Saturday, 27 November 2021

ആത്മകഥ


Text Formatted

വെറും മനുഷ്യർ- 32

മാനുട്ടന്‍ എന്ന ജാരന്‍

Image Full Width
Text Formatted

കുറുക്കന്‍ കുണ്ടിലെ ആദ്യരാത്രിയിലാണ് ജീവിതത്തില്‍ ആദ്യമായി ഭയത്തിന്റെ കരിമ്പടം എന്നെ വന്നുപൊതിഞ്ഞത്. ഭയം ഒരു വ്യക്തിയെ, പ്രത്യേകിച്ച് ഒരു കുട്ടിയെ എങ്ങനെയൊക്കെയാണ് ശ്വാസംമുട്ടിക്കുന്നതെന്ന് ഞാന്‍ അനുഭവിച്ചറിയുകയായിരുന്നു. 

പൊതുവേ ഇരുണ്ട ആ അന്തരീക്ഷം രാത്രിയായപ്പോള്‍ കൂടുതല്‍ ഇരുണ്ടു. വരാന്തയിലെ റാന്തല്‍ വെളിച്ചത്തിനപ്പുറം കറുകറുത്ത ഇരുട്ട്. വൃക്ഷശിഖരങ്ങളില്‍ കാറ്റ് പിടിക്കുമ്പോഴുള്ള പേടിപ്പെടുത്തുന്ന ഒച്ച. ആ ഇരുട്ടിന്റെ  വിദൂരതയില്‍ കണ്ട വീട്ടുവെട്ടങ്ങള്‍. അപരിചിതമായ ജീവികളുടെ കരച്ചില്‍. ഇടവിട്ടിടവിട്ട് ഓലിയിടുന്ന കുറുക്കന്മാര്‍.

രാത്രി ഭക്ഷണം കഴിക്കും മുമ്പ് എനിക്ക് എച്ചില്‍പാത്രങ്ങള്‍ കഴുകണമായിരുന്നു. വടക്കിനി മുറ്റം അടിച്ചു വാരണമായിരുന്നു. അടുക്കളയുടെ നിലം തുടച്ചു വൃത്തിയാക്കണമായിരുന്നു. അതിനുമുമ്പ് വടക്കിനി മുറ്റത്തെ വിറകടുപ്പില്‍ അവര്‍ക്ക് കുളിക്കാനുള്ള വെള്ളം തിളപ്പിച്ച് ആറാന്‍ വെച്ചിരുന്നു . അവര്‍ ഉച്ചക്ക് ചോലയില്‍ നിന്ന് കുളിച്ചതാണ്, പിന്നെ എന്തിനാണ് കിടക്കും മുമ്പ് ചൂടുവെള്ളത്തില്‍ കുളിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല. വലിയ വീടുകളിലെ ആള്‍ക്കാരൊക്കെ രാത്രി ചൂടുവെള്ളത്തില്‍ കളിക്കാറുണ്ടാവുമെന്ന് കരുതി ഞാന്‍ ആശ്വസിച്ചു. 

അടുപ്പിലെ തീക്കനലിന്റെ വെളിച്ചത്തില്‍ വടക്കിനി മുറ്റം അടിച്ചുവാരുമ്പോള്‍ ഒരു കൂട്ടം കുറുക്കന്മാര്‍ എന്റെ തൊട്ടുമുകളിലെ പൊന്തക്കാടുകളില്‍ നിന്ന് ഓലിയിട്ടു. എന്റെ കൈ കാലുകള്‍ വിറച്ചു. ഭയത്തിന്റെ ആ വിറയല്‍ നിയന്ത്രിക്കാനാവാതെ രണ്ടുകൈകൊണ്ടും ചൂലുപിടിച്ച് ഒരു വിധത്തില്‍ ഞാനാ മുറ്റം അടിച്ചു വാരി. പിന്നെ എച്ചില്‍പാത്രങ്ങള്‍ കഴുകി, നിലം തുടച്ച് വൃത്തിയാക്കി. അവര്‍ എനിക്കായി വിളമ്പി വെച്ച ചോറ് ഞാന്‍ തിന്നു. ഇറച്ചി വരട്ടിയത് ഒരു പാത്രത്തില്‍ കണ്ട് ഞാന്‍ എല്ലാ ക്ഷീണവും മറന്നു. ആ ഇറച്ചി കണ്ടങ്ങളില്‍ ചോറിന്റെ വറ്റുകള്‍ പറ്റിപ്പിടിച്ചിരുന്നു. അവയില്‍ മസാല ഉണ്ടായിരുന്നില്ല.  അവരും മകനും വായിലിട്ട് ചവക്കാനാവാതെ തുപ്പി മാറ്റിവെച്ച ബലമുള്ള ഇറച്ചി കണ്ടങ്ങളായിരുന്നു അത്. വലിയ ഡെക്കറേഷന്‍ ഒന്നും ഇല്ലാതെ പറഞ്ഞാല്‍ എച്ചില്‍. പക്ഷേ അന്നത്തെ എനിക്ക് ആ എച്ചില്‍ തന്നെ മനം മയക്കുന്ന വിഭവമായിരുന്നു. ചവച്ചും വിഴുങ്ങിയും ഞാനാ ഇറച്ചി കണ്ടങ്ങള്‍ മുഴുവന്‍ തിന്നു തീര്‍ത്തു. അകത്തെ മുറിയില്‍ നിന്ന് അവരുടെ ശബ്ദം വന്നു.
‘ഇജ് തിന്ന പാത്രം കൂടി മോറിവെച്ചിട്ട് മാളിയമ്മക്ക് പൊയ്