Friday, 21 January 2022

സിനിമാ കാഴ്​ചകൾ


Text Formatted

ചലച്ചിത്രമേളകളിലെ കാണികളുടെ ആത്മകഥ

കോവിഡ് കാല അടച്ചിടൽ അവസാനിപ്പിച്ച്​ തിയറ്ററുകൾ വീണ്ടും തുറന്ന ഒരു സമയത്ത്​, സിനിമയുടെ ഒരു പൂർവകാല കാഴ്​ച വീണ്ടെടുക്കുന്ന ഓർമക്കുറിപ്പാണിത്. ഓലകൊട്ടകകളിൽനിന്ന് ​തിയേറ്ററുകളിലേയ്ക്കും 16 എം.എമ്മുകളിലൂടെ തെരുവുകളിലേയ്ക്കും പിന്നെയും തിയേറ്ററുകളിലേയ്ക്കും പിന്നെപ്പിന്നെ മൾട്ടിപ്ലക്സുകളിലേയ്ക്കും ഒക്കെ നീണ്ടുപോയ, ഒരു മാപ്പിളച്ചെക്കന്റെ ജീവിതകഥയെ വ്യാഖ്യാനിച്ച സ്ഥല -കാലങ്ങളുടെ ഒരു റിട്രോസ്പെക്റ്റീവ്.

Image Full Width
Image Caption
Photo: Balaji Maheshwar
Text Formatted

ൽഹിയിലെ സിരിഫോർട്ട് തിയേറ്ററിൽ നിറയെ കാണികൾ.
ഒരു സീറ്റും കാലിയില്ല. ഇറാൻ സിനിമകൾ ഇന്ത്യൻ /കേരളീയ കാണികളുടെ ഹരമായി മാറിയിരുന്ന കാലം. ഇവിടുത്തെ ആസ്വാദകരിൽ നാലിൽ രണ്ടുഭാഗവും കേരളീയരാണെന്ന് പറയേണ്ടിവരും.

ഇറാൻ നവതരംഗ സിനിമയ്ക്ക് തുടക്കമിട്ട ബെഹ്റംബയ്സായി, സൊഹ്രാബ് ഷാഹിദ് സാലെ എന്നിവരും തുടർന്നുവന്ന അബ്ബാസ് ഖൈറുസ്തമി, ദാരിഷ്മർ ജുയി, മുഹ്സിൻ മാക്മൽ ബഫ്, ജാഫർ ഫനാഹി, അബുൽ ഫാസിൽ ജലീലി, രക്ഷൻ ബനി ഇത്തിമാദ്, സമീറ മാക്മൽ ബഫ് തുടങ്ങിയ സംവിധായക/യികമാരുടെ ചിത്രങ്ങൾ രാജ്യാന്തര ചലച്ചിത്രമേളകളിൽ കത്തിക്കയറുന്ന കാലം, ഇവിടുത്തെ 80-90 കൾ. ഇബ്സന്റെ ഡോൾസ് ഹൗസിന് അതിശക്തമായ ഒരു അനുവർത്തനം ഞാൻ കണ്ടിട്ടുള്ളത് ഇറാനിൽനിന്ന്​, ദാരിഷ് മർജുയിയുടേതാണ് -സാറ. മൂന്നാംലോക മനുഷ്യ യാഥാർഥ്യങ്ങളെ ഇറാന്റെ ദേശീയ -സാംസ്കാരിക പരിപ്രേക്ഷ്യത്തിൽ സമുജ്ജ്വലമായി പിന്തുടരുന്ന ഈ ചിത്രങ്ങൾ ചലച്ചിത്രമേളകളിൽ ഒഴിവാക്കാൻ പറ്റാത്ത ഒരു ഗണരൂപമായി മാറി. അതേസമയം, കുട്ടികളെ അഭിനയിപ്പിച്ചു സാക്ഷാൽകരിച്ച സിനിമകളുടെ എണ്ണം കൂടിയതിനാൽ, ഇറാൻ സിനിമ ‘ബാല്യദശ'യിലാണെന്ന്​ ചില കാണികൾ പരിഹസിക്കുകയും ചെയ്തു.

മജിദ് മജീദിയുടെ ചിൽഡ്രൻസ് ഓഫ് ഹെവൻ ആണ് സിരിഫോർട്ടിൽ ആ ദിവസത്തെ ഇറാൻ കളി. തിയേറ്ററിനകത്ത് പിൻഡ്രോപ്പ് സൈലൻസ്. സിനിമ കണ്ടുകഴിഞ്ഞപ്പോൾ, തൊട്ടടുത്തിരുന്ന സുഹൃത്ത് കെ.പി.എ. സമദ് പറഞ്ഞത് ഓർമയുണ്ട് - ഒരു ഷോട്ടും ഒഴിവാക്കാനില്ല, 1997-ലോ 98-ലോ ആണെന്ന് തോന്നുന്നു ഇത്.
തിയേറ്റർ കോമ്പൗണ്ടിൽ തന്നെയുള്ള ന്യൂസ്‌ മുറിയിലിരുന്ന് ഗംഭീരമായൊരു റിപ്പോർട്ട്‌ തയ്യാറാക്കി ചുമതലപ്പെടുത്തിയ പത്രത്തിനയച്ചു. പിറ്റേന്ന്, പത്രത്തിൽ മുൻപേജിൽ വെണ്ടക്കയിൽ മാഷിപുരണ്ടു വന്നു, "സ്വർഗത്തിലെ കുട്ടികൾ മികച്ച സിനിമാനുഭവമായി'.