Monday, 29 November 2021

കഥാ പഠനം


Text Formatted

മഹാത്മാഗാന്ധിറോഡിലൂടെ നടന്നെത്തുന്ന ഹിറ്റ്​ലറുടെ കഥകൾ

സാമൂഹ്യപ്രശ്‌നങ്ങള്‍ ഒരു പ്രത്യേക അനുപാതത്തില്‍ കൂട്ടിച്ചേര്‍ത്ത് നിര്‍മ്മിക്കപ്പെടുന്ന എഴുത്തുകള്‍ വലിയ അംഗീകാരം നേടുന്ന കാലത്ത് ഈ സൂത്രവാക്യങ്ങള്‍ ഉപയോഗിക്കാതെ കഥ പറയുക എന്നത് വലിയൊരു സാംസ്കാരിക പ്രവര്‍ത്തനം തന്നെയാണ്- കെ. അരവിന്ദാക്ഷന്റെ കഥകളുടെ സമഗ്ര പഠനം

Image Full Width
Image Caption
കെ. അരവിന്ദാക്ഷൻ / Photo: Wikimedia Commons
Text Formatted

1992-ല്‍ പാഠഭേദത്തില്‍ പ്രസിദ്ധീകരിച്ചു വന്ന അലക്കുയന്ത്രം എന്ന കഥ മുതല്‍ കെ. അരവിന്ദാക്ഷൻ എന്റെ വായനയുടെ മാത്രമല്ല, മലയാളികളുടെ വായനയുടെ തന്നെ പ്രധാന സ്ഥാനത്തുണ്ട്. 1971-ല്‍, 17-ാംവയസ്സില്‍ മലയാളനാട് നടത്തിയ ചെറുകഥാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിക്കൊണ്ടാണ് അരവിന്ദാക്ഷന്‍ കഥയെഴുത്തിന്റെ ലോകത്തേയ്ക്ക് വരുന്നത്. ആധുനികതയുടെയും അസ്തിത്വവാദത്തിന്റെയുമൊക്കെ ചിട്ടവട്ടങ്ങളില്‍ തളഞ്ഞു പോകാവുന്ന ആ കഥകൾ, മോശമില്ലാഞ്ഞിട്ടും മിക്കവയും പിന്നീട് അരവിന്ദാക്ഷന്റെ സമാഹാരങ്ങളിലൊന്നും തന്നെ ഉള്‍പ്പെടുത്തിക്കാണുന്നില്ല. ആധുനികതയുടെ തന്നെ മറ്റൊരു വായന സാധ്യമാകുന്ന വിധത്തിലുള്ള ചുരുക്കം ചില കഥകള്‍ മാത്രമാണ് അരവിന്ദാക്ഷന്റെ സമാഹാരങ്ങളില്‍ കാണാനാവുന്നത്.

എന്നാല്‍ അലക്കുയന്ത്രത്തിന്റെ പ്രസിദ്ധീകരണത്തോടെയാണ് അദ്ദേഹത്തിന്റെ കഥകള്‍ ഗൗരവമായ ഒരു ഉത്തരവാദിത്തത്തിലേക്ക് വളര്‍ന്നു വികസിച്ചതായി കാണാന്‍ കഴിയുന്നത്. പൊതുവേ നല്ല കഥകളുടെ പിന്നിലും വ്യക്തിപരവും സാമൂഹ്യവുമായ അനുഭവങ്ങളോ, പ്രകടമായ വാര്‍ത്താ പ്രാധാന്യമുളള സംഭവങ്ങളോ ഒക്കെ ഉണ്ടാവാം - ഇത്തരം അനുഭവങ്ങളെയും സംഭവ വികാസങ്ങളെയുമെല്ലാം, നേരിട്ട് പറയാതെ മറ്റൊരു വിധത്തില്‍ ഭാവനയുടെ സൂക്ഷ്മമായ ലോകത്തിലൂടെ കടത്തിവിട്ട്​ ആവിഷ്‌കരിക്കുമ്പോഴാണ് അവയെ മികച്ച കഥ എന്നു വിശേഷിപ്പിക്കാന്‍ കഴിയുക. "ഫിക്ഷന്‍' എന്ന ഇംഗ്ലീഷ് വാക്ക് ഈ അന്യലോകത്തെ കൃത്യമായി അവതരിപ്പിക്കുന്നുണ്ട്. അനുഭവങ്ങളെ, ചിന്തകളെ ആന്തരികവല്‍ക്കരിക്കുകയും ഭാവനാത്മകമായി പുനരവതരിപ്പിക്കുകയും ചെയ്യുക എന്നതാണല്ലോ കഥകളുള്‍പ്പെടെ പൊതുവേ നമ്മള്‍ ഫിക്ഷന്‍ എന്ന വിളിക്കുന്ന സാഹിത്യത്തിന്റെ ധര്‍മ്മം. അത്തരത്തില്‍ സൂക്ഷ്മത നഷ്ടപ്പെട്ട, സാമൂഹ്യപ്രശ്‌നങ്ങള്‍ ഒരു പ്രത്യേക അനുപാതത്തില്‍ കൂട്ടിച്ചേര്‍ത്ത് നിര്‍മ്മിക്കപ്പെടുന്ന എഴുത്തുകള്‍ വലിയ അംഗീകാരം നേടുന്ന കാലത്ത് ഈ സൂത്രവാക്യങ്ങള്‍ ഉപയോഗിക്കാതെ കഥ പറയുക എന്നത് വലിയൊരു സാ