Wednesday, 29 March 2023

ആത്മകഥ


Text Formatted

വെറും മനുഷ്യർ- 31

ലിംഗ സമത്വത്തെപ്പറ്റി എന്നോട് പറയും മുമ്പ് നിങ്ങള്‍ക്ക്
​​​​​​​സാമ്പത്തിക സമത്വത്തെപ്പറ്റി പറയേണ്ടി വരും

സാമ്പത്തിക നീതിയും  സമത്വവും നടപ്പിലാവാത്ത ജീവിത പരിസരങ്ങളില്‍ ലിംഗസമത്വത്തെ കുറിച്ച് നിങ്ങള്‍ക്ക് എന്നോട് ഒന്നും പറയാന്‍ കഴിയില്ല. ഒരുപക്ഷേ ഇത് എന്റെ മാത്രം കുഴപ്പമായിരിക്കാം, പക്ഷേ ആ കുഴപ്പം എനിക്ക് പ്രിയപ്പെട്ടതാണ്.​​​​​​​ 

Image Full Width
Image Caption
ചിത്രീകരണം: ദേവപ്രകാശ്
Text Formatted

ന്തെങ്കിലും പ്രതിഫലത്തിനായി ചെയ്യുന്നതാണ് ജോലി എങ്കില്‍ എന്റെ ആദ്യത്തെ ജോലി കുറുക്കന്‍ കുണ്ടിലായിരുന്നു. അക്കാലത്ത് ഒരു പതിനാലുകാരന് കിട്ടുന്ന ജോലിയില്‍ വച്ച് ഏറ്റവും മുന്തിയ ജോലി തന്നെയായിരുന്നു അത്. 
ഉമ്മാന്റെ അകന്ന ബന്ധുവിന്റെ ഒരു ബന്ധു വീടുണ്ടായിരുന്നു കുറുക്കന്‍ കുണ്ടില്‍. ആ വീട്ടിലെ സ്ത്രീ ഉമ്മാന്റെ പഴയ അയല്‍വാസിയുടെ മകളുമാണ്. അവരുടെ ഭര്‍ത്താവ് ഗള്‍ഫിലായതിനാല്‍ അവര്‍ക്കും കുട്ടികള്‍ക്കും പേടിക്ക് ഒരാള് എന്ന പേരിലാണ് ഉമ്മ എന്നെ ആ വീട്ടില്‍ കൊണ്ടുപോയി നിര്‍ത്തിയത്.

അവര്‍ വാഗ്ദാനം ചെയ്ത നാലുനേര ഭക്ഷണവും മാസം നൂറ്റമ്പത് രൂപയും ഉമ്മാക്ക് വലിയ ആശ്വാസമാണ് നല്‍കിയത്. ഒരു സന്തതിക്കെങ്കിലും നല്ല ഭക്ഷണം കൃത്യസമയത്ത് കിട്ടും. പിന്നെ മാസം നൂറ്റമ്പത് രൂപയും.. ‘അത് ഇജ് അന്റെ ഇഷ്ടം പോലെ എന്താച്ചാ തന്നാണ്ടി.. അയിലൊന്നും അല്ലല്ലോ കാര്യം അന്ക്കും അന്റെ കുട്ട്യാള്‍ക്കും പേടിക്കൊരു ആളാവോലോ..’ എന്നാണ് ഉമ്മ അവരോട് പറഞ്ഞതെങ്കിലും ആ നൂറ്റമ്പത് രൂപക്ക് എനിക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്തത്ര മൂല്യം ഉമ്മ കല്‍പ്പിച്ചിരുന്നു.

വീട് നിന്ന ഇടത്തുനിന്ന് നടന്നെത്താവുന്ന ദൂരത്തായിരുന്നു കുറുക്കന്‍ കുണ്ട്. കവലയും പള്ളിപ്പറമ്പും മുറിച്ചുകടന്നാല്‍ പിന്നെ അലാക്കിന്റെ കുണ്ടാണ്. മഴക്കാലത്ത് വെള്ളം കുത്തിയൊലിക്കുന്ന ഇടവഴിയാണ് കുറുക്കന്‍ കുണ്ടിലേയ്ക്കുള്ള ഏക യാത്രാമാര്‍ഗ്ഗം. നിറയെ തെങ്ങും കവുങ്ങും തീര്‍ത്ത പച്ചപ്പിന്റെ ഇരുട്ട്. മനുഷ്യശബ്ദങ്ങള്‍ ഒന്നുമില്ലാത്ത അന്തരീക്ഷം. ആ അന്തരീക്ഷത്തിലൂടെ കയ്യിലൊരു പ്ലാസ്റ്റിക് കവറുമായി ഞാന്‍ ഉമ്മാന്റെ പിന്നാലെ നടന്നു. രാത്രികളില്‍ അവിടെ അന്തിയുറങ്ങണമെന്ന അറിവ് അപ്പോള്‍ എനിക്കില്ലായിരുന്നു. 

ചെറിയൊരു കുന്നിന്‍ പുറത്താണ് ആ മാളിക വീട് നിന്നത്. വീടിന്റെ പരിസരമാകെ ബീരാന്‍ കാക്കയുടെതാണ്. ബീരാന്‍ ക