Monday, 29 November 2021

മലപ്പുറം പെണ്ണിന്റെ ആത്മകഥ- 3


Text Formatted

ക്ലാസ്​ മുറിയിൽനിന്ന്​ കമ്യൂണിസ്​റ്റ്​ പ്രസ്​ഥാനത്തിലേക്ക്​

ആധുനിക വിദ്യാഭ്യാസം തന്നെയാണ് ഞങ്ങള്‍ക്ക് എല്ലാതരത്തിലും തുണയായിട്ടുള്ളത്. ഇന്നിങ്ങനെ ഒരു പ്ലാറ്റ്‌ഫോമില്‍ എന്റെ എഴുത്തിനെ/ഓര്‍മകളെ എത്തിച്ചതില്‍ പോലും അതിന് വലിയ പങ്കുണ്ട്.

Image Full Width
Image Caption
ചിത്രീകരണം : ജാസില ലുലു
Text Formatted

ന്നാം ക്ലാസിലെ ഒതുക്കങ്ങള്‍ ശീലിക്കാത്ത ഒരു ചെറിയ ക്ലാസ് റൂം.
അവിടെ നിന്ന് ഒരു കുട്ടി ഉറക്കെ വിളിച്ചുപറയുന്നു; ടീച്ചറെ എനിക്ക്  ‘പള്ളേല് വര്‍ത്തം'. വയര്‍ അമര്‍ത്തിപ്പിടിച്ചുനില്‍ക്കുന്ന കുട്ടിയെ നോക്കി പക്ഷെ എല്ലാവരും ചിരിച്ചു. വേദനയില്‍ കാര്യം മനസ്സിലാവാതെ അവള്‍ ടീച്ചറുടെ സാന്നിധ്യത്തിന് കൊതിച്ചു. ടീച്ചര്‍ ഓടി വന്ന്​ പ്രതിവിധികളെല്ലാം ചെയ്തു.

കുറച്ചുസമയത്തിനുശേഷം എല്ലാം ശാന്തം.
അതിനുശേഷം ടീച്ചര്‍ ആ കുട്ടിയെ അടുത്തുവിളിച്ച് ഒരു ഉപദേശം കൊടുത്തു. വയറുവേദന വരാതിരിക്കാനുള്ള മുന്‍കരുതലൊന്നുമല്ല, ഇനി ഈ വാക്ക് ക്ലാസില്‍ ഉപയോഗിക്കരുത്. പ്രശ്‌നം മനസ്സിലായില്ലെങ്കിലും എന്തുകൊണ്ടാണ് കൂട്ടുകാര്‍ ചിരിച്ചതെന്ന് അവള്‍ക്ക് മനസിലായി, ഇനി വയറുവേദന എന്നേ പറയാന്‍ പാടുള്ളൂ എന്ന്. വീട്ടില്‍ ആരും വയറുവേദന എന്ന് പറഞ്ഞുകേട്ടിട്ടില്ല. പക്ഷെ വീട്ടിലുപയോഗിക്കുന്ന ഭാഷ സ്കൂളില്‍ പറയാന്‍ പാടില്ലാത്തതാണെന്ന് അവള്‍ പതുക്കെ തിരിച്ചറിഞ്ഞു. പിന്നീടെത്രയോ കാലം കഴിഞ്ഞ് മലയാളം മുഖ്യവിഷയമായെടുത്ത് പഠിച്ചപ്പോഴാണ് വരുത്ത് എന്നത് എത്ര മനോഹരമായ മലയാളം വാക്കാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. ‘‘വരുത്തപ്പെട്ടേ ഞാനൊരു വണ്ടായ് ചമഞ്ഞേനെടീ...'' എന്ന് സിനിമാ പാട്ടിലും ഈ വാക്ക് സ്വീകാര്യമായി.

എന്താണ് നായര് എന്ന് മനസ്സിലാക്കാന്‍ പോലും പറ്റാത്ത കാലത്തെ ഞാന്‍ കേട്ടുകൊണ്ടിരുന്ന അഭിനന്ദന വാക്കായിരുന്നു ‘കണ്ടാ നായരുകുട്ടിയാണെന്നേ തോന്നൂ' എന്നത്​. മുസ്​ലിമായത്​വലിയ അബന്ധമാണെന്ന് ആ ഓരോ അഭിനന്ദനവും എന്നെ ഓര്‍മിപ്പിച്ചു.

ഔപചാരിക വിദ്യാഭ്യാസം എനിക്കുതന്ന പാഠം എന്റെ ഭാഷ, വേഷം, സംസ്കാരം എല്ലാം ചീത്തയാണെന്നും അതെല്ലാം മാറ്റപ്പെടേണ്ടതാണ് എന്നുമായിരുന്നു. കുട്ടികളെ ചിരിപ്പിച്ച മറ്റൊരു വാക്കു കൂടി അന്ന് ഞാന്‍ ക്ലാസില്‍ ഉറക്കെ പറഞ്ഞിരുന്നു. അത് ‘പാത്താന്‍ പോട്ടെ?' എന്ന ചോദ്യമായിരുന്നു. ‘പാത്തുക' എന്നത് വീട്ടില്‍ മൂത്രമൊഴിക്കുന്നതിന് പകരമായി ഉപയോഗിച്ചുവന്നതാണ്. ഇപ്പോഴും അതിന്റെ പദോല്‍പ്പത്തി എനിക്ക് മനസ്സിലായിട്ടില്ല.