Wednesday, 29 March 2023

കഥ


Text Formatted
വല്യപ്പോമ Valyappoma Malayalam Story title TP venugopalan
Image Full Width
Image Caption
ചിത്രീകരണം: ദേവപ്രകാശ്
Text Formatted

‘സ്വാതന്ത്ര്യത്തിന്റെ ഉന്മാദം' ചര്‍ച്ച ചെയ്യുന്ന റൂമില്‍ നേരമ്പോക്കിന് കയറി നോക്കിയപ്പോള്‍ വാടാപോടാ വിളികള്‍ കൊണ്ടുള്ള യുദ്ധം. ഒളിഞ്ഞുനോട്ടക്കാരനെപ്പോലെ അല്‍പനേരം അവിടെ തങ്ങി. വിരട്ടലും വിറപ്പിക്കലും മൂത്തുമൂത്ത് അസ്ഥിക്കു പിടിക്കുമെന്നും അന്നേരം നിഘണ്ടുവിലില്ലാത്ത പൊളിസാധനങ്ങള്‍ തെറിച്ചുവീഴുമെന്നും കരുതി കാത്തിരുന്നു. പക്ഷേ നാശംപിടിച്ച മോഡറേറ്റര്‍ ഇടപെട്ട് എല്ലാം തണുപ്പിച്ചു കളഞ്ഞു. തണുക്കാന്‍ കൂട്ടാക്കാത്തവരുടെ മൈക്ക് പിടിച്ചെടുക്കുകയോ സ്പീക്കര്‍ പാനലില്‍നിന്ന് ഓഡിയന്‍സ് റോയിലേക്ക് തള്ളിയിടുകയോ ചെയ്തു. ഒച്ച നഷ്ടപ്പെട്ടവര്‍ കെറുവിച്ച് ഒഴിഞ്ഞു പോയതോടെ റൂം മരിച്ച വീടായി. ആര് ആരോട് എന്തു പറയണമെന്നറിയാത്ത അനിശ്ചിതാവസ്ഥ. അല്പനേരം കഴിഞ്ഞപ്പോള്‍, അടിയേറ്റ് ചത്ത പാമ്പിന്റെ വാല്‍ പതുക്കെ അനങ്ങുന്നതു കണക്കെ മോഡറേറ്റര്‍ മൗനം വെടിഞ്ഞു.

"...അതുകൊണ്ട് ആര്‍ക്കും ദാനം ചെയ്യാനോ, പിടിച്ചു വാങ്ങാനോ പറ്റാത്ത ഒന്നാണ് സ്വാതന്ത്ര്യം. ഓരോരുത്തരും അവരവരുടെ ആന്തരികസത്ത തിരിച്ചറിയുന്ന നിമിഷം, സ്വാതന്ത്ര്യത്തിന്റെ വിശുദ്ധവാതായനങ്ങള്‍ തുറക്കപ്പെടുകയായി...'
സുവിശേഷങ്ങളല്ലാതെ ഇനി ഈ റൂമില്‍ നിന്ന് ഒന്നും കിട്ടാനില്ലെന്ന് തീര്‍ച്ചപ്പെടുത്തി, ഞാന്‍ നിശ്ശബ്ദം പുറത്തിറങ്ങി. നേരെ ചെന്നത്
"കേറിവാടാ മക്കളേ, 10K തരാം' എന്ന അടുത്ത റൂമില്‍. അവിടെയാണെങ്കില്‍ ഭിക്ഷാംദേഹികളുടെ നീണ്ട ക്യൂ. എങ്കിലും ചുറ്റിപ്പറ്റിനിന്നു. ആദ്യമൊന്നും ആരും മൈന്‍ഡ് ചെയ്തില്ല. ചാഞ്ഞും ചരിഞ്ഞും, മിനുങ്ങിയും തിളങ്ങിയും, ഇളിച്ചും ചിരിച്ചും ഉള്ള പലജാതി മുഖങ്ങള്‍ക്കിടയില്‍, നിഴല്‍ വീണുമങ്ങിയ മുഖം മോഡറേറ്ററുടെ കണ്ണിനു പിടിക്കണമെന്നില