Wednesday, 29 March 2023

കവിത


Text Formatted

രണ്ടു കവിതകൾ

​​​​​​​​​​​​​​​​​​​​

rose
റോസ് ജോര്‍ജ്‌

പൗഡര്‍ പഫ് ​​​​​​​

ചുവപ്പിന്റെ നേര്‍ത്ത സൂചിമുനകള്‍ 
കടും പച്ച താലത്തില്‍ 
കടുംകെട്ടിട്ട് കുത്തിക്കെട്ടി 
തുന്നിയിരിക്കുകയാണ്. 
പേര് ചോദിച്ചപ്പോള്‍ 
പൗഡര്‍ പഫ് എന്ന് പറഞ്ഞു ചിരിച്ചു.

കണ്ണുകള്‍ എപ്പോഴും ഓര്‍ത്തു വയ്ക്കുന്ന 
ഭൂമിയിലെ   ആ വിളംബരം ഓര്‍മ്മ വന്നു.
ജനനം 
തൊട്ടില്‍, പാല്‍മണം 
പിന്നെ, അടപ്പുള്ള ഡപ്പയിലെ പൗഡര്‍ പഫും, ചെറു പിടച്ചിലുകളും.

കണ്ണ് രജിസ്റ്റര്‍ ചെയ്തു വയ്ക്കുന്ന 
മറ്റൊരു കാഴ്ചയും ഇല്ലേ?
മരണം!
നിശ്ചലതയില്‍ 
മേനി പുല്‍കും പൂക്കളുടെ തലോടല്‍.
അവസാനം വരെ ദേഹിയെ പുണര്‍ന്നിരിക്കാന്‍  പുതപ്പാവുന്നവര്‍.

പൗഡര്‍ പഫ് 

ആ വിളിയില്‍ 
ലെയ്‌സ് വച്ച താലത്തിലിരുന്നു 
പൂവ് നടുങ്ങി, കാറ്റ് 
വന്ന് പൂവിനെ തൊട്ടിലാട്ടി.

ഒരു പേരിലെന്തിരിക്കുന്നു? 

ഏറെ ഉണ്ടെന്ന് ഉത്തരം.
പതിച്ചു കിട്ടിയ പേരുമായി 
പൂവ് ചെടിവിട്ടിറങ്ങുകയായി.
പൂവ് വീടിനെ ചാരുകയായി 
വീട് പൂവിനെ ചേര്‍ത്ത് പിടിക്കുന്നു 
വീടിന്റെ സ്വരം, വീടിന്റെ നിറം 
പിറവികള്‍, കടന്നു പോവലുകള്‍ 
ആഹ്ലാദങ്ങള്‍ ഒക്കെയും.

മഴ വരുന്നുണ്ടെന്ന് പൂ പറയുന്നു 
കിളി വന്നുവെന്നും കൂടുകൂട്ടിയെന്നും 
ഒരു കുടുംബം പറന്നു പോയെന്നും 
പറഞ്ഞവര്‍ വാചാലരാവുന്നു.

മുറ്റത്തെ വറ്റലിൻ ഉപ്പ്‌ 
നോക്കാൻ കാക്ക വന്നുവെന്നും 
ചരലിൽ ഒരു കുഴി കുഴിച്ചു 
ലജ്ജയോടെ പൂച്ച നടന്നു പോയെന്നും 
പറഞ്ഞവർ കൈ ചൂണ്ടുന്നു

സന്തോഷത്തിന്റെ രഹസ്യങ്ങള്‍ 
തുന്നിപ്പിടിപ്പിച്ച ചേല നിവര്‍ത്തിയിട്ട് 
പൗഡര്‍ പഫ് ഉന്മാദിനിയാകുന്നു.

പിന്നെ ഒരു നെടുവീര്‍പ്പില്‍ 
വീട് വിട്ട് പറന്നു പോയവരുടെ 
ആത്മാക്കളെ തലോടിക്കൊണ്ട് 
പൗഡര്‍ പഫ് ദുഖത്തിന്റെ 
രഹസ്യങ്ങള്‍ ഉരുവിടുന്നു.
അതിനുശേഷം കുടഞ്ഞു ചിരിച്ചുകൊണ്ട് 
വീടിനെ  ആഞ്ഞു പുണരുന്നു.

രാത്രി വണ്ടി