Monday, 18 October 2021

Journalism


Text Formatted

എ ജേണലിസ്റ്റ് ഇന്‍എഡിറ്റഡ്  - ഭാഗം രണ്ട്​

ലിബറലൈസേഷന്‍, ബാബരി മസ്ജിദ് പൊളിക്കല്‍: നരസിംഹറാവു രാജ്യത്തോട് ചെയ്തത്...

സാമ്പത്തിക നയം റാഡിക്കലായി മാറ്റിക്കളഞ്ഞത് നരസിംഹറാവു തന്നെയാണ്. അതില്‍ പാര്‍ട്ടിക്കോ ഹൈക്കമാന്‍ഡിനോ കാബിനറ്റിനോ പങ്കില്ല. പാര്‍ലമെന്റ് വെറും നോക്കുകുത്തി. 1992 ഡിസംബര്‍ ആറിന് രാജ്യത്തിന്റെ രണ്ടാം വിഭജനത്തിന് വെറുമൊരു കാണിയായി ചുമ്മാ ഇരുന്നുകൊടുക്കുകയായിരുന്നു പ്രധാനമന്ത്രിയായിരുന്ന റാവു- ഇന്ത്യയുടെ രണ്ടു കാലഘട്ടങ്ങളിലെ കാണാക്കഥകള്‍

Image Full Width
Image Caption
മുന്‍ പ്രധാനമന്ത്രി നരസിംഹ റാവു, 1992-ല്‍ ദല്‍ഹിയിലെ ദേശീയ ശാസ്ത്രകേന്ദ്രത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍. / Photo: Wikimedia Commons.
Text Formatted

എ ജേണലിസ്റ്റ് ഇന്‍എഡിറ്റഡ് ഭാഗം രണ്ട്​

കെ. കണ്ണന്‍: വി.പി. സിങ്ങിനുശേഷം, ദേശീയ രാഷ്ട്രീയത്തിലും ഭരണകൂടാധികാരത്തിന്റെ കോമ്പോസിഷനുകളിലും വലിയ മാറ്റമുണ്ടാകുന്നത് 1991ലാണ്. നെഹ്‌റുവിനുശേഷം കോണ്‍ഗ്രസ് നേതൃത്വത്തിലും പാർട്ടിയുടെ കേന്ദ്ര ഭരണകൂട നേതൃത്വത്തിലുമുണ്ടായ നിര്‍ണായക മാറ്റങ്ങളായിരുന്നു ഇതിന്റെ അടിസ്ഥാനം. നെഹ്‌റു കുടുംബത്തിന്റെ പാരമ്പര്യമില്ലാത്ത ഒരാൾ, പി.വി. നരസിംഹറാവു പ്രധാനമന്ത്രിയാകുന്നു, അധികാര രാഷ്ട്രീയവുമായി ബന്ധപ്പെട്ട കോണ്‍ഗ്രസിന്റെ അതുവരെയുള്ള വിനിമയങ്ങളില്‍ ഒരു വിച്‌ഛേദനം സംഭവിക്കുന്നു. ആഗോളീകരണത്തിന്റെയും ലിബറലൈസേഷന്റെയും വാതിലുകള്‍ തുറക്കുന്നു. സംഭവബഹുലമായ ആ കാലത്തിന്റെ അടരുകള്‍ക്കുള്ളില്‍ ഇനിയും പുറത്തുവരാത്ത എന്തെങ്കിലുമുണ്ടോ?
വിജു വി. നായര്‍: സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇന്നോളമുള്ള ഏറ്റവും വലിയ പാരഡൈം ഷിഫ്റ്റ് സംഭവിക്കുന്നത് അക്കാലത്താണ്. അതിന്റെ ക്രഡിറ്റ് ഇന്ന് എല്ലാവരും കൊടുക്കുന്നത് മന്‍മോഹന്‍ സിംഗിനാണ്. കുറച്ചുപേരെങ്കിലും റാവുവാണ് കീ എന്നു കരുതുന്നു. രണ്ടാളും ഇപ്പറയുന്ന ചരിത്രത്തില്‍ കയറുന്നത് ബൈ ഡിഫോള്‍ട്ടാണ്. അതാണ് ഫലിതം.