Saturday, 27 November 2021

വസ്​ത്രവും ലിംഗവും


Text Formatted

ഞങ്ങളൊന്നൂരിവെക്കട്ടെ,
​​​​​​​ശരീരത്തില്‍ കുത്തിവെച്ച ഈ പിന്നുകള്‍

പാവാടക്കുകീഴെ ത്രീ ഫോര്‍ത്ത് പാന്റ്‌സും വലിച്ചുകയറ്റിയാണ് സ്‌കൂളില്‍ പോവുക. ഓടുമ്പോഴും ചാടുമ്പോഴും ഡാന്‍സ് കളിക്കുമ്പോഴും വീണുപോവുമ്പോള്‍ പോലും പാവാട തെന്നുന്നതിന്റെ അപമാനഭാരം അത്രക്കുണ്ടായിരുന്നല്ലോ!- എറണാകുളത്തെ  വളയൻചിറങ്ങര എൽ.പി സ്‌കൂളില്‍ പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ത്രീ ഫോര്‍ത്ത് പാന്റ്‌സും ഇന്‍ ചെയ്ത ഷര്‍ട്ടും യൂണിഫോമാക്കിയ തീരുമാനത്തിന്റെ പാശ്ചാത്തലത്തില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ വേഷങ്ങളുടെ അനിവാര്യതയെക്കുറിച്ച് ഒരു വിചാരം

Image Full Width
Image Caption
പുണ്യ സി.ആര്‍.
Text Formatted

​​​​​​​മ്മുടെ നാട്ടിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ എല്ലാ കുട്ടികളും ഒരേപോലെ ഒരേ യൂണിഫോം ധരിച്ച് ലിംഗഭേദമില്ലാതെ ഇടകലര്‍ന്ന് നില്‍ക്കുന്ന ചിത്രം ആരുടെയോ വാട്‌സ് ആപ്പ് സ്റ്റാറ്റസിലൂടെയാണ് ആദ്യം കണ്ടത്. പെണ്‍കുട്ടികളുടേയും ആണ്‍കുട്ടികളുടേയുമടക്കം എല്ലാ വിദ്യാര്‍ത്ഥികളുടേയും വേഷം ത്രീ ഫോര്‍ത്ത് പാന്റ്‌സും ഇന്‍ ചെയ്ത ഷര്‍ട്ടും. ആഹാ! കാണാന്‍ തന്നെ എന്തുചേല്! പെരുത്ത് സന്തോഷം തോന്നി.

ഞാന്‍ ചിത്രം സഹിതം തൊട്ടടുത്തിരിക്കുന്ന  അമ്മക്ക് കാണിച്ചുകൊടുത്തു. ‘അയ്യേ...! ഇതെങ്ങനെ ശരിയാകും?!' എന്ന മറുപടിയോ മറ്റോ പ്രതീക്ഷിച്ചിരുന്ന എനിക്ക് തെറ്റി. ചിത്രം സൂം ചെയ്ത് സൂക്ഷിച്ച് നോക്കിയശേഷം അമ്മ ചിരിച്ചു.  ‘ഇത് നല്ല കാര്യാണല്ലോ.. കാണാന്‍ തന്നെ ഒരു പ്രത്യേക ചന്തണ്ട്. എല്ലോട്ത്തും ങ്ങനേ വേണ്ടത്!'

ഒന്നാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരേക്കും ഷര്‍ട്ടും പാവാടയും തന്നെ ധരിച്ചു. ഓരോ ക്ലാസും ജയിച്ച് പോരുമ്പോള്‍ പാവാടയുടെ ഇറക്കം കൂടിക്കൂടി വന്നു. യു.പി അവസാനകാലയളവിലൊക്കെ പാവാടക്കുകീഴെ ത്രീ ഫോര്‍ത്ത് പാൻറ്​സും വലിച്ചുകയറ്റിയാണ് സ്‌കൂളില്‍ പോവുക

ഒട്ടുമിക്ക കാര്യങ്ങളിലും സമൂഹനിര്‍മിതിയായ  പൊതുബോധനിയമങ്ങളെ പിന്തുടരുകയും അതില്‍ നിന്നുണ്ടാകുന്ന ചിന്തകളും ചിട്ടകളും തന്നെ കുഞ്ഞിലേ മുതല്‍ക്കേ ഞങ്ങള്‍ പെണ്‍മക്കളെ ശീലിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുപോരുന്ന ഭൂരിഭാഗം വരുന്ന  സ്ത്രീകളുടെ കൂട്ടത്തിലെ ഒരാളാണ് അമ്മ എന്ന് എന്റെ അനുഭവങ്ങളെന്നെ പഠിപ്പിച്ചുവച്ചിരുന്നു. അമ്മയുടെ നിര്‍വചനത്തിലെ ‘ചെര്‍ക്കന്മാരെ പോലെ നിക്കറും ഷര്‍ട്ടുമിട്ട് നില്‍ക്കണ പെമ്പിള്ളേരെ' തന്നെയാണോ അമ്മ അനുകൂലിക്കുന്നത് എന്ന് ഞാനതിശയം പൂണ്ടപ്പോള്‍ അമ്മ ഇതൂടെ കൂട്ടി