്ധുമിത്രാദികളെ കുറിച്ചും ഉപ്പ കണ്ട സ്വപ്നങ്ങളൊക്കെ കാറ്റത്ത് നിലംപൊത്തിയ നെടുമ്പുരയായി ചത്തുകിടന്നു. ഉപ്പാന്റെ ശബ്ദം കൂടുതല്‍ കൂടുതല്‍ താണു. ഉപ്പ തന്നിലേക്കും തന്റെ മതത്തിലേയ്ക്കും മാത്രമായി ചുരുങ്ങി. അക്കാലത്തെ നാട്ടുനടപ്പനുസരിച്ച് ലീഗുകാരനുമായി. 
ഉപ്പ അഞ്ചുനേരം പള്ളിയില്‍ പോയി. വീട്ടില്‍നിന്ന് കിട്ടുന്നത് എന്തായാലും യാതൊരു പരിഭവവുമില്ലാതെ തിന്നു. 

ഉപ്പാന്റെ ശബ്ദം താണതിന്റെ പകരമായി ഏട്ടന്റെ ശബ്ദം ഉയരാന്‍ തുടങ്ങി. പെരുംചിലമ്പില്‍വെച്ച് ഞാന്‍ കണ്ട ഏട്ടനേ ആയിരുന്നില്ല അത്. പ്രണയനഷ്ടം ഏട്ടനെ തികച്ചും മറ്റൊരാളാക്കി മാറ്റി. ആ ഏട്ടന്റെ കൂടെയാണ് മറ്റ് രണ്ട് ഏട്ടന്മാര്‍ പെയിന്റിങ് പണിക്ക് പോയത്. എന്റെ നേരെ മൂത്ത ആള്‍ വാര്‍പ്പ് പണിക്കും പോയി.
എനിക്കുള്ള പണി വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. 

ഏട്ടന്‍ ഒപ്പം പണിയെടുക്കുന്ന അനിയന്മാരെ മനുഷ്യരായി പോലും പരിഗണിച്ചില്ല. തൊട്ടതിനും പിടിച്ചതിനുമൊക്കെ അനിയന്മാരെ ചീത്ത പറഞ്ഞു. സ്വയം രൂപപ്പെടുത്തിയെടുത്ത അധികാരത്തിന്റെ പുറത്ത് അനിയന്മാരെ കണ്ണും മൂക്കു